രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ

പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.കെ.മുരളി എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയുടെ അന്തസ്സിനു നിരക്കാത്ത, ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കാട്ടിയാണ് പരാതി നല്‍കിയത്. പരാതി നല്‍കിയെന്നും തുടര്‍ നടപടികള്‍ സഭയാണ് തീരുമാനിക്കേണ്ടതെന്നും വാമനപുരം എംഎല്‍എയായ ഡി.കെ.മുരളി പറഞ്ഞു.
തുടര്‍ച്ചയായി കേസുകളില്‍ പ്രതിയാക്കപ്പെട്ടതിന്റെ പേരില്‍ രാഹുലിനെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച് നിയമസഭാ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണു ശുപാര്‍ശ ചെയ്യേണ്ടത്. നിയമസഭാംഗത്തെ അറസ്റ്റ് ചെയ്താല്‍ അക്കാര്യം സ്പീക്കറെ പൊലീസ് അറിയിക്കണമെന്നാണു ചട്ടം. ഈ റിപ്പോര്‍ട്ടിന്‍മേല്‍ അച്ചടക്കനടപടി ആവശ്യമാണോ എന്നു പരിശോധിക്കാന്‍ എത്തിക്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്താം. ഏതെങ്കിലും എംഎല്‍എ സമര്‍പ്പിക്കുന്ന പരാതിയിലും തുടര്‍നടപടിയാകാം.
സിപിഎം പ്രതിനിധി മുരളി പെരുനെല്ലി അധ്യക്ഷനായ കമ്മിറ്റിയില്‍ എം.വി.ഗോവിന്ദന്‍, ടി.പി.രാമകൃഷ്ണന്‍, കെ.കെ.ശൈലജ, എച്ച്.സലാം എന്നിവരാണു സിപിഎം അംഗങ്ങള്‍. സിപിഐയില്‍നിന്ന് പി.ബാലചന്ദ്രനും ജെഡിഎസ് അംഗമായി മാത്യു ടി.തോമസും. യുഡിഎഫിന് രണ്ടംഗങ്ങള്‍–റോജി എം.ജോണും (കോണ്‍ഗ്രസ്) യു.എ.ലത്തീഫും (മുസ്‌ലിം ലീഗ്). കമ്മിറ്റി രാഹുലിനെ നീക്കണമെന്ന നിലപാട് സ്വീകരിക്കുകയും തീരുമാനം നിയമസഭ അംഗീകരിക്കുകയും ചെയ്താല്‍ സംസ്ഥാന നിയമസഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎല്‍എയാകും രാഹുല്‍ മാങ്കൂട്ടത്തില്‍.
കമ്മിറ്റി പരാതിക്കാരില്‍നിന്ന് തെളിവെടുപ്പ് നടത്തി ശുപാര്‍ശയടക്കം നല്‍കുന്ന റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും. തുടര്‍ന്ന് റിപ്പോര്‍ട്ടിലെ നിര്‍ദേശം പ്രമേയമായി മുഖ്യമന്ത്രി സഭയില്‍ കൊണ്ടുവരണം. പ്രമേയത്തില്‍ താക്കീതോ സസ്‌പെന്‍ഷനോ പുറത്താക്കലോ ശുപാര്‍ശയായി വരാം. ഇതു നിയമസഭ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും. എംഎല്‍എ സ്ഥാനത്തിനുനിന്നു പുറത്താക്കിയാലും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനു തടസ്സമില്ല. ഈ മാസം 20നാണ് നിയമസഭാ സമ്മേളനം തുടങ്ങുക.
https://www.facebook.com/Malayalivartha


























