മകരവിളക്ക് തീർത്ഥാടനത്തിന് സമാപനമാകുന്നു... ശബരിമല മകരവിളക്ക് ഉത്സവകാലത്ത് തീർത്ഥാടകർക്കുള്ള ദർശനം നാളെ രാത്രി 10ന് അവസാനിക്കും...

മകരവിളക്ക് ഉത്സവകാലത്ത് തീർത്ഥാടകർക്കുള്ള ദർശനം നാളെ രാത്രി 10ന് അവസാനിക്കും. നാളെ വൈകിട്ട് 6ന് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. രാത്രി ശരംകുത്തിയിലേക്ക് എഴുന്നെള്ളത്തും നായാട്ടുവിളിയും നടക്കും. അത്താഴപൂജയ്ക്ക് ശേഷം ഗുരുതിയോടെ ഈ വർഷത്തെ മകരവിളക്ക് തീർത്ഥാടനം സമാപിക്കുന്നതാണ്.
നെയ്യഭിഷേകം ഇന്ന് രാവിലെ 10.30ന് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി പുണർതംനാൾ പി.എൻ.നാരായണ വർമ്മയുടെ സാന്നിദ്ധ്യത്തിൽ കളഭാഭിഷേകം.20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം.രാവിലെ 5.30ന് ഗണപതി ഹോമം. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6.30ന് ഭഗവാനെ ഭസ്മ വിഭൂഷിതനാക്കി യോഗദണ്ഡും രുദ്രക്ഷമാലയുമണിയിച്ച് യോഗസമാധിയിലാക്കും.
നട അടച്ചശേഷം മേൽശാന്തി രാജപ്രതിനിധിക്ക് ശ്രീകോവിലിന്റെ താക്കോലും പണക്കിഴിയും നൽകും. പതിനെട്ടാംപടി ഇറങ്ങിയ മേൽശാന്തിയുടെ സാന്നിദ്ധ്യത്തിൽ ഇവരണ്ടും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് തിരികെ നൽകിയശേഷം അടുത്ത ഒരു വർഷത്തെ തുടർന്നുള്ള ക്ഷേത്രകാര്യങ്ങൾ നോക്കിനടത്താനായി നിർദ്ദേശിക്കും. തുടർന്ന് അദ്ദേഹം മലയിറങ്ങി തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം പന്തളത്തേക്ക് മടങ്ങുകയും ചെയ്യും.
"
https://www.facebook.com/Malayalivartha





















