സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...

രാഹുലിനെതിരായ പരാതി ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന വിധിപ്പകര്‍പ്പ് പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് ആണ് ഇപ്പോൾ പുറത്ത് വന്നത്. പ്രതിയുടെ മുന്‍കാല പശ്ചാത്തലം പരിഗണിക്കുന്നുവെന്നും കോടതി വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി വിധിപ്പകര്‍പ്പില്‍ പറയുന്നു. ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഹോട്ടൽ മുറിയെടുക്കാൻ അതിജീവിതയെ രാഹുൽ നിർബന്ധിച്ചെന്നും കോടതി പരാമർശിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
രാഹുലിനെതിരെ നിരന്തരം പരാതികള്‍ ഉയരുകയാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ലൈംഗിക പീഡന പരാതിയില്‍ മറ്റ് രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട വാദപ്രതിവാദമാണ് കോടതിയില്‍ നടന്നത്.
എന്നാല്‍ കെട്ടിച്ചമച്ച കേസ് ആണെന്നും എല്ലാം പരസ്പര സമ്മതപ്രകാരമായിരുന്നു എന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാറിന്റെ വാദം. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങളും ഓഡിയോ സന്ദേശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജാമ്യം കിട്ടിയാല്‍ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
ബലാത്സംഗക്കേസില്‍ തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഈ സാഹചര്യത്തില്‍ പ്രതി സെഷന്‍സ് കോടതിയെ സമീപിച്ചേക്കും. മൂന്നാമത്തെ ബലാത്സംഗപരാതിയിലാണ് രാഹുലിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി രാഹുലിനെതിരായ പരാതിയില്‍ ഉയര്‍ത്തിയത്. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിച്ചത്.
ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അതിജീവിതയെ മാധ്യമ വിചാരണയ്ക്ക് വിധേയമാക്കിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. രാഹുലിന്റെ സുഹൃത്തുക്കൾ അതിജീവിതയുടെ വ്യക്തി വിവരങ്ങൾ പരസ്യമാക്കി. കേസ് പിൻവലിപ്പിക്കാനുള്ള ഉദ്ദേശമാണ് ഇതിന് പിന്നിൽ. സമാന ക്രിമിനൽ സ്വഭാവമുള്ള ആളാണ് പ്രതി. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുണ്ട്. അറസ്റ്റ് നിയമവിരുദ്ധമല്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. എല്ലാം പരസ്പരം സമ്മതത്തോടെ ആയിരുന്നു എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ വാദം. രാഹുലിൻ്റെ അഭിഭാഷകർ പത്തനംതിട്ട ജില്ലാ കോടതിയെ സമീപിക്കും. മജിസ്ട്രേറ്റ് കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ജില്ലാ കോടതിയിലെത്തി ജാമ്യാപേക്ഷ സമർപ്പിക്കും.
പരാതിക്കാരിയുടെ മൊഴിയിൽ ഒപ്പില്ലെന്ന വാദമടക്കം കോടതി തള്ളിക്കളഞ്ഞു. ഡിജിറ്റൽ ഒപ്പ് മതിയെന്നും നടപടി ക്രമങ്ങളിൽ വീഴ്ചയില്ലെന്നും കോടതി വ്യക്തമാക്കി. ബാഹ്യ സമ്മർദമുണ്ടായെന്ന പ്രതിയുടെ വാദം നിലനിൽക്കില്ല. മൊഴിയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ കോടതിക്ക് നേരിട്ട് പരാതിക്കാരി ഇ മെയിൽ അയച്ചിരുന്നുവെന്നും തിരുവല്ല മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ഗുരുതര സ്വഭാവം ഉള്ള കേസുകളിൽ ഓൺലൈൻ വഴി മൊഴിയും ഡിജിറ്റൽ ഒപ്പും മതിയാകുമെന്നും കോടതി ചൂണ്ടിക്കട്ടി. അറസ്റ്റ് നിയമപരമാണെന്നും തിരുവല്ല മജിസ്ട്രേറ്റ് കോടതി വിശദീകരിച്ചു. അറസ്റ്റ് നിയമപരമാണെന്നും കേസിൽ ബാഹ്യസമ്മർദമുണ്ടെന്ന പ്രതിയുടെ വാദങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കിയ കോടതി, അന്വേഷണ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha























