'നൽകിയത് 200 പവൻ, 25 ദിവസംമാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു'; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ച്.... ജീവനൊടുക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിൽ എല്ലാം വ്യക്തം

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ചാണെന്ന് സംശയം. ജീവനൊടുക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിലാണ് ഇരുവരും സയനൈഡ് കഴിച്ച് മരിക്കാൻ പോവുകയാണെന്ന് പരാമർശിച്ചിരുന്നത്. ഇവർ സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ റിട്ട: അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്. എൽ. സജിത(54), മകൾ ഗ്രീമ. എസ്. രാജ്(30) എന്നിവരെയാണ് ബുധനാഴ്ച വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തങ്ങളുടെ മരണത്തിന് ഉത്തരവാദി ഗ്രീമയുടെ ഭർത്താവാണെന്നാണ് ഇരുവരും എഴുതിയ കുറിപ്പിലുള്ളത്. ഗ്രീമയെ ഭർത്താവ് ഉപേക്ഷിച്ചതിന്റെ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കുറിപ്പിലുണ്ട്.
വീട്ടിലെ താഴത്തെനിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടത്. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം കിടക്കുന്നനിലയിലായിരുന്നു. വിഷം കഴിച്ചശേഷം ഇവർ ഉപേക്ഷിച്ചതെന്ന് കരുതുന്ന ഗ്ലാസുകളും ആത്മഹത്യാക്കുറിപ്പും സമീപത്തുനിന്ന് കണ്ടെത്തി.
'
അമ്മയും മകളും ജീവനൊടുക്കിയ വിവരമറിഞ്ഞ് വീടിന് മുന്നിൽ തടിച്ചുകൂടിയവർ
ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സജിതയും മകളും വാട്‌സാപ്പിലൂടെ ബന്ധുക്കൾക്ക് ആത്മഹത്യാക്കുറിപ്പ് അയച്ചത്. മകളുടെ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളും മകൾക്ക് ഇനി ഭർത്താവുമൊത്ത് ജീവിക്കാനാകില്ലെന്ന സങ്കടവും കുറിപ്പിൽ പങ്കുവെച്ചിരുന്നു. തങ്ങൾ രണ്ടുപേരും സയനൈഡ് കഴിച്ച് മരിക്കാൻ പോവുകയാണെന്നും കുറിപ്പിലുണ്ടായിരുന്നു.
'ഞാനും മകളും ആത്മഹത്യചെയ്യാൻ കാരണം എന്റെ മകളുടെ ഭർത്താവായ ബി.എം. ഉണ്ണികൃഷ്ണനാണ്. കേവലം 25 ദിവസം കൂടെ താമസിച്ച് ഉപേക്ഷിച്ചു. അപമാനഭാരം താങ്ങാനാവുന്നില്ല', എന്നാണ് സജിത ബന്ധുക്കൾക്ക് അയച്ച കുറിപ്പിലുണ്ടായിരുന്നത്.
വാട്‌സാപ്പ് വഴി കുറിപ്പ് ലഭിച്ച ബന്ധുക്കൾ ശാന്തിഗാർഡൻസ് റെസിഡൻസ് ഭാരവാഹികളെയും കൗൺസിലർ ഗിരിയെയും വിവരമറിയിച്ചു. ഇവർ വീട്ടിലെത്തിയെങ്കിലും വാതിൽ തുറക്കാനായില്ല. തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. പൂന്തുറ പോലീസിലും വിവരം നൽകി. ശംഖുംമുഖം അസി. കമ്മീഷണർ ആർ. റാഫി, പൂന്തുറ എസ്.എച്ച്.ഒ. എസ്. സജീവ്, എസ്. ഐ. വി. സുനിൽകുമാർ എന്നിവരുടെ നേത്യത്വത്തിലുളള പോലീസ് സംഘമെത്തി വീടിന്റെ വാതിൽ തളളിതുറന്ന് അകത്ത് കയറി നടത്തിയ പരിശോധനയിലാണ് സോഫയിൽ മരിച്ചുകിടക്കുന്ന അമ്മയെയും മകളെയും കണ്ടെത്തിയത്.
ഗ്രീമയുടെ വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി. അമ്പലത്തറ പഴഞ്ചിറയ്ക്ക് സമീപം താമസിക്കുന്ന ഉണ്ണിക്കൃഷ്ണനാണ് ഭർത്താവ്. ഇയാൾ അയർലൻഡിൽ കോളേജ് അധ്യാപകനായി ജോലിചെയ്യുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
വിവാഹത്തിനുശേഷം കേവലം ഒരുമാസം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുളളു. 200-ലധികം പവൻ സ്വർണവും വീടും സ്ഥലവും അടക്കമുളള സ്വത്തുക്കളും നൽകിയാണ് വിവാഹം നടത്തിയിരുന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഉണ്ണികൃഷ്ണനെ ഭാര്യയായ ഗ്രീമ കണ്ടിരുന്നു. ഇവിടെവച്ച് ഉണ്ണികൃഷ്ണൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. വിവാഹബന്ധം തുടരാൻ താൽപ്പര്യമില്ലെന്നുന്നുളള സൂചനയും ഉണ്ണിക്കൃഷ്ണൻ നൽകിയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. ഇക്കാര്യം ഗ്രീമയും അമ്മയായ സജിതയും ബന്ധുക്കളോട് പറഞ്ഞിരുന്നു.
കളക്ടറേറ്റിൽ നിന്നെത്തിയ എൽ.ആൻഡ് ഒ. അഡീഷണൽ തഹസിൽദാർ വി.എസ്. ലാലിമോളുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഫൊറൻസിക്, വിരലടയാള വിദഗ്ധർ എന്നിവരും എത്തിയിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൂന്തുറ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























