ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ അധ്യാപകന്‍ ഡോ. എം.കെ. റാം സ്ഥിരമായി അധിക്ഷേപിച്ചിരുന്നതായി വിദ്യാര്‍ഥികള്‍. നിറത്തിന്റേയും ശരീര പ്രകൃതിയുടേയും ജാതിയുടേയും പേരില്‍ അധിക്ഷേപിക്കാറുണ്ട്. പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തന്റെ സുഹൃത്തുക്കളായിരിക്കും പരീക്ഷാ ചുമതലയുള്ളവരായി വരുന്നതെന്നും പരീക്ഷയ്ക്ക് തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും റാം ഭീഷണിപ്പെടുത്താറുണ്ട്. മുന്‍പും ഇയാള്‍ക്കെതിരെ പരാതി നല്‍കിയെന്നും സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നുവെന്നും അവസാന വര്‍ഷ വിദ്യാര്‍ഥി നയന നിഷികാന്ത് പറഞ്ഞു.
രക്ഷിതാക്കളോട് വിദ്യാര്‍ഥികളെക്കുറിച്ച് മോശമായി സംസാരിക്കും. ഉത്തരക്കടലാസ് വലിച്ചെറിയും. വൈവ പൂര്‍ത്തിയാക്കില്ല എന്നു ഭീഷണിപ്പെടുത്തും. പല കുട്ടികളേയും പരീക്ഷ എഴുതിക്കാത്ത സാഹചര്യമുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ റാമിനെതിരെ പരാതി നല്‍കിയപ്പോള്‍ ആണ്‍കുട്ടികളെ വിട്ട് അടിപ്പിച്ചു. റാമിനെതിരെ വിദ്യാര്‍ഥികള്‍ കോളജ് ഡീനിന് ഒരു വര്‍ഷം മുന്‍പ് പരാതി നല്‍കിയിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും പരാതി നല്‍കി. അതിനെത്തുടര്‍ന്ന് രണ്ട് മാസം സസ്‌പെന്‍ഡ് ചെയ്തു.
ഡോ. കെ.ടി. സംഗീതയെക്കുറിച്ച് മോശം അഭിപ്രായമില്ല. അവര്‍ ജൂനിയര്‍ അധ്യാപികയാണ്. റാഗിങ് നടക്കുന്നതായി അറിയില്ല. വലിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നയന പറഞ്ഞു. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയാണ്. ബാക്കി വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍.എല്‍. നിതിന്‍ രാജിന്റെ ആത്മഹത്യ ജാതി അധിക്ഷേപത്തെത്തുടര്‍ന്നാണെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha



























