മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്

സ്വര്‍ണക്കള്ളന്‍ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത പത്തൊന്‍പതുകാരനെതിരെ കേസ്. കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി ടി.എ. അനുനന്ദിനെതിരെയാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തത്. ടി. സുധീര്‍ നല്‍കിയ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രിയദര്‍ശിനി ഓലയിക്കര എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്വര്‍ണക്കള്ളന്‍ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയും പരാതിക്കാരനും സിപിഎം പ്രവര്‍ത്തകര്‍ക്കും മാനസിക വിഷമം ഉണ്ടാക്കുകയും പ്രകോപനപരമായി പോസ്റ്റ് ഇടുക വഴി സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചു എന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
അതേസമയം, പ്രകോപനപരമായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലും കേസെടുത്തു. റെഡ് ആര്‍മി ഓലയിക്കര എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ 'റേഷനരി കട്ട കള്ളനും വയനാട് ഫണ്ട് മുക്കിയവര്‍ക്കും ഇവിടെ വോട്ടില്ല; ശവം തൂക്കികളെ' എന്ന അടിക്കുറിപ്പോടു കൂടിയ ഫ്‌ലക്‌സ് ബോര്‍ഡ് ഒരു കുട്ടി കയ്യില്‍ പിടിച്ച് ധര്‍മടം യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. അബ്ദുല്‍ റഷീദിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നില്‍ക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പത്തൊന്‍പതുകാരനായ പാച്ചപ്പൊയ്ക സ്വദേശി എ.ടി. യദുനന്ദിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























