കോടാലിയിൽ വീണ്ടും വെള്ളിക്കെട്ടൻ ഭീതി; ഉറവിടം കണ്ടെത്താനാകാതെ വനംവകുപ്പ്, വ്യാപക പരിശോധനയ്ക്ക് ആവശ്യം...

തൃശൂർ കോടാലിയിൽ വെള്ളിക്കെട്ടൻ പാമ്പുകളുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. പാമ്പുകടിയേറ്റ് ആൽജോ എന്ന എട്ടു വയസ്സുകാരൻ മരിച്ചതിന് പിന്നാലെ പ്രദേശത്തെ വീടുകളിൽ നിന്ന് വീണ്ടും പാമ്പുകളെ കണ്ടെത്തുകയാണ്. വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും വ്യാപക പരിശോധന നടത്തണമെന്നുമാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം. ആൽജോയുടെ മരണത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് മാത്രം അഞ്ച് പാമ്പുകളെയാണ് കണ്ടെത്തിയിരുന്നത്. അന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും മറ്റ് പാമ്പുകളെ കണ്ടെത്താനായിരുന്നില്ല.
വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകൾ കൂട്ടത്തോടെ മുട്ടവിരിഞ്ഞ് ഇറങ്ങിയതാകാമെന്ന സംശയം വനംവകുപ്പ് ഉദ്യോഗസ്ഥർ ഉയർത്തിയിരുന്നെങ്കിലും ഇവയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കടമ്പോട് ഭാഗത്തെ മറ്റ് വീടുകളിലും പാമ്പുകൾ പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞദിവസം ഒരു വീട്ടിലെ ശുചിമുറിക്കരികിൽ പാമ്പിനെ കണ്ടെത്തിയത് വലിയ പരിഭ്രാന്തിയുണ്ടാക്കി. വീട്ടമ്മ തലനാരിഴയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. മരിച്ച ആൽജോയുടെ വീട്ടിൽ കണ്ട സമാന വലിപ്പത്തിലും പ്രായത്തിലുമുള്ള പാമ്പുകളെയാണ് ഇവിടങ്ങളിലും കാണുന്നത്.
https://www.facebook.com/Malayalivartha























