ചെന്നിത്തല കളി തുടങ്ങി... പ്രതീക്ഷിക്കാതെ വി ഡി എസ് കെ എം ഷാജിയും എ.ഡി. തോമസും ചെന്നിത്തലക്ക് പിന്നാലെ

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൈകളിലെക്കോ മുസ്ലീം ലീഗും കോൺഗ്രസിലെ യുവനിരയും ?
കേരളത്തിൽ ജീവിക്കുന്ന ഏതൊരു സാധാരണക്കാരനും ഇത്തരം ഒരു സംശയം തോന്നാം.
രണ്ടു സംഭവങ്ങളാണ് ഇതിന് ആധാരം. ഇതിൽ ആദ്യത്തേത് മന്ത്രി കെ എം ഷാജിയെ വർഗീയ വാദിയെന്ന് വിളിച്ച പോലീസുകാരനെതിരെ അതിവേഗം നടപടിയെടുക്കാനുള്ള നീക്കമാണ്.
പോലീസുകാരനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. അതിന് ആഭ്യന്തരമന്ത്രി വേണം. ഷാജിയെ അധിക്ഷേപിച്ച പോലീസുകാരനെതീരെ അതിവേഗം നടപടിവന്നില്ലെങ്കിൽ ലീഗിന് നാണക്കേടാണ്. ആ പന്ത് ഇപ്പോഴുള്ളത്ചെന്നിത്തലയുടെ കോർട്ടിലാണ്. ചെന്നിത്തലയും ഷാജിയും തമ്മിൽ ആശയ വിനിമയം നടത്തിക്കഴിഞ്ഞു നടപടി വരുന്നതോടെ ചെന്നിത്തല ലീഗിന്റെ പുന്നാരമോനാവും.
രക്ഷാപ്രവർത്തനം നടത്തിയ പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെയുള്ള നടപടിയും അതിവേഗത്തിലാക്കാൻ ചെന്നിത്തല തന്നെയാണ് കരുക്കൾ നീക്കുന്നത്. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ ടി പി, ചന്ദ്രശേഖരൻ കൊലക്കേസിൽ നടുറോഡിലിട്ട് അറസ്റ്റ് ചെയ്ത ഷൗക്കത്തലി ഐ പി എസിനെ അന്വേഷണ ചുമതല ഏൽപ്പിച്ചതും ചെന്നിത്തലയുടെ ബുദ്ധിയാണ്. ഗൺമാൻമാരുടെ ജോലി കളയുമെന്ന് ആണയിട്ട് അധികാരത്തിൽ കയറിയ മുഖ്യമന്ത്രിയാണ് സതീശൻ. ഇപ്പോൾ പ്രത്യേകാന്വേഷണത്തിന് ഉത്തരവിട്ട്സമാധാനം കണ്ടെത്തിയത് ആഭ്യന്തരമന്ത്രിയാണ്.
നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ആദ്യത്തെ മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'15-12-2023ന് നവകേരള പരിപാടിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി ആലപ്പുഴ എത്തിയപ്പോൾ, റോഡരികിൽ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ വളഞ്ഞിട്ട് ആക്രമിച്ച സംഭവം കേരളത്തെ നടുക്കിയ ഒന്നാണ്. സംഭവത്തിൽ പുനരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി 2024 നവംബർ എട്ടിന് ഉത്തരവിട്ടു. എന്നാൽ അന്വേഷണം നടന്നിട്ടില്ല. അതിനാൽ ഒരു സ്പെഷ്യൽ ടീം ഈ കേസ് അന്വേഷിക്കും'- വി ഡി സതീശൻ വ്യക്തമാക്കി.നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽനിന്നു ജയിച്ച കെഎസ്‌യു നേതാവ് എ ഡി തോമസ് ഉൾപ്പെടെയുള്ളവർക്കാണ് അന്ന് മർദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ,സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവർ കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശ്രമം. ഇതിലാണ് വീണ്ടും പുനരന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്.കേസിലെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചതെന്ന് ആരോപണമുയർന്നിരുന്നു. തെളിവായ ദൃശ്യങ്ങൾ നൽകാൻ ശ്രമിച്ചപ്പോഴെല്ലാം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഒഴിഞ്ഞു മാറിയെന്നായിരുന്നു ആക്ഷേപം. മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗൺമാൻ, അകമ്പടി വാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരുടെ തല തല്ലിത്തകർത്തത് പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തൽ. കണ്ണൂരിലും ആലപ്പുഴയിലും വാഹനത്തിൽ നിന്നിറങ്ങി കെഎസ്‍യുക്കാരെ തല്ലാൻ മുന്നിൽ നിന്ന ഗൺമാൻ, ഇടുക്കിയിൽ പത്ര ഫോട്ടോഗ്രാഫറുടെ കഴുത്തിന് പിടിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവുകയെന്നതാണ് ഗൺമാന്റെ ചുമതല. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയിക്കഴിഞ്ഞ് എസ്കോർട്ട് വാഹനത്തിൽനിന്ന് റോഡിലിറങ്ങി പരാക്രമം കാണിക്കുന്നത് നിയമവിരുദ്ധമാണ്. പൊലീസുകാർ സാധാരണ ഉപയോഗിക്കുന്ന ലാത്തിയെക്കാൾ നീളമുള്ളതും കാറിലിരുന്നു തന്നെ വീശിയടിക്കാൻ കഴിയുന്നതുമായ ഒടിയാത്ത ദണ്ഡാണ് ഗൺമാൻ മർദ്ദനത്തിന് ഉപയോഗിച്ചത്. ഇതിൽ മുഖ്യമന്ത്രിക്കുള്ള സുരക്ഷാ വീഴ്ചക്കും ഗൺമാൻ കാരണമായി. അവിടെയാണ് ചെന്നിത്തല ഗോളടിച്ചത്.
മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം തുടങ്ങി. വാട്‌സാപ് സന്ദേശത്തില്‍ കെ.എം. ഷാജിയെ വര്‍ഗീയവാദി എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് അധിക്ഷേപ സന്ദേശം പങ്കുവെച്ചത്. പിണറായി വിജയന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ഷാജിക്ക് ആവില്ലെന്നാണ് സന്ദേശത്തിൽ പറയുന്നത്. കാസര്‍കോട് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് എന്ന ഗ്രൂപ്പിലാണ് സന്ദേശമയച്ചത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.
‘സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വിഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ.എം. ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ’.– എന്നാണ് വാട്സാപ് ഗ്രൂപ്പിൽ വന്ന സന്ദേശം. സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിെര നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഫയർ ബ്രാൻഡ്’ എന്നാണ് കെ എം ഷാജിയുടെ പേര് . ‘കെ എം ഷാജി ഒരു ഫയർ ബ്രാൻഡ് നേതാവ് എന്നാണ് എല്ലാവരും പറയുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഫയർ ബ്രാൻഡ് ആവാൻ എളുപ്പമാണ്, ഭരണപക്ഷത്തേക്ക് വരുമ്പോൾ ഒരു അഡ്മിനിസ്ട്രേറ്റർ ആവേണ്ടതുണ്ട്. ആ ഒരു മാറ്റത്തെ എങ്ങനെയാണ് കാണുന്നത്?’ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്കതിൽ യാതൊരു ഉത്തരവാദിത്വവും ഇല്ല. ഞാൻ ഇട്ട പേരിനോടല്ലേ എനിക്ക് റെസ്പോൺസിബിലിറ്റി ഉള്ളൂ. ഫയറാണോ ബ്രാൻഡാണോ എന്നതല്ല വിഷയം, എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം എത്രമേൽ നന്നാക്കിയിട്ട് ചെയ്യാൻ പറ്റും എന്നതാണ് എന്റെ പരിഗണന. അഗ്രസീവ് ആയ കെ എം ഷാജിയിൽ നിന്ന് കുറച്ചുകൂടി ഒന്ന് മയപ്പെട്ട കെ എം ഷാജിയായി മാറും എന്ന് പറയാൻ കഴിയില്ല. കാരണം ഈ അഗ്രസീവ്നെസ്സ് നമ്മൾ എടുത്തണിയുന്ന ഒരു വേഷമല്ല. അത് നമ്മുടെ ബ്ലഡിൽ തന്നെ ഉള്ള ഒരു സാധനമാണ്. അത് ഇനിയുള്ള ദിവസങ്ങളിൽ നിങ്ങൾ കണ്ടറിയേണ്ട കാര്യമാണ്. ഞാൻ വെള്ളത്തിൽ വീണ പൂച്ചയാവുമെന്നൊന്നും നിങ്ങൾ വിചാരിക്കേണ്ട. ഉത്തരവാദിത്വങ്ങൾ വരുമ്പോൾ നമ്മൾ ഏതു തരത്തിൽ പെരുമാറും എന്നത് അപ്പോൾ മാത്രം പറയാൻ പറ്റുന്ന ഒരു കാര്യമാണ്.
ഞാൻ യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആകുമ്പോഴോ ഒരു പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് ആകുമ്പോഴോ ഉള്ള രീതികൾ ആയിരിക്കില്ല, കഴിഞ്ഞ കാലങ്ങളിൽ ചെയ്തിട്ടുണ്ടാവുക. വിമർശിക്കപ്പെടേണ്ട ഘട്ടങ്ങളിലൊക്കെ വിമർശിക്കപ്പെടും. എനിക്ക് പറ്റാത്ത സമയത്ത് വളരെ ഉത്തരവാദിത്വപൂർവ്വം എന്നെ മാറ്റാൻ പിറകിൽ ഒരു പാർട്ടിയും ജനങ്ങളും ഉണ്ട് എന്നുള്ള ബോധ്യം ഉണ്ടാവുക എന്നതാണ് എന്റെ ബാധ്യത. എനിക്ക് തന്നെ എന്നെ കറക്ട് ചെയ്യാനും എനിക്ക് തന്നെ വിമർശിക്കാനും കഴിഞ്ഞാൽ പുറത്തുനിന്നുള്ള വിമർശനത്തെ പരമാവധി കുറക്കാൻ കഴിയും’ -ഷാജി പറഞ്ഞു.
ജനങ്ങൾ ഏൽപ്പിച്ച 102 അംഗങ്ങളുടെ പിൻബലം എന്നത് വലിയ ഉത്തരവാദിത്വമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഇതിന്റെ സന്തോഷത്തിൽ നടക്കാനല്ല, മറിച്ച് പാർട്ടിയും ജനങ്ങളും ഏൽപ്പിച്ച ഉത്തരവാദിത്വത്തെ എത്രമേൽ നന്നായിട്ട് നിർവഹിക്കാൻ കഴിയും എന്നുള്ള ആലോചനകളിലായിരിക്കും ഞങ്ങൾ ഉണ്ടാവുക. വകുപ്പുകളെ സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. പക്ഷേ പാർട്ടിയാണ് അത് പ്രഖ്യാപിക്കേണ്ടത്. പാർട്ടി പറയുന്നത് വരെ അക്കാര്യം പറയാൻ ഞങ്ങൾക്ക് കഴിയില്ല.
രാഷ്ട്രീയം എന്നത് നൈരന്തര്യമാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിന്റെ തിരുത്തലുകളുടെയോ തുടരലുകളുടെയോ പേരാണ് സർക്കാർ. ഇടതുപക്ഷ ഗവൺമെന്റ് കൊണ്ടുവന്ന കാര്യങ്ങളൊക്കെ മോശം എന്ന് പറയേണ്ട കാര്യമില്ല. നല്ല കാര്യങ്ങൾ ഉണ്ടാവാം, മോശപ്പെട്ട കാര്യങ്ങൾ ഉണ്ടാവാം. അവ തിരുത്തിയും തുടർന്നുമാണ് ഭരണം മുന്നോട്ട് കൊണ്ടുപോവുക.
പ്രതിപക്ഷത്ത് നിന്ന് സംസാരിക്കുന്നത് പോലെയല്ല, ഭരണപക്ഷത്തിരുന്ന് ചെയ്യുക എന്നത്. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എവിടെയാണ് പ്രശ്നം ഉള്ളത് എന്ന് ജനങ്ങളോട് വിളിച്ചു പറയുന്നവരാകണം പ്രതിപക്ഷം. ഇതാ ഇവിടെ കള്ളനുണ്ട്, ഇതാ അവിടെ കുഴപ്പക്കാരനുണ്ട്, ഇത് അവിടെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പറയുന്നതിനേക്കാൾ ഭാരിച്ച പണിയാണ് കാര്യങ്ങൾ ചെയ്യുക എന്ന് പറയുന്നത്. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ പ്രതിപക്ഷത്ത് ആളുകൾ ഉണ്ട്. അവർ എണ്ണത്തിൽ കുറവായാലും ശരി. ഇനി ഒരാളും ഇല്ലെങ്കിൽ പോലും ജനങ്ങളുണ്ട് പ്രതിപക്ഷത്ത്. ഏറ്റവും സത്യസന്ധമായും നേരാംവണ്ണവും സൂക്ഷ്മതയോടും കൂടി കാര്യങ്ങൾ ചെയ്യണം. പ്രതിപക്ഷത്തിരിക്കുമ്പോൾ ഞാൻ വലിയ വിമർശകനായിരുന്നു. എനിക്ക് നേരെ അത്തരം വിമർശനങ്ങൾ വരാതിരിക്കാനുള്ള സൂക്ഷ്മതയാണ് ഞാൻ പുലർത്തേണ്ടത്. അതായിരിക്കും എന്റെ മുൻഗണന -ഷാജി പറഞ്ഞു.
കേരളത്തിന്റെ പുതിയ മന്ത്രിയായി മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് പ്രവർത്തകരുടെയും നേതാക്കളുടെയും ആർപ്പുവിളികൾക്കും നിറഞ്ഞ കയ്യടികൾക്കും മധ്യേയാണ്. ലീഗിന്റെ മുൻനിര നേതാവും മികച്ച വാഗ്മിയുമായ കെ.എം. ഷാജി മന്ത്രിയായി വേദിയിലേക്ക് എത്തിയപ്പോൾ മുതൽ വലിയ ആവേശമാണ് ഹാളിൽ ദൃശ്യമായത്.
സത്യപ്രതിജ്ഞ പൂർത്തിയാക്കി അദ്ദേഹം ഒപ്പുവെച്ച നിമിഷം ഹർഷാരവങ്ങളോടെയാണ് സദസ്സ് വരവേറ്റത്. യു.ഡി.എഫ് മുന്നണിയുടെയും മുസ്‍ലിം ലീഗിന്റെയും ദേശീയ-സംസ്ഥാന നേതാക്കളും ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞാൽ ലീഗിലെ ക്രൗഡ് പുള്ളറാണ് ഇദ്ദേഹം.
അണികളുടെ തീപ്പൊരി നേതാവ്. വാഗ്മിയും എഴുത്തുകാരനും. യുവാക്കളെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്നയാൾ. എം.എൽ.എയാകുന്നത് ഇത് മൂന്നാം തവണ. ഒടുവിൽ അർഹതക്കുള്ള അംഗീകാരമായി മന്ത്രിസ്ഥാനവും.
കണിയാമ്പറ്റ ഗവ. ഹൈസ്കൂളിൽനിന്ന് എം.എസ്.എഫിലൂടെയാണ് വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായത്. തുടർന്ന് യൂത്ത് ലീഗിന്റെയും പിന്നീട് മുസ്‍ലിം ലീഗിന്റെയും സംസ്ഥാന നേതൃത്വത്തിലെത്തി.
കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനായും സ്വന്തം നാടായ വയനാട് കണിയാമ്പറ്റയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പദവികൾ വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ്, കൽപറ്റ മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റ്, വയനാട് ജില്ല എം.എസ്.എഫ് പ്രസിഡന്റ്, എം.എസ്.എഫ് സംസ്ഥാന ട്രഷറർ, യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന യൂത്ത് ലീഗ് ട്രഷറർ, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.നിലവിൽ, ലീഗ് സംസ്ഥാന സെക്രട്ടറിയാണ്.
എം.എസ്.എഫ് ജില്ല സെക്രട്ടറിയായിരിക്കെ കണിയാമ്പറ്റ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചു. പിന്നീട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. നിയമസഭയിലേക്ക് ആദ്യം കൊല്ലം ഇരവിപുരത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചു. 2016ൽ അഴീക്കോട് മണ്ഡലത്തിൽതന്നെ വീണ്ടും ജനവിധി തേടുകയും വിജയിക്കുകയും ചെയ്തു.
2016ലെ തെരഞ്ഞെടുപ്പിൽ വര്‍ഗീയമായ തരത്തില്‍ പ്രചാരണം നടത്തിയെന്ന പരാതിയെതുടർന്ന് ഹൈകോടതി ഷാജിയുടെ ജയം അസാധുവാക്കിയെങ്കിലും സുപ്രീംകോടതി ഈ വിധി സ്‌റ്റേ ചെയ്തു. 2021ൽ അഴീക്കോട് മണ്ഡലത്തിൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ചെന്നിത്തല തന്ത്രപൂർവം കളിക്കുന്നയാളായതു കൊണ്ടാണ് കെ എം ഷാജിയെയും കോൺഗ്രസിലെ യുവനിരയെയും സഹായിക്കാൻ ചെന്നിത്തല രംഗത്തെത്തിയത്. ഇത്രയും കാലം ലീഗിൽ നിന്നും അകന്നുനിന്നയാളാണ് ചെന്നിത്തല. തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും വെട്ടിയത് ലീഗാണെന്ന് ചെന്നിത്തലക്ക് നന്നായറിയാം.രക്ഷാ പ്രവർത്തനത്തിൽ മർദ്ദനമേറ്റർ കെ സി വേണുഗോപാലിന്റെ വിശ്വസ്തരാണെന്നും ചെന്നിത്തലക്കറിയാം. എന്നിട്ടും ചെന്നിത്തല ഇവർക്ക് വേണ്ടി രംഗത്തിറങ്ങി. അതാണ് അദ്ദേഹത്തിന്റെ കൂർമ്മ ബുദ്ധി. തന്നെ വെട്ടിയവരെ കൊണ്ട് താൻ നല്ലതാണെന്ന് അവർക്ക് പറയിക്കണം. അതാണ് ചെന്നിത്തലയുടെ തന്ത്രം.
https://www.facebook.com/Malayalivartha






















