കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് തുറന്നുപറച്ചിലും ആണെന്ന് ബി.ജെ.പി

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയത്തിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ യു.ഡി.എഫ് മന്ത്രിമാരായ രമേശ് ചെന്നിത്തലയെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും ബാധിക്കുമെന്നും, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്നാൽ പിണറായി വിജയന്റെ നിരപരാധിത്വം തെളിയുമെന്നും സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് തുറന്നുപറച്ചിലും ആണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് .
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ യു.ഡി.എഫ് മന്ത്രിമാർ കുടുങ്ങുമെന്നും, രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിണറായി വിജയൻ രക്ഷപ്പെടുമെന്നും പറയുന്നതിലൂടെ എന്ത് തരത്തിലുള്ള രാഷ്ട്രീയ ധാരണയാണ് നിലനിൽക്കുന്നതെന്ന് എ.കെ. ബാലൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കുന്നതിനായി യു.ഡി.എഫ് സർക്കാരിനുമേൽ സി.പി.എം സമ്മർദ്ദം ശക്തമാക്കുകയാണ് .
ബി.ജെ.പി നേരത്തെ ചൂണ്ടിക്കാട്ടിയ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെയും ‘മാച്ച് ഫിക്സിങ്’ രാഷ്ട്രീയത്തിന്റെയും വ്യക്തമായ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട സംസ്ഥാന ഏജൻസികൾ നടപടി സ്വീകരിക്കാതെ മാറിനിൽക്കുന്നതിന് പിന്നിലെ രാഷ്ട്രീയ സാഹചര്യം എ.കെ. ബാലന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























