പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ

ശബരിമല തീർത്ഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിനായി 13.88 കോടി രൂപയുടെ പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകിയതായി ഗതാഗത മന്ത്രി സി.പി ജോൺ . തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക എന്നതാണ് അടിയന്തരമായി നടപ്പിലാക്കുന്ന ഈ പദ്ധതികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് പദ്ധതികൾ യാഥാർഥ്യമാക്കുന്നത്. പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ സമർപ്പിച്ച 60 റോഡ് സുരക്ഷാ പ്രവൃത്തികൾക്കായി 13.19 കോടി രൂപയ്ക്കും പത്തനംതിട്ട ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ സമർപ്പിച്ച പ്രത്യേക പദ്ധതികൾക്കായി 69.79 ലക്ഷം രൂപയ്ക്കുമാണ് റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും ഭരണാനുമതി നൽകിയത്.
കൊടുംവളവുകളിലും കൊക്കകളിലുമുള്ള അപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഡബ്ല്യു ബീം മെറ്റൽ ക്രാഷ് ബാരിയറുകൾ പാതകളിൽ സ്ഥാപിക്കും. രാത്രികാല യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി പ്രിസ്മാറ്റിക് റോഡ് സ്റ്റഡുകൾ, തെർമോപ്ലാസ്റ്റിക് ലൈൻ മാർക്കിങ്ങുകൾ, ഇൻ്റൻസിറ്റി ടേപ്പുകൾ, ഒബ്ജക്റ്റ് ഹസാർഡ് മാർക്കറുകൾ, ഷെവ്റോൺ കർവ് ഇൻഡിക്കേറ്ററുകൾ എന്നിവയും സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























