ചേരാനല്ലൂര്‍ അപകടം അന്വേഷണത്തില്‍ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ചേരാനല്ലൂരില്‍ 17 കാരന്‍ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ചേരാനല്ലൂര്‍ സിഐ ശ്യാംകുമാര്‍ കെ എസ്, എസ് ഐ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ് കെ ടി, സിപിഒ അരുണ്‍ ജോഷി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന എഡിജിപി വിജയന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
അപകടമുണ്ടാക്കിയ 17കാരനായ പ്രതിക്ക് സ്‌റ്റേഷന്‍ ജാമ്യം അനുവദിച്ചു. അപകടം നടന്ന ദിവസം ദൃക്‌സാക്ഷികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിയുടെ ചിത്രം നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു എന്നിവയാണ് ഇവര്‍ക്കെതിരായ ആരോപണങ്ങള്‍.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്കെതിരെയും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയും മരിച്ച ജയബാലകൃഷ്ണന്റെ മക്കളും നാട്ടുകാരും ചേരാനല്ലൂര്‍ പൊലീസ് സ്‌റ്റേഷനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മതിക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഡിജിപി വിജയനും മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ നേരില്‍കണ്ട് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും എഡിജിപി വ്യക്തമാക്കിയിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയതിന് പിന്നാലെയാണ് ഉദേ്യാഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha

























