അച്ഛനെ വെട്ടിക്കൊന്ന കേസിൽ മകൻ കുറ്റക്കാരൻ; ശിക്ഷാവിധി തിങ്കളാഴ്ച... രണ്ടാം പ്രതിയായ അമ്മയെ കോടതി കുറ്റവിമുക്തയാക്കി

അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരനെന്ന് കോടതി. മേനംകുളം പാൽക്കര ദേവി ക്ഷേത്രത്തിന് സമീപം കളയിൽ പഴയ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ രാജ്കുമാറിനെ (56) കൊലപ്പെടുത്തിയ കേസിലാണ് മകൻ ഉണ്ണിക്കുട്ടൻ എന്ന രാജിനെ (30) തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.പി. അനിൽകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിലെ ശിക്ഷാവിധി തിങ്കളാഴ്ച പ്രസ്താവിക്കും. കേസിൽ രണ്ടാം പ്രതിയായിരുന്ന രാജിന്റെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി.
2019 ഏപ്രിൽ 16-ന് രാത്രി 11-നായിരുന്നു കേസിനാസ്പദമായ സംഭവം. രാജ്കുമാറിന്റെ കിടപ്പുമുറിയിലെ സീലിങ് ഫാൻ അനുവാദമില്ലാതെ ഇളക്കിമാറ്റിയതും മുറിയുടെ താക്കോൽ എടുത്തതും ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴക്കൂട്ടം-തുമ്പ റോഡിലെ ഇവരുടെ ഇരുനില വീടിന്റെ മുകളിലത്തെ തുറസ്സായ ടെറസിൽ വെച്ച് രാജ് കൈയിൽ കരുതിയിരുന്ന ആയുധം കൊണ്ട് അച്ഛനെ വെട്ടുകയായിരുന്നു. തലയ്ക്കും ഇടതുകൈത്തണ്ടയ്ക്കും ചെറുവിരലിനും ഇടതുകാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റ രാജ്കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ 18-ന് ഉച്ചയ്ക്ക് 1.23-ന് മരിച്ചു.
ടെറസിൽ നിന്ന് വീണാണ് രാജ്കുമാറിന് പരിക്കേറ്റതെന്നായിരുന്നു പ്രതികൾ ആശുപത്രിയിലും ബന്ധുക്കളോടും പറഞ്ഞിരുന്നത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണകാരണമെന്നും വ്യക്തമായി.
വീടിനുള്ളിലെ ടെറസിൽ വെച്ച് നടന്ന സംഭവത്തിന് ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നത് പ്രോസിക്യൂഷന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, ശക്തമായ സാഹചര്യത്തെളിവുകൾ നിരത്തി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായി. ടെറസിൽ നിന്ന് വീണാണ് പരിക്കേറ്റതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
കൊലപാതക വിവരം പോലീസിൽ അറിയിക്കാതെ മറച്ചുവെച്ചതിനും മകനെ സംരക്ഷിച്ചതിനുമാണ് അമ്മയെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നത്. എന്നാൽ, സംഭവശേഷം രാജ്കുമാർ മരിക്കുന്നത് വരെയും അന്വേഷണ ഘട്ടത്തിലും ഇവർ ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നതായി മകളുടെയും മറ്റ് സാക്ഷികളുടെയും മൊഴികളിൽ നിന്ന് വ്യക്തമായി. രാജ്കുമാർ മരിച്ചതിന്റെ പിറ്റേദിവസം തന്നെ ഒന്നാം പ്രതി അറസ്റ്റിലായതിനാൽ ഇയാളെ സംരക്ഷിക്കാൻ തക്ക സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് വിലയിരുത്തിയാണ് അമ്മയെ വെറുതെവിട്ടത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.
"
https://www.facebook.com/Malayalivartha
























