റേഡിയോകോളർ ഘടിപ്പിക്കുന്നതിനായി വനംവകുപ്പ് മൂന്നു ദിവസം നടത്തിയ പരിശ്രമങ്ങൾക്ക് ശേഷം ഇന്നലെയും ചക്കകൊമ്പൻ ചിന്നക്കനാലിൽ സജീവം

റേഡിയോകോളർ ഘടിപ്പിക്കുന്നതിനായി വനംവകുപ്പ് മൂന്നു ദിവസം നടത്തിയ പരിശ്രമങ്ങൾക്ക് ശേഷം ഇന്നലെയും ചക്കകൊമ്പൻ ചിന്നക്കനാലിൽ സജീവം. ആനയിറങ്കൽ ഡാമിന് സമീപം അതിന്റെ ആവാസ വ്യവസ്ഥയിൽ ആന ആരോഗ്യവാനായി തുടരുന്നതായി ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഡി.കെ.വിനോദ്കുമാർ അറിയിച്ചു.
വനപാലക സംഘം രാവിലെ മുതൽ ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും കൊമ്പന്റെ നീക്കങ്ങളും ആരോഗ്യസ്ഥിതിയും തുടർച്ചയായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടവേളയ്ക്കു ശേഷം ഡിസംബർ അവസാനം മുതൽ ജനുവരി ആദ്യം വരെയുള്ള സമയത്ത് രണ്ടാംദൗത്യം തുടരുന്നതാണ്.
ദൗത്യത്തിന്റെ ഭാഗമായി വയനാട്ടിൽ നിന്നെത്തിച്ച വിക്രം, ഭാരത് എന്നീ കുങ്കിയാനകളും 22 അംഗ പ്രത്യേക ദൗത്യസംഘവും ഇന്നലെ വൈകിട്ടോടെ മടങ്ങുകയും ചെയ്തു. ആനയിറങ്കൽ ഡാം, 301 ഏക്കർ, സിങ്കുകണ്ടം എന്നിവിടങ്ങളിലാണ് ആനയുടെ സഞ്ചാരം. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് തിരിച്ചയക്കുന്ന നടപടികൾ ആരംഭിച്ചത്. ദൗത്യം നടപ്പിലാക്കിയാലും ആനയെ നിരീക്ഷിക്കുന്ന നടപടികൾ തുടരാനാണ് വനം വകുപ്പിന്റെ തീരുമാനമുള്ളത്.
"
https://www.facebook.com/Malayalivartha
























