കള്ളന്മാര്‍ക്ക് പേടിസ്വപ്നം; ആരോരുമില്ലാത്തവന് രക്ഷകന്‍... പോലീസ് കള്ളക്കേസില്‍ കുടുക്കിയ തടവുകാര്‍ക്ക് ഋഷിരാജ് രക്ഷകനായി

കള്ളന്മാര്‍ക്ക് പേടിസ്വപ്നമായിരുന്നു എന്നും ഋഷിരാജ് സിംഗ്. അതേസമയം ആരോരുമില്ലാത്തവന് രക്ഷകനായെന്ന വാര്‍ത്തയാണ് പുറത്തു വന്നത്. പോലീസ് കള്ളക്കേസില്‍ കുടുക്കിയ എട്ടു നിരപരാധികള്‍ക്കാണ് ജയില്‍ മേധാവിയായിരുന്ന ഡി.ജി.പി. ഋഷിരാജ് സിങ് രക്ഷകനായത്.
എക്‌സൈസ് കമ്മിഷണറായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് ഋഷിരാജ് ജയില്‍വകുപ്പില്‍ നടപ്പാക്കിയതു മുന്‍ഗാമികളിലാരും കൈക്കൊള്ളാന്‍ ധൈര്യപ്പെടാതിരുന്ന തീരുമാനങ്ങളാണ്. വിചാരണത്തടവുകാരുടെ കേസുകള്‍ പുന:പരിശോധിച്ച്, പോലീസ് കള്ളക്കേസില്‍ കുടുക്കിയ തടവുകാരുടെ കുറ്റങ്ങള്‍ ഇളവുചെയ്തതാണ് അതില്‍ പ്രധാനം. കാസര്‍ഗോഡ് സ്വദേശിയായ കൊലക്കേസ് പ്രതിയടക്കം നിരവധി നിരപരാധികള്‍ ഇതോടെ കടുത്തശിക്ഷയില്‍നിന്നു മോചിതരായി.
പോലീസ് കള്ളക്കേസില്‍ കുടുക്കി നിരവധിപേരെ ജയിലിലടച്ചെന്നു ബോധ്യപ്പെട്ടതോടെയാണു ഋഷിരാജ് അവരുടെ കേസുകള്‍ പുന:പരിശോധിക്കാന്‍ തീരുമാനിച്ചത്. അതിനായി 52 ജയിലുകള്‍ സന്ദര്‍ശിച്ച് 8000 തടവുകാരെ അദ്ദേഹം നേരില്‍കണ്ടു.
ജയില്‍ മേധാവിയായിരുന്ന ആറുമാസത്തിനിടെയാണു ഋഷിരാജ് ഇത്രയും തടവുകാരെക്കണ്ട് അവരില്‍ നിരപരാധികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചത്. ഫയലുകള്‍ പരിശോധിച്ചശേഷം 4000 വിചാരണത്തടവുകാരുടെ കേസുകള്‍ അദ്ദേഹം പ്രത്യേകം പരിഗണിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു കണ്ടെത്തിയത്. ശരിയായ രീതിയില്‍ കേസ് അന്വേഷിക്കാതിരിക്കുകയും കൈക്കൂലിക്കും രാഷ്ട്രീയസ്വാധീനത്തിനും വഴങ്ങി യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്ത നിരവധി കേസുകള്‍ ശ്രദ്ധയില്‍പെട്ടതോടെ അവ പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ റേഞ്ച് ഐ.ജിമാരോടും ജില്ലാ പോലീസ് മേധാവിമാരോടും നിര്‍ദേശിച്ചു. തുടര്‍ന്ന് അന്വേഷണോദ്യോഗസ്ഥരുമായി ബന്ധപ്പെട്ടശേഷം പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനു ജുഡീഷ്യറിയുടെ സഹായവും തേടി.
കാസര്‍ഗോഡ് സ്വദേശിയായ ഒരു യുവാവിനെ കൊലപാതകക്കേസിലാണു പോലീസ് പ്രതിയാക്കിയത്. ജീവപര്യന്തം വരെ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന കേസ് പുനരന്വേഷിച്ചപ്പോള്‍ വെറും 15 ദിവസമേ ഇദ്ദേഹത്തിനു ജയിലില്‍ കിടക്കേണ്ടിവന്നുള്ളൂ. പിന്നീട് ഉത്തര്‍പ്രദേശ് സ്വദേശിയടക്കം എട്ടു തടവുകാരുടെ കുറ്റങ്ങളും അദ്ദേഹം പുന:പരിശോധിച്ചു.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നീതിബോധമാണ് ഇത്തരത്തിലൊരു നടപടിക്കു തന്നെ പ്രേരിപ്പിച്ചതെന്നു ഋഷിരാജ് പറഞ്ഞു. വിചാരണത്തടവുകാരുടെ കേസ് ഫയല്‍ വിശദമായി പരിശോധിച്ച്, നിരപരാധിയെന്നു ജയില്‍ സൂപ്രണ്ടിനു ബോധ്യപ്പെട്ടാല്‍ തന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും ഋഷിരാജ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇപ്രകാരം നൂറോളം തടവുകാരുടെ കേസുകള്‍ പുന:പരിശോധിക്കുന്നതിനിടെയാണ് അദ്ദേഹം എക്‌സൈസ് കമ്മിഷണറായി നിയോഗിക്കപ്പെട്ടത്.
ശിക്ഷ ഇളവുചെയ്യുമ്പോള്‍ അക്കാര്യം കേസ് ഡയറിയില്‍ രേഖപ്പെടുത്തണമെന്നും ഋഷിരാജ് അന്വേഷണോദ്യോഗസ്ഥരോടു നിര്‍ദേശിച്ചിരുന്നു. മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന 14 തടവുകാരുടെ കേസുകള്‍ പിന്‍വലിക്കാനും നടപടി സ്വീകരിച്ചുവരുകയായിരുന്നു. തടവുകാരായെത്തുന്ന അമ്മയ്ക്കും കുഞ്ഞിനും പ്രത്യേക സൗകര്യമേര്‍പ്പെടുത്താനും മുന്‍കൈയെടുത്തു.
മുന്‍ ജയില്‍മേധാവി അലക്‌സാണ്ടര്‍ ജേക്കബ് തുടങ്ങിവച്ച ജയില്‍ പരിഷ്‌കാരങ്ങള്‍ പിന്തുടര്‍ന്നായിരുന്നു ഋഷിരാജിന്റെ നീക്കങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























