തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ദേവാനന്ദ് നോമ്പ് തുറക്കാനുള്ള വിഭവങ്ങളും സമ്മാനങ്ങളുമായി മമ്മൂട്ടിയുടെ അരികില്‍

തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ ദേവാനന്ദ് ഇന്നലെ നോമ്പു തുറക്കാനുള്ള വിഭവങ്ങളുമായി മമ്മൂട്ടിയുടെ അരികിലെത്തി. ഇന്നലെത്തെ ദിവസം ദേവാനന്ദിന് മറക്കാനാവില്ല. മമ്മൂട്ടി എന്ന സ്വപ്‌നതാരത്തിന്റെ വാത്സല്യം അറിയാനുള്ള യോഗവും ഒപ്പം കൈനിറയെ സമ്മാനങ്ങളുമായിരുന്നു ദേവാനന്ദിനെ കാത്തിരുന്നത്. നായയുടെ ആക്രമണത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്നു സര്‍വചികിത്സയും വഹിച്ച തന്റെ ജീവിതത്തിലേയും സൂപ്പര്‍താരമായ മമ്മൂട്ടിയെ കാണാന്‍ ദേവാനന്ദ് എത്തിയത് ആദ്യമായി അംഗന്‍വാടിയില്‍ പോകുന്നതിന്റെ വിശേഷമറിയിക്കാനായിരുന്നു.
കോതമംഗലം തൃക്കാരുകുടിയില്‍ രവീന്ദ്രന്റെയും അമ്പിളിയുടെയും മകന്‍ ദേവനന്ദ് കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് ഉച്ചയ്ക്കു വീട്ടില്‍ കളിച്ചുകൊണ്ടുനില്‍ക്കേയാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നത്. നായയുടെ ആക്രമണത്തില്‍ ഇടതു കണ്ണിന്റെ മേല്‍പോളയും വലതു കണ്ണിന്റെ താഴത്തെ പോളയും കടിയേറ്റ് അടര്‍ന്നുതൂങ്ങി അറ്റുപോകുന്ന നിലയിലായി. ഇടതു കണ്ണില്‍ കണ്ണുനീര്‍ ഗ്രന്ഥിയിലേക്കുള്ള ഞെരമ്പുകള്‍ മുറിയുകയും കൈകാലുകള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നായ പിഞ്ചു കുഞ്ഞിനെ ആക്രമിച്ചതറിഞ്ഞ നടന്‍ മമ്മൂട്ടി ദേവാനന്ദിനെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചു. അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കി.
മുഖ്യമന്ത്രി നേരിട്ടെത്തി ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി അറിയിച്ചു. പത്തു ദിവസത്തെ ചികിത്സയ്ക്കുശേഷം ദേവാനന്ദിനു വിദഗ്ദചികിത്സ ആവശ്യമായിവന്നു. ഇതിനു വേണ്ടിവന്ന ഭീമമായ തുക കണ്ടെത്താന്‍ ഗത്യന്തരമില്ലാതെ നിന്നപ്പോള്‍ കുടുംബത്തെ സഹായിക്കാന്‍ മമ്മൂട്ടി വീണ്ടും എത്തുകയായിരുന്നുവെന്നു പിതാവ് രവീന്ദ്രന്‍ പറയുന്നു. കുട്ടിയുടെ ദയനീയ സ്ഥിതി അറിഞ്ഞ മമ്മൂട്ടി തന്റെ നിയന്ത്രണത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലൂടെ കുഞ്ഞിന്റെ തുടര്‍ചികിത്സ ഏറ്റെടുത്തു.
മാതാപിതാക്കള്‍ക്കും സഹോദരിയ്ക്കുമൊപ്പമാണ് ദേവാനന്ദ് ഇന്നലെ മമ്മൂട്ടിയെ കാണാന്‍ കോട്ടയത്ത് എത്തിയത്. സി.എം.എസ്. കോളജില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പനെന്ന സിനിമാ സെറ്റിലാണു മമ്മൂട്ടി. പ്രിയതാരത്തിനു നോമ്പ് തുറക്കാനുള്ള വിഭവങ്ങളുമായിട്ടായിരുന്നു ദേവാനന്ദിന്റെ വരവ്. കുട്ടിയുടെ വരവിനെ കുറിച്ച് അറിഞ്ഞ മമ്മൂട്ടിയാകട്ടെ അംഗന്‍വാടിയില്‍ പോകാന്‍ തയാറെടുക്കുന്ന ദേവാനന്ദിനായി സ്‌കൂള്‍ ബാഗും മറ്റു സമ്മാനങ്ങളും കരുതി വച്ചിരുന്നു. കുട്ടിയെ എടുത്തു വിശേഷങ്ങള്‍ തിരക്കി സമ്മാനങ്ങളും നല്‍കിയാണ് അദ്ദേഹം യാത്രയാക്കിയത്. ദേവാനന്ദിന് ആവശ്യമായിവരുന്ന തുടര്‍ചികിത്സയ്ക്ക് ഇനിയും സഹായിക്കുമെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ വ്യക്തമാക്കി. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ റോബര്‍ട്ട് കുര്യാക്കോസ്, ജോര്‍ജ് സെബാസ്റ്റിയന്‍ തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























