വ്യക്തിയുടെ പ്രശ്‌നത്തിനല്ല, നാടിന്റെ പ്രശ്‌നത്തിനാണ് മുന്‍തൂക്കം,45 മീറ്ററില്‍ റോഡ് വികസിപ്പിക്കുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാകും : മുഖ്യമന്ത്രി

ദേശീയ പാതകള്‍ 45 മീറ്ററായിത്തന്നെ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ദേശീയ പാതകള്‍ക്ക് 45 മീറ്റര്‍ വീതിയെന്നതു സര്‍വകക്ഷി തീരുമാനമാണ്. ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ ഇല്ല. കേരളത്തിലെ ജനസാന്ദ്രത കണക്കിലെടുത്താണ് ദേശീയ പാതയുടെ വീതി 45 മീറ്ററായി കുറച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡിന്റെ സൗകര്യം വര്‍ധിപ്പിക്കാതെ വികസന പദ്ധതികളില്‍ ഇനി കേരളത്തിനു മുന്നോട്ടു പോകാന്‍ കഴിയില്ല. നമ്മുടെ റോഡുകളില്‍ ഇപ്പോള്‍ ഒരുതരം ശ്വാസം മുട്ടലാണ്. 45 മീറ്ററില്‍ റോഡ് വികസിപ്പിക്കുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാകും. എതിര്‍പ്പുകളുടെ പേരില്‍ വികസന പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ തയാറല്ല.
എതിര്‍ക്കുന്നവരുടെ ആവശ്യങ്ങള്‍ കേള്‍ക്കും. വീതി കൂട്ടാന്‍ സ്ഥലം ഏറ്റെടുക്കുന്നവരുടെ പ്രശ്‌നമാണ് പ്രധാനമായും സര്‍ക്കാരിനു മുന്നിലുള്ളത്. റോഡിന്റെ വശങ്ങളില്‍ കച്ചവടം നടത്തുന്നവരുണ്ട്, റോഡരികിലെ സ്ഥലം കൊണ്ട് ഉപജീവനം കഴിയുന്നവരുമുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന പാക്കേജ് സര്‍ക്കാര്‍ തയാറാക്കും. പ്രശ്‌നങ്ങള്‍ ഉണ്ടെന്നു കരുതി ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ അതിവേഗ നടപടിയുണ്ടാകും. വികസന കാര്യത്തില്‍ പൊതുവായ താല്‍പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതില്‍ പുതിയ കാഴ്ചപ്പാടു വേണം. ഒരു വ്യക്തിയുടെ പ്രശ്‌നവും ഒരു നാടിന്റെ പ്രശ്‌നവും ഒന്നിച്ചു വന്നാല്‍ നാടിന്റെ പ്രശ്‌നത്തിനായിരിക്കും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുക. റോഡരികില്‍ തന്നെ എല്ലാ കെട്ടിടങ്ങളും വേണമെന്ന ചിന്തയാണ് നമുക്ക്. നാടിന്റെ വികസനത്തിനായി നഷ്ടം സഹിച്ചും സഹകരിക്കേണ്ടവരെല്ലാം സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം പറയുമ്പോള്‍ വ്യവസ്ഥകളെക്കുറിച്ചുള്ള ആശങ്ക കേരളത്തിലുണ്ട്. കേരളത്തില്‍ വ്യവസായം തുടങ്ങാനെത്തി മനം മടുത്തു തിരികെപ്പോയവരുണ്ട്. ഇവിടുത്തെ വ്യവസ്ഥകളുടെ നൂലാമാലകളാണ് ഈ അവസ്ഥയ്ക്കു കാരണം. സംരംഭകര്‍ പിന്തിരിഞ്ഞു പോകാന്‍ ഇടയാക്കാത്ത പുതിയ നയം സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഇതിനു പശ്ചാത്തല സൗകര്യ വികസനം കൂടിയേ തീരൂ. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റോഡുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ ദേശീയ പാതകള്‍ക്കു ദേശീയപാത നിലവാരം ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഒരേ റോഡിലൂടെയാണ് വാഹനങ്ങള്‍ ഇരുവശത്തേക്കും പോകുന്നത്. ഈ സ്ഥിതിക്കു മാറ്റമുണ്ടാകണം. നിത്യേന നമ്മുടെ റോഡിലുണ്ടാകുന്ന അപകടങ്ങള്‍ വേദനാജനകമാണ്. വികസനത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കും റോഡുകളുടെ വീതി കൂടേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയും നല്‍കിയ വ്യത്യസ്ത സ്വീകരണ യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
എതിര്‍പ്പുകളുടെ പേരില്‍ എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്ക് ഇപ്പോള്‍ വാഹനങ്ങളിലാണ് പ്രകൃതി വാതകം കൊണ്ടു പോകുന്നത്. ശരിക്കും ഈ വാഹനങ്ങള്‍ സഞ്ചരിക്കുന്ന തീ ഗോളമല്ലേ ? ഇത്തരം വാഹനങ്ങള്‍ ഉണ്ടാക്കുന്നത്ര സുരക്ഷാ ഭീഷണിയൊന്നും പൈപ്പ് ലൈന്‍ ഉണ്ടാക്കുന്നില്ല. ഏറ്റവും സുരക്ഷിതമായാണ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത്.
പൈപ്പ് ലൈന്‍ അപകട രഹിതമാക്കാനുള്ള മുന്‍കരുതല്‍ നമുക്കു സ്വീകരിക്കാം. അല്ലാതെ പദ്ധതി അപ്പാടെ ഉപേക്ഷിക്കാന്‍ കഴിയില്ല. എതിര്‍പ്പ് ഉയര്‍ത്തുന്നവരുടെ പ്രശ്‌നം ന്യായമായും പരിഹരിക്കും. നമ്മുടെ നാടിന്റെ വികസനത്തിനു പൈപ്പ് ലൈന്‍ ഒഴിവാക്കി നിര്‍ത്താന്‍ കഴിയില്ല. പദ്ധതിയെ എതിര്‍ക്കുന്ന സമീപനമല്ല കേരളം സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























