ജിഷ വധക്കേസ്: ജിഷയെ അമിയൂറിന് വിവാഹം കഴിച്ചു നല്‍കാമെന്ന് അമ്മ രാജേശ്വരി ഉറപ്പു നല്‍കിയിരുന്നു?

ഇന്ന് ജിഷ വധക്കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ നടക്കുന്ന തിരിച്ചറിയല്‍ പരേഡില്‍ പുതിയ ദൃക്‌സാക്ഷിയെ പങ്കെടുപ്പിക്കും.നാളെ കോടതിയില്‍ അഞ്ചുപേരേയാണ് പ്രതിയെ തിരിച്ചറിയാന്‍ എത്തിക്കുന്നത്. ഇയാളുടെ രംഗപ്രവേശം സംബന്ധിച്ചു ദുരൂഹതകള്‍ ഏറെയുണ്ട്.
ജിഷയുടെ അമ്മയേയും സഹോദരിയേയും ഇന്ന് തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിക്കില്ലെന്നാണ് സൂചന. പ്രതി മറ്റാര്‍ക്കോ വേണ്ടി കൊല നടത്തിയതാണെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
ജിഷ കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുകയാണ്. കുളിക്കടവില്‍ രാജേശ്വരിയും മറ്റൊരാളും അമിയൂര്‍ ഉള്‍ ഇസ്ലാമിനെ മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് ജിഷയെ കൊല്ലാന്‍ കാരണം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ വെളിപ്പെടുത്തല്‍.
പിന്നീട് ജിഷയെ അമിയൂറിന് വിവാഹം കഴിച്ചു നല്‍കാമെന്ന് അമ്മ രാജേശ്വരി ഉറപ്പു നല്‍കിയിരുന്നെന്നും പിന്നീട് ഇക്കാര്യം പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതിയില്‍ നിന്നും പലപ്പോഴും പണം വാങ്ങിയെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍. പണം വാങ്ങിയ ശേഷം ജിഷയെ വിവാഹം ചെയ്തു നല്‍കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയുന്നു.
കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 26 പേരുടെ ഡി.എന്‍.എയാണ് ഇതുവരെ പരിശോധിച്ചത്. പ്രതിയുടെ ഡി.എന്‍.എ കണ്ടെത്തിയെന്നും പോലീസ് പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ചും വ്യാപക ആക്ഷേപമുണ്ട്. ഇയാളുടെ ഡി.എന്‍.എ തിരിച്ചറിഞ്ഞത് പോലീസിന്റെ തന്നെ ലാബിലാണ്. പ്രതിയുടേത് ഒഴികെയുള്ളവ തിരുവനന്തപുരത്തേ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലുമാണ് പരിശോധിച്ചത്.
ജിഷ കൊല്ലപ്പെട്ട ശേഷം ജിഷയുടെ നഖം, ചുരിദാറില്‍ കണ്ടെത്തിയ ശ്രവം, വാതില്‍ കൊളുത്തിലെ രക്തം എന്നിവയും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലേക്ക് അയച്ചിരുന്നു. അന്ന് ചുരിദാറില്‍ നിന്നും കണ്ടെത്തിയ ഉമിനീരില്‍ മാത്രമാണ് മറ്റൊരാളുടെ ഡി.എന്‍.എ കണ്ടെത്താനായത്. പിന്നീട് പോലീസിന്റെ സ്വന്തം ലാബില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു സാമ്പിളുകളിലും ഒരേ ഡി.എന്‍.എ ആണെന്ന് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിനിടെ അമീര്‍ ഉള്‍ പറഞ്ഞ മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ അന്വേഷണസംഘം മൊഴിയുടെ വിശദാംശങ്ങള്‍ ഇഴകീറി വീണ്ടും പരിശോധിക്കുകയാണ്. ദ്വിഭാഷിയുടെ വെളിപ്പെടുത്തലുകളിലും ദുരൂഹതകളുണ്ട്. പ്രതിയെ മുന്‍പരിചയമില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും ആവര്‍ത്തിച്ച് പറഞ്ഞതും ആശയക്കുഴപ്പമുണ്ടാക്കി. മുന്‍പരിചയമോ വീടുമായി അടുപ്പമോ പ്രതിക്കുണ്ടായിരുന്നോ എന്നറിയാനാണ് രാജേശ്വരിയുടെ മൊഴിയെടുക്കുക.
മദ്യം ജിഷയുടെ വായിലേക്ക് ഒഴിച്ചുകൊടുത്തെന്ന മൊഴിയിലും വൈരുധ്യം പ്രകടമാണ്. 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 93 മില്ലിഗ്രാം മദ്യത്തിന്റെ അംശമാണ് പരിശോധനയില്‍ തിരിച്ചറിഞ്ഞത്. ഇത് രക്തത്തില്‍ കലരണമെങ്കില്‍ കുറഞ്ഞത് ഒന്നരമണിക്കൂര്‍ സമയമെടുക്കും.
മരണസമയത്താണ് മദ്യം ഉള്ളില്‍ ചെന്നതെങ്കില്‍ അത് രക്തത്തില്‍ കലരുമായിരുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്.
ജിഷയുടെ ശരീരത്തില്‍ കണ്ട മുടിയിഴകള്‍, വീടിനുള്ളില്‍നിന്നു ലഭിച്ച ബീഡിക്കെട്ട് എന്നിവയും പ്രതിയുടേതുതന്നെയാണോയെന്ന് തിരിച്ചറിയേണ്ടതുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























