ഭക്തർ ഗുരുവായൂരിലേക്ക്.... വ്രതശുദ്ധിയുടെ പുണ്യം തേടി ലക്ഷക്കണക്കിന് ഭക്തർ ഏകാദശി ദിനമായ ഇന്ന് ഗുരുവായൂരിലെത്തും

വ്രതശുദ്ധിയുടെ പുണ്യം തേടി ലക്ഷക്കണക്കിന് ഭക്തർ ഏകാദശി ദിനമായ ഇന്ന് ഗുരുവായൂരിലെത്തും. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക.
രാവിലെ ആറരയ്ക്ക് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും. രാവിലെ 5 മുതൽ വൈകുന്നേരം 5 വരെ വി.ഐ.പികൾക്ക് ഉൾപ്പെടെ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അന്ന ലക്ഷ്മി ഹാളിലും പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും രാവിലെ 9ന് പ്രസാദ ഊട്ട് ആരംഭിക്കും. ഊട്ടിനുള്ള വരി 2ന് അവസാനിപ്പിക്കുന്നതാണ്.
സുപ്രീംകോടതി വിധി പ്രകാരം ഉദയാസ്തമയ പൂജയോടെ ഏകാദശി ആഘോഷിക്കും. ഓരോ 5 പൂജകൾ കഴിഞ്ഞാൽ ഒരു മണിക്കൂർ തുടർച്ചയായി ദർശനം. കാലത്തെ ശീവേലിക്ക് ഒപ്പം പാർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് ഉണ്ടാകും. രാത്രി എഴുന്നള്ളിപ്പിന് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം വഹിക്കുന്നതാണ്.
പഞ്ചവാദ്യം അകമ്പടിയാകും. കുറൂരമ്മ ഹാളിൽ ഏകാദശി സുവർണ മുദ്ര അക്ഷരശ്ലോക മത്സരം ഉച്ചയ്ക്ക് 1ന്.15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം നാളെ രാത്രി സമാപിക്കും. രാത്രി 8.30ന് സംഗീതോത്സവത്തിലെ അണിയറ പ്രവർത്തകരെ ആദരിക്കും. തുടർന്ന് ചെമ്പൈയുടെ ഇഷ്ട കീർത്തനങ്ങൾ പാടുന്നതോടെ സമാപനമാകും.
തിങ്കളാഴ്ച അർധരാത്രിക്കു ശേഷം ക്ഷേത്രം കൂത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം. വ്രതം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഭക്തർ വേദജ്ഞർക്ക് ദക്ഷിണ സമർപ്പിക്കുന്ന ചടങ്ങാണിത്. ദ്വാദശി ഊട്ട് നീളെ രാവിലെ 7 മുതൽ 11 വരെ അന്നലക്ഷ്മി ഹാളിൽ നടക്കും. ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 7ന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് ഗജഘോഷയാത്ര ആരംഭിക്കും.
"
https://www.facebook.com/Malayalivartha






















