സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്ക് ഇന്ന് അര്‍ദ്ധ രാത്രി വരെ അപേക്ഷിക്കാം , അപേക്ഷകരുടെ ലിസ്റ്റ് നാളെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ന് അര്‍ധരാത്രി വരെ അപേക്ഷ സ്വീകരിക്കണമെന്ന ജസ്റ്റിസ് ജെ.എം.ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശം. സര്‍ക്കാര്‍ സീറ്റുകളിലേക്ക് ഇന്ന് ഉച്ചവരെ ഓപ്ഷന്‍ നല്‍കാം. അലോട്‌മെന്റ് ഇന്നു രാത്രി വൈകി നടത്തും. സ്വാശ്രയ ഡെന്റല്‍ കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷനിലെ 14 കോളജുകളും നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ളവയും സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.
മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിച്ചവരുടെ പട്ടിക നാളെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നു ജയിംസ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. പരാതിയുള്ളവര്‍ക്ക് എട്ടു വരെ കോളജ് മാനേജ്‌മെന്റിനോ ജയിംസ് കമ്മിറ്റിക്കോ നല്‍കാം. അര്‍ഹതയുള്ളവരുടെ പട്ടിക ഒന്‍പതിനു പ്രസിദ്ധീകരിക്കണം. ഇതിന്റെ പകര്‍പ്പ് ജയിംസ് കമ്മിറ്റിക്കും നല്‍കണം. ആദ്യവട്ട പ്രവേശനം 17നും രണ്ടാംവട്ട പ്രവേശനം 27നും നടത്തണമെന്നും കമ്മിറ്റിയുടെ ഉത്തരവില്‍ പറയുന്നു.
സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റിലേക്ക് ഇന്നു രാത്രി അലോട്‌മെന്റ് നടത്തുമെങ്കിലും ഏതൊക്കെ കോളജുകളിലേക്ക് അലോട്‌മെന്റ് നടക്കുമെന്ന് ഇന്നു മാത്രമേ വ്യക്തമാകൂ. കരാര്‍ ഒപ്പിടാത്തതും അംഗീകാരമില്ലാത്തതുമായ കോളജുകളെ ഒഴിവാക്കിയ ശേഷമായിരിക്കും അലോട്‌മെന്റ്. ഈ കോളജുകളിലേക്ക് ഇതുവരെ നല്‍കിയ ഓപ്ഷനുകളും റദ്ദാകും. ആദ്യ അലോട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകള്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ പ്രവേശനപ്പരീക്ഷാ കമ്മിഷണറെ അറിയിക്കണമെന്നാണു നിര്‍ദേശം. അടുത്ത അലോട്‌മെന്റില്‍ ഈ സീറ്റുകളിലേക്കു വീണ്ടും പ്രവേശനം നടത്തും. ഒഴിവുകള്‍ മറച്ചുവച്ചു സീറ്റ് സ്വന്തമാക്കാന്‍ ഏതെങ്കിലും മാനേജ്‌മെന്റുകള്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണു സര്‍ക്കാര്‍ തീരുമാനം.
പാലക്കാട് കരുണ, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവയുടെ വെബ്‌സൈറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുന്നതിനു തുറന്നു നല്‍കിയിട്ടില്ലെന്നു ജയിംസ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. കരാര്‍ ഒപ്പുവയ്ക്കാത്ത ചില കോളജുകള്‍കൂടി വരുംദിവസങ്ങളില്‍ അതിനു തയാറാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സര്‍ക്കാരുമായി സഹകരിക്കാതെ ഒറ്റയ്ക്ക് ഇവര്‍ പ്രവേശനം നടത്തുകയാണെങ്കില്‍ പ്രോസ്‌പെക്ടസും ഫീസും ജസ്റ്റിസ് ജെ.എം.ജയിംസ് കമ്മിറ്റി അംഗീകരിച്ചു നല്‍കും. ഇവരുടെ പ്രവേശന നടപടികള്‍ സുതാര്യമാണോയെന്നു ജയിംസ് കമ്മിറ്റി നിരീക്ഷിക്കും. ചട്ടലംഘനം ഉണ്ടായാല്‍ സര്‍ക്കാരും ആരോഗ്യ സര്‍വകലാശാലയും കര്‍ശന നടപടി സ്വീകരിക്കും.
https://www.facebook.com/Malayalivartha