ആ ക്രൂരനെ വെറുതെ വിടരുത്, വക്കീലിനറിയില്ലെങ്കില്‍ ഞാന്‍ തരാം തെളിവുകള്‍, സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയ്‌ക്കെതിരെ സൗമ്യയെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷേര്‍ളി

സുപ്രീം കോടതിയില്‍ മിണ്ടാട്ടം മുട്ടിയ സര്‍ക്കാര്‍ അഭിഭാഷകനെതിരെ സൗമ്യയെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ രംഗത്ത്. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജി പരിഗണിക്കവെ സൗമ്യയെ കൊലപ്പെടുത്താനായി ട്രെയിനില്‍നിന്നു തള്ളിയിട്ടതു ഗോവിന്ദച്ചാമിയാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ എവിടെയെന്നു കോടതി ചോദിചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു കഴിയാതെ വന്നപ്പോഴായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.
ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണു സര്‍ക്കാരിനായി ഹാജരായത്. എന്നാല്‍ സൗമ്യയെ ഗോവിന്ദച്ചാമി മാനഭംഗപ്പെടുത്തിയെന്നതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അഭിഭാഷകന് കൂടുതല്‍ തെളിവുകള്‍ കോടതിക്ക് മുന്നില്‍ നിരത്താന്‍ കഴിയാതെ വന്നതില്‍ പരക്കെ അമര്‍ഷവും ആശങ്കയും ഉയര്‍ന്നിരുന്നു. കോടതിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ചു കൊണ്ട് മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ രംഗത്ത് വന്നത്.
ട്രെയിനില്‍നിന്ന് സ്വയം ചാടുമ്പോഴുണ്ടാകുന്ന തരം മുറിവുകളല്ല ശരീരത്തില്‍ കണ്ടെത്തിയതെന്നു സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി പറഞ്ഞു. സൗമ്യയുടെ നെറ്റിയില്‍ ആറു മുറിവുകള്‍ കണ്ടെത്തിയിരുന്നു. ട്രെയിനിന്റെ വാതിലില്‍ തല ശക്തിയായി ഇടിപ്പിച്ചതിന്റെ മുറിവുകളായിരുന്നു ഇത്. മാത്രമല്ല, കൈകള്‍ വാതിലിനിടയില്‍ അമര്‍ത്തി ക്ഷതമേല്‍പ്പിച്ചതിന്റെ മുറിവുകളും കണ്ടെത്തിയിരുന്നു. പാതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനില്‍നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്നു മുറിവുകള്‍ കണ്ടാലറിയാം. പേടിച്ച് പുറത്തേക്കു ചാടിയതാണെങ്കില്‍ പരുക്കുകളുടെ സ്വഭാവം ഇങ്ങനെയല്ല. കൈകാലുകളുടെ എല്ല് പൊട്ടും. നട്ടെല്ലിനും ക്ഷതമേല്‍ക്കും.
ഗോവിന്ദച്ചാമിയുടെ ചര്‍മത്തിന്റെ ഭാഗങ്ങള്‍ സൗമ്യയുടെ നഖത്തിനുള്ളില്‍നിന്ന് ലഭിച്ചിരുന്നു. ശരീരത്തില്‍നിന്ന് കിട്ടിയ ബീജവും പരിശോധിച്ചു. ഈ രണ്ടു ഡിഎന്‍എകളും പരിശോധിച്ചപ്പോള്‍ ഗോവിന്ദച്ചാമിയുടേതാണെന്നു കണ്ടെത്തിയിരുന്നു. ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങള്‍ സഹിതമാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കാര്യങ്ങള്‍ വിചാരണക്കോടതിയിലെ സാക്ഷിവിസ്താരത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഷെര്‍ളി വാസു പറഞ്ഞു.
ഇതോടെ സൗമ്യ വധക്കേസിലെ ഹൈക്കോടതി അഭിഭാഷകനെ മാറ്റി സുപ്രീം കോടതിയില്‍ വാദത്തിനെത്തിയ പ്രോസിക്യൂഷന്‍ കേസ് വേണ്ട രീതിയില്‍ പഠിക്കാതെയാണ് ഹാജരായതെന്നു വ്യക്തമായി. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സുപ്രീംകോടതിയിലും നിയോഗിക്കണമെന്ന സൌമ്യയുടെ അമ്മയുടെയും അന്വേഷണസംഘത്തിന്റെയും ആവശ്യം പരിഗണിക്കാതിരുന്നതും ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്താനാണെന്ന വാദങ്ങള്‍ക്ക് ബലമേകുന്നു. കേസിനെക്കുറിച്ച് പഠിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സുരേശനെ സുപ്രീംകോടതിയില്‍ നിയോഗിച്ചിരുന്നെങ്കില്‍ ന്യായാധിപരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാനാകുമായിരുന്നെന്ന് സൌമ്യയുടെ അമ്മ സുമതി പറയുന്നു.
അഭിഭാഷകരെ മാറ്റരുതെന്ന ആവശ്യവുമായി സൌമ്യയുടെ അമ്മ മൂന്നുതവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെയും സൌമ്യയുടെ അമ്മ മൂന്നുവട്ടം കണ്ട് പരാതി നല്‍കിയിരുന്നു. വിചാരണക്കോടതിയിലും അപ്പീല്‍ കോടതിയിലും ഹാജരായ അഡ്വ. ആളൂര്‍തന്നെയാണ് സുപ്രീംകോടതിയിലും ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകുന്നതെന്ന് കണ്ടായിരുന്നു ഇത്. അഡ്വ. എ സുരേശനെ സുപ്രീംകോടതിയിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എഡിജിപി ബി സന്ധ്യയും ആഭ്യന്തരവകുപ്പിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം തള്ളി ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരെ നിയമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha