സര്‍ക്കാരുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ വി.എസ് ഔദ്യോഗിക പദവികള്‍ ഉപയോഗിച്ചുതുടങ്ങി, കാര്‍ ഇപ്പോഴും '77' തന്നെ

ഭരണപരിഷ്‌കാരകമീഷന്‍ ഓഫിസിനെയും പേഴ്‌സനല്‍ സ്റ്റാഫിനെയും സംബന്ധിച്ച് സര്‍ക്കാറുമായി തര്‍ക്കം നിലനില്‍ക്കെ, വി.എസ്. അച്യുതാനന്ദന്‍ ഔദ്യോഗികപദവികള്‍ ഉപയോഗിച്ചുതുടങ്ങി. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന 77ാം നമ്പര്‍ സ്‌റ്റേറ്റ് കാറാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ച തിരുവല്ലയില്‍ നടന്ന മന്ത്രി മാത്യു ടി. തോമസിന്റെ മകളുടെ വിവാഹത്തിന് സ്‌റ്റേറ്റ് കാറിലാണ് വി.എസ് എത്തിയത്. അതേസമയം ഓഫിസ്, പേഴ്‌സനല്‍ സ്റ്റാഫ് എന്നിവയില്‍ അന്തിമതീരുമാനം ആകാത്തതിനാല്‍ കമീഷന്റെ ഔദ്യോഗികയോഗം ചേരാനായിട്ടില്ല.
സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടില്‍ ഓഫിസ് അനുവദിക്കാമെന്ന വാഗ്ദാനം ലംഘിച്ചെന്ന ആക്ഷേപമാണ് വി.എസിനുള്ളത്. ഐ.എം.ജി കാമ്പസില്‍ ഓഫിസ് അനുവദിക്കാമെന്നാണ് ഒടുവില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വി.എസിനെ അറിയിച്ചത്.
ഇതിലുള്ള പ്രതിഷേധം സര്‍ക്കാറിന് കത്ത് നല്‍കി വി.എസ് പ്രകടിപ്പിച്ചു. കൂടാതെ സി.പി.എം പുറത്താക്കിയ മുന്‍ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി വി.കെ. ശശിധരനെ അഡീഷനല്‍ പി.എ ആക്കാനടക്കമുള്ള വി.എസിന്റെ ശിപാര്‍ശയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തടഞ്ഞു. 13 പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനാണ് അനുമതി നല്‍കിയതെങ്കിലും കൂടുതല്‍ പേരടങ്ങുന്ന പട്ടികയാണ് വി.എസ് സമര്‍പ്പിച്ചതെന്നാണ് സൂചന. സന്തോഷ് എന്നയാളെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കുന്നതിനെയും പാര്‍ട്ടി എതിര്‍ക്കുകയാണ്. പാര്‍ട്ടിവിരുദ്ധരെ സ്റ്റാഫില്‍ നിയമിക്കേണ്ടെന്ന നിലപാടില്‍ വിട്ടുവീഴ്ചവേണ്ടെന്ന നിലപാടാണ് നേതൃത്വത്തിന്. സംഘടനാതലത്തില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ വി.എസ് കൂടുതല്‍ കടുംപിടിത്തം തുടരാനും സാധ്യതയില്ല.
https://www.facebook.com/Malayalivartha