സുതാര്യകേരളം പദ്ധതി അവസാനിപ്പിക്കുന്നു: മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ ഇനി സാധിക്കില്ല , ജില്ലാ ആസ്ഥാനങ്ങളിലെ ഓഫീസുകള്‍ അടച്ചുപൂട്ടി

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുന്നതിനായി ആരംഭിച്ച സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ സുതാര്യ കേരളത്തിന് വിട. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സുതാര്യകേരളം പദ്ധതി അവസാനിപ്പിക്കുകയാണ്. ഇതിനു പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ഇതു സംബന്ധിച്ച് യാതൊരു വിധ നടപടികളും ഇതു വരെ പൂര്‍ത്തിയായിട്ടില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2012ലാണ് കലക്ടറേറ്റുകളില്‍ സുതാര്യകേരളം സെല്ലുകള്‍ ആരംഭിച്ചത്. കലക്ടറേറ്റുകളിലെ സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറി പരാതി പരിഹാരം നിര്‍ദേശിക്കുന്ന സംവിധാനമായിരുന്നു സുതാര്യ കേരളം പദ്ധതി. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു കൈമാറിക്കിട്ടുന്ന പരാതികള്‍ അതത് വില്ലേജ് ഓഫിസുകള്‍ക്കു നല്‍കുകയും റിപ്പോര്‍ട്ട് ലഭ്യമാക്കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അയയ്ക്കുന്നതും ഇവരുടെ ചുമതലയായിരുന്നു.
പദ്ധതിക്ക് വന്‍ ജനപിന്തുണ ലഭിച്ചതോടെ ടെലിവിഷന്‍ പരിപാടിയും യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ച് പരാതി പറയാനും ഇതു വഴി പൊതുജനങ്ങള്‍ക്ക് സൗകര്യം ലഭിച്ചിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ സുതാര്യ കേരളം സെല്ലുകള്‍ ഓരോന്നായി അടച്ചുപൂട്ടുകയായിരുന്നു.
കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, എറണാകുളം കലക്ടറേറ്റുകളിലെ ഓഫിസുകള്‍ ഇതിനകം പൂട്ടിക്കഴിഞ്ഞു .കോഴിക്കോട്, മലപ്പുറം ഓഫീസുകള്‍ ഈ മാസം 15നു പൂട്ടാനും നിര്‍ദേശം നല്‍കി. കൊല്ലം ഓഫിസ് ഈ മാസം 23നും കോട്ടയം, പത്തനംതിട്ട എന്നിവ 30നും പൂട്ടും. ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും പദ്ധതി അനിശ്ചിതത്വത്തിലായി.
അതേ സമയം എല്ലാം ഓണ്‍ലൈന്‍ വഴിയാക്കി സമഗ്ര പരാതി സെല്ലിനു രൂപം നല്‍കാനാണ് പുതിയ സര്‍ക്കാരിന്റെ തീരുമാനം എന്നറിയുന്നു. ഇതു സംബന്ധിച്ച യാതൊരുവിധ ഔദ്യോഗിക അറിയിപ്പും നല്‍കാന്‍ അധികൃതര്‍ തയ്യാറല്ല. ഓണ്‍ലൈനിലൂടെ പരാതികളും അനുബന്ധരേഖകളും സമര്‍പ്പിക്കാന്‍ സാധാരണക്കാര്‍ക്ക് എത്രമാത്രം സാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
https://www.facebook.com/Malayalivartha