ദീപാലങ്കാരങ്ങളുടെ പൊന്‍പ്രഭയില്‍ ഓണത്തെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി കഴിഞ്ഞു, ഇന്ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഓണാഘോഷം ഉദ്ഘാടനം ചെയ്യും

ദീപാലങ്കാരങ്ങളുടെ പൊന്‍പ്രഭയില്‍ ഓണത്തെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി. ഞായറാഴ്ച വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. യേശുദാസ് മുഖ്യാതിഥിയാകും. 18ന് വര്‍ണാഭമായ ഘോഷയാത്രയോടെയാണ് സമാപനം.
ഞായറാഴ്ച വൈകിട്ട് 6.30ന് കനകക്കുന്ന് കൊട്ടാരത്തില്‍ ഓണാഘോഷ സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുന്നതോടെ കവടിയാര്‍ കൊട്ടാരം മുതല്‍ അട്ടക്കുളങ്ങര വരെയുള്ള അലങ്കാര വിളക്കുകള്‍ മിഴി തുറക്കും.
ഇത്തവണ ആക്കുളം പാലം മുതല്‍ കഴക്കൂട്ടം പൊലീസ് സ്‌റ്റേഷന്‍ വരെയും വൈദ്യുത ദീപാലാങ്കാരമുണ്ടാകും. വ്യാപാരി വ്യവസായികളും ടെക്‌നോപാര്‍ക്കിലെ സംരംഭകരും മറ്റ് സ്ഥാപനങ്ങളും ഇവിടത്തെ ദീപാലങ്കാരത്തിന് മുന്‍കൈ എടുക്കും. കഴിഞ്ഞവര്‍ഷം വെള്ളയമ്പലംമുതല്‍ അട്ടക്കുളങ്ങരവരെ മാത്രമാണ് ദീപാലങ്കാരമുണ്ടായിരുന്നത്. മനോഹരമായി അലങ്കാരവിളക്കുകള്‍ വിന്യസിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സമ്മാനം നല്‍കും. സര്‍ക്കാര്‍, പൊതു, സ്വകാര്യ, ബാങ്കിങ് എന്നിങ്ങനെ നാലുമേഖലകളായി തിരിച്ച് ഓരോന്നിലും ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ക്ക് സമ്മാനം നല്‍കുമെന്ന് ദീപാലങ്കാര കമ്മിറ്റി ചെയര്‍മാന്‍ വി ജോയി എംഎല്‍എ അറിയിച്ചു.
കനകക്കുന്ന് കൊട്ടാരവളപ്പിലുള്ള സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൌണ്ടില്‍ ഓണം ട്രേഡ് ഫെയറും എക്‌സിബിഷനും ഞായറാഴ്ച തുടങ്ങും. ട്രേഡ് ഫെയര്‍ വൈകിട്ട് നാലിന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോയും നടക്കും. മേള പത്തുദിവസം നീളുമെന്ന് ട്രേഡ് ഫെയര്‍, എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ആന്‍സലന്‍ എംഎല്‍എ അറിയിച്ചു.
ഇതോടൊപ്പം കുട്ടികളുടെ അമ്യൂസ്‌മെന്റ് പാര്‍ക്കും എക്‌സിബിഷന്‍ ഗ്രൌണ്ടില്‍ ഒരുക്കും. ഞായറാഴ്ച വൈകിട്ട് നാലിന് അമ്യൂസ്‌മെന്റ് പാര്‍ക്ക് കുട്ടികള്‍ക്ക് തുറന്നുകൊടുക്കും. പരമ്പരാഗത നാടന്‍ രുചിക്കൂട്ടുകള്‍ ചേര്‍ന്ന വൈവിധ്യമാര്‍ന്ന ഭക്ഷണമേളയും കനകക്കുന്നില്‍ ഒരുക്കിയിട്ടുണ്ട്.
വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന് കീഴില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മീഡിയ സെന്ററും ഞായറാഴ്ച പ്രവര്‍ത്തനസജ്ജമാകും.
https://www.facebook.com/Malayalivartha