പാചകം ചെയ്ത് രണ്ടു ദിവസം കഴിഞ്ഞിട്ടും മീന്‍ കറി ഇപ്പോഴും തിളച്ചുക്കൊണ്ടേയിരിക്കുന്നു...

മീന്‍കറി പാചകം ചെയ്തു അടുപ്പില്‍ നിന്ന് വാങ്ങിവച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞു, പക്ഷേ ഇപ്പോഴും മീന്‍ കറി തിളച്ചുകൊണ്ടേയിരിക്കുകയാണ്. പായിപ്ര സെന്‍ട്രല്‍ ജുമാ മസ്ജിദിനു സമീപം കൊച്ചുപുരയില്‍ സലീമിന്റെ വീട്ടിലാണു ഈ അതിശയിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് മീന്‍കറി പാചകം ചെയ്തത്. എന്നാല്‍ പാചകം ചെയ്ത് ഇത്രയും സമയം പിന്നിട്ടിട്ടും മീന്‍ കറിയില്‍ നിന്നു ഇപ്പോഴും ആവി പറക്കുകയാണ്. മീന്‍ കറി സൂക്ഷിച്ചിരിക്കുന്ന ചട്ടിയും ചൂടാകുന്നുണ്ട്.
കണ്ണ് അയില എന്ന മത്സ്യമാണു പാചകം ചെയ്തത്. ശനിയാഴ്ച വീട്ടിലുള്ളവര്‍ മീന്‍കറി കഴിച്ചപ്പോള്‍ കറിക്ക് ചെറിയൊരു മധുരം തോന്നിയിരുന്നു എന്ന് കുടുംബാഗങ്ങള്‍ പറയുന്നു. മീന്‍കറി കഴിച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സലീമിന്റെ ഭാര്യ ബീവിയെ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന രാസപദാര്‍ഥങ്ങളാണ് ഈ പ്രതിഭാസത്തിനു പിന്നിലെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം. മീന്‍ കറി പാചകം ചെയ്യാന്‍ ഉപയോഗിച്ച പദാര്‍ഥങ്ങളും മീന്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിച്ച രാസവസ്തുക്കളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനമായിരിക്കാം കറി തിളയ്ക്കുന്നതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ അഴുകാതിരിക്കാനുപയോഗിക്കുന്ന ഫോര്‍മാലിനും അമോണിയയും ഒക്കെ ഉപയോഗിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സ്യങ്ങള്‍ മൂവാറ്റുപുഴയിലും പരിസരങ്ങളിലും വ്യാപകമായി വില്‍പന നടത്തുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ പച്ചമീനല്ലെന്ന് തോന്നില്ല.
ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം എത്ര കഴുകിയെടുത്താലും പാകം ചെയ്താലും രാസവസ്തുവിന്റെ അംശം നഷ്ടപ്പെടുകയില്ല.
https://www.facebook.com/Malayalivartha