ജയരാജന്‍ രാജിവെക്കണമെന്ന് കോടിയേരി, രാജിവേണ്ടെന്ന് പിണറായി, നിര്‍ണായക സെക്രട്ടേറിയറ്റ് യോഗം തുടങ്ങി

മന്ത്രി ഇ.പി.ജയരാജന്‍ രാജിവയ്ക്കണമെന്ന ആവശ്യം ഇടതുമുന്നണിയിലും ശക്തമായ പശ്ചാത്തലത്തില്‍ നിര്‍ണായകമായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ ആരംഭിച്ചു. ജയരാജന്റെ രാജിതീരുമാനം അംഗീകരിക്കണമെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ വിജിലന്‍സ് അന്വേഷണം പ്ര്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ത്വരിത പരിശോധനയ്ക്കു ശേഷം മാത്രം മതി രാജിയെന്ന് പിണറായി നിര്‍ദ്ദേശിച്ചതായാണ് സൂചന. പാര്‍ട്ടിയിലും സര്‍ക്കാരിലും ശക്തനായ പിണറായിയെ വെറുപ്പിക്കാന്‍ മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തയ്യാറാവില്ല. ആയതിനാല്‍ കോടിയേരിയുടെ ആവശ്യം സെക്ട്രടറിയേറ്റ് അംഗീകരിക്കാനിടയില്ല.
പാര്‍ട്ടി എടുക്കുന്ന ഏതു തീരുമാനവും അനുസരിക്കാന്‍ തയാറാണെന്ന ജയരാജന്റെ പ്രഖ്യാപനം ഇതിന്റെ അടിസ്ഥാനത്തിലാണ്. പാര്‍ട്ടി കേന്ദ്ര നേതൃത്വമാണെങ്കില്‍ പ്രശ്‌നം തങ്ങളുടെ തലവേദനയല്ലെന്ന മട്ടില്‍ എല്ലാ ംസംസ്ഥാന നേതൃത്വത്തിനു മുന്നിലേക്കു വിട്ടിരിക്കുകയാണ്. നടപടി കേരളത്തില്‍ തന്നെ എടുക്കട്ടെ എന്നാണ് അവരുടെ നിലപാട്. എന്നാല്‍ അകപ്പെട്ട പ്രതിസന്ധിയില്‍ നിന്നു പാര്‍ട്ടി രക്ഷപ്പെടാന്‍ തക്ക നടപടിയാണു വേണ്ടതെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചിട്ടില്ലെങ്കിലും പാര്‍ട്ടി മുഖപത്രം ബന്ധുനിയമനങ്ങളെ തള്ളിപ്പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചു നടപടി വേണമെന്നാണു പാര്‍ട്ടിയുടെ നിലപാട്.
ജനതാദള്‍(എസ്), എന്‍സിപി കക്ഷികളും മന്ത്രി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ്. സിപിഎമ്മില്‍ തന്നെ പ്രബലമായ ഒരു വിഭാഗം ജയരാജന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നുണ്ട്. കണ്ണൂര്‍ ലോബിക്കെതിരെ ആഞ്ഞടിക്കാനുള്ള അവസരമായാണ് അവര്‍ ഇതിനെ കാണുന്നത്. എന്നാല്‍ അതിനുള്ള കരുത്ത് ഇപ്പോള്‍ ഇക്കൂട്ടര്‍ക്കില്ല. വിജിലന്‍സ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കു പുറത്തും ജയരാജന്‍ ഒറ്റപ്പെട്ട നിലയിലായി. നടപടി എടുക്കാതിരിക്കാന്‍ പാര്‍ട്ടിക്കു കഴിയാത്ത സ്ഥിതി. നിയമനിര്‍മാണം, ചീഫ് സെക്രട്ടറിയുടെ അന്വേഷണം എന്നിവ കൊണ്ടൊന്നും ജയരാജനെ കുരുക്കില്‍ നിന്ന് ഊരിയെടുക്കാന്‍ കഴിയില്ല.
കണ്ണൂരിലെ അക്രമ പരമ്പരയും സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്ക്കു വരും. അക്രമത്തില്‍ പ്രതിസ്ഥാനത്ത് ആരാണെങ്കിലും അതു സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ചുവെന്നത് ഉറപ്പാണ്. ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെയാണ് അക്രമം ആവര്‍ത്തിച്ച് അരങ്ങേറുന്നത് എന്നതു ഗൗരവം വര്‍ധിപ്പിക്കുന്നു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെട്ടതും സര്‍ക്കാരിനും സിപിഎമ്മിനും അവഗണിക്കാന്‍ കഴിയില്ല.
https://www.facebook.com/Malayalivartha


























