സ്വകാര്യ ഭൂമിയില്‍ ടൂറിസം പദ്ധതിയുടെ മറവില്‍ വന്‍ തട്ടിപ്പ്, ടി.എന്‍. പ്രതാപന്‍ വെട്ടിച്ചത് കോടികള്‍

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍. പ്രതാപന്റെ നേതൃത്വത്തില്‍ സ്‌നേഹതീരം പാര്‍ക്ക് നിര്‍മാണത്തിന്റെ മറവില്‍ കോടികള്‍ വെട്ടിച്ചതായി അന്വേഷണസംഘം കണ്ടെത്തി. കേന്ദ്രഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട് സംബന്ധിച്ച് കേന്ദ്രകുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതാപനെതിരായ തെളിവുകള്‍ കണ്ടെത്തിയത്. ടി.എന്‍. പ്രതാപന്റെ പങ്ക് പുറത്തായതോടെ വി.എം.സുധീരന്റെ നോമിനിയായി ഡിസിസി പ്രസിഡന്റാകാനുള്ള പ്രതാപന്റെ മോഹത്തിന് വിലങ്ങ് വീഴും.
സ്‌നേഹതീരം പാര്‍ക്കിനുവേണ്ടി ടൂറിസം ഫണ്ട് ചെലവഴിച്ചത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ തെറ്റിദ്ധരിപ്പിച്ചാണ് . പാര്‍ക്ക് സ്ഥാപിച്ചത് സ്വകാര്യ വ്യക്തികളുടെ പട്ടയഭൂമിയിലാണ് . പാര്‍ക്കിന്റെ പോരില്‍ രണ്ടുകോടി അറുപത്തിരണ്ട് ലക്ഷം രൂപയാണ് ചെലവാക്കിയത്. ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപ പട്ടയഭൂമിയിലാണ് പാര്‍ക്ക് എന്നുമാത്രം കാണിച്ച് പ്രതാപന്‍ എംഎല്‍എ പേരില്‍ വാങ്ങിയെടുക്കുകയായിരുന്നു. അതിനുശേഷം വിവിധ ഘട്ടങ്ങളിലായി ബാക്കി തുകയും കൈക്കലാക്കി. കേന്ദ്രസംസ്ഥാനഫണ്ട് നേടിയത് സര്‍ക്കാര്‍ പട്ടയഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതോടെ പ്രശ്‌നം പുറത്തായി. തുടര്‍ന്ന് പരിശോധന ആരംഭിച്ചു. പരിശോധനയില്‍ 12 സ്വകാര്യ വ്യക്തികളുടെ പേരിലാണ് സ്‌നേഹതീരം പാര്‍ക്കെന്ന് വ്യക്തമായി. സ്വകാര്യ പട്ടയഭൂമിയില്‍ പദ്ധതി നടപ്പാക്കാന്‍ രേഖാമൂലമായ കരാറൊന്നും ഉടമസ്ഥരുമായി ഉണ്ടാക്കിയിട്ടില്ല. ഉടമകളായി പറയുന്ന 12 പേരില്‍ ഒരാള്‍ പദ്ധതി ആരംഭിക്കുന്ന 2005നു മുമ്പ് മരിച്ചു. ഇദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെയാണ് പാര്‍ക്ക് ആരംഭിച്ചതെന്നാണ് പ്രതാപന്റെ വാദം.
2005 ജൂലൈ ആറിനാണ് തളിക്കുളം റൂറല്‍ ടൂറിസം പ്രൊജക്ട് എന്ന പേരില്‍ പദ്ധതി പ്രതാപന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. ജൂലൈ 28ന് അമ്പത് ലക്ഷവും 2006 മെയ് 20ന് 112.78ലക്ഷവും 2007 ആഗസ്റ്റ് ഏഴിന് ഒരുകോടി രൂപയും പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചു. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നടപ്പാക്കുന്ന പദ്ധതിക്കാണ് പണം അനുവദിക്കുന്നതെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അറിയുമായിരുന്നോ എന്ന് വ്യക്തമല്ല.
ഇടതുസര്‍ക്കാരിലെ ചിലരും പ്രതാപന്റെ തട്ടിപ്പിന് കൂട്ടുനിന്നതായി സൂചനയുണ്ട്.
സുനാമിഫണ്ട്, എംഎല്‍എ ഫണ്ട്, ടൂറിസം വികസന ഫണ്ട് എന്നിവയില്‍ നിന്നൊക്കെയാണ് സ്‌നേഹതീരത്തിന് പണം ചെലവഴിച്ചത്. ഭൂവുടമകള്‍ അവകാശവാദമുന്നയിച്ചാല്‍ പാര്‍ക്ക് അവര്‍ക്ക് സ്വന്തമാകും. പാര്‍ക്കിന് സമീപത്തെ ഭൂമി മുഴുവന്‍ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രതാപനും ബന്ധുക്കളും വാങ്ങിക്കൂട്ടിയതായും രേഖകള്‍ വ്യക്തമാക്കുന്നു. ബീച്ചില്‍ പന്ത്രണ്ട് ലക്ഷം രൂപ ചെലവില്‍ മൂന്ന് ഹൈമാസ്റ്റ് ടവറുകള്‍ സ്ഥാപിച്ചതായി രേഖകളുണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണുള്ളത്. ഈയിനത്തില്‍ നാലുലക്ഷം രൂപ വെട്ടിച്ചു.
സ്‌നേഹതീരത്തിന്റെ സംരക്ഷണത്തിനുവേണ്ടി എന്നു പറഞ്ഞ് നിര്‍മ്മിച്ച കടല്‍ഭിത്തിക്കായി കോടികള്‍ ചെലവഴിച്ചതിലും വന്‍ അഴിമതി കണ്ടെത്തി. ഇതിനായുള്ള ലേലപരസ്യത്തില്‍ യഥാര്‍ത്ഥ തുകയേക്കാള്‍ വളരെ കുറഞ്ഞതുക കാണിക്കുകയും അതുവഴി കരാരുകാര്‍ക്ക് ലേലത്തില്‍ താല്പര്യമില്ലാതാക്കുകയും ചെയ്തു. കരാറില്‍ പങ്കെടുത്തത് കെ.വി. വര്‍ഗീസ് എന്ന ഒരാള്‍ മാത്രമാണ്. ഇയാള്‍ എസ്റ്റിമേറ്റ് തുകയിലും വളരെ ഉയര്‍ന്ന നിരക്കിലാണ് ടെണ്ടര്‍ സമര്‍പ്പിച്ചിരുന്നത്. പക്ഷെ മറ്റു കരാറുകാര്‍ ഇല്ലാതിരുന്നതുകൊണ്ട് വര്‍ഗീസിന് ടെണ്ടര്‍ ഉറപ്പിച്ചു. പ്രതാപനും വര്‍ഗീസും തമ്മിലുള്ള ഒത്തുകളിയായിരുന്നു ഇതിനു പിന്നില്‍. തട്ടിപ്പ് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ കരാറുകാരന് പണി നല്‍കാന്‍ മടിച്ചപ്പോള്‍ പ്രതാപന്‍ സ്വന്തം ലെറ്റര്‍പാഡില്‍ വര്‍ഗീസിന് കരാര്‍ നല്‍കണമെന്നാവശ്യപ്പെട്ട് കത്തെഴുതി.
https://www.facebook.com/Malayalivartha


























