കുടകില്‍ കോടമഞ്ഞ് ഉരുകുന്നു ജേക്കബ് തോമസിന് പൊള്ളും; വിവാദങ്ങള്‍ സ്വയം ഉയര്‍ത്തി ജേകബ് തോമസും പുറത്തേക്കോ

സര്‍ക്കാരും ജേക്കബ് തോമസും സ്വന്തം നിലപാടുകളില്‍ നിന്നും പിന്‍വലിഞ്ഞെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ കസേരയില്‍ ജേക്കബ് തോമസ് അധികം തുടരാനാകില്ല. കാരണം ജേക്കബ് തോമസിന്റെ പേരില്‍ പുതിയ കേസുകള്‍ ഉടന്‍ ഫയല്‍ ചെയ്യപ്പെടും. ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്‌സി ജേക്കബാണ് പുതിയ കേസിലെ പ്രതി. കുടക് വനം കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് (കുടകരുടെ) പാര്‍ട്ടിയായ കൊടവ നാഷണല്‍ കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുകയാണ്
ഡെയ്‌സിയെ കൂടാതെ തടിവ്യാപാരിയായ അസൈനാര്‍ കേസില്‍ മുഖ്യ പ്രതിയാണ്. മുന്‍ കര്‍ണാടക നിയമസഭാംഗം എകെ സുബൈയ്യ, അദ്ദേഹത്തിന്റെ മകനും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ എഎസ് പൊന്നണ്ണ എന്നിവര്‍ക്കെതിരെയും സംഘടന നടപടി ആവശ്യപ്പെടുന്നു. ഇരുപത് കൊല്ലമായി കുടക് വനംകൊള്ള കേസ് നിലവിലുണ്ടെങ്കിലും നടപടി ത്വരിതപ്പെടുത്തണമെന്നാണ് ആവശ്യം. ഡെയ്‌സി ജേക്കബിനെതിരെ വനഭൂമി കൈയ്യേറ്റത്തിനു സ്വകാര്യ ഭൂമിയിലെ മരം മുറിക്കാന്‍ ലഭിച്ച ലൈസന്‍സിന്റെ മറവില്‍ വന ഭൂമിയിലെ മരം മുറിച്ച കേസും നിലവിലുണ്ട്.
രണ്ട് കേസുകളും മടിക്കേരി ജില്ലാ കോടതിയിലും കര്‍ണാടക ഗ്രീന്‍ ട്രൈബ്യൂണലിലും വിചാരണയിലിരിക്കുകയാണെന്നാണ് പരാതി. കര്‍ണാടക വനം വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നിയമയുദ്ധമാണ് ഡെയ്‌സി ജേക്കബ് ഉള്‍പ്പെട്ട കൊപ്പാടി കേസ്. 1990 ലാണ് കുടകിലെ കൊപ്പാടിയില്‍ ഡെയ്‌സി 151.03 ഏക്കര്‍ സ്ഥലം വാങ്ങിയത്. 237 മരങ്ങള്‍ മുറിക്കാന്‍ ലഭിച്ച ലൈസന്‍സ് ഉപയോഗിച്ച് ഡെയ്‌സി 1,77,63,172 രൂപ വില മതിക്കുന്ന 467 മരങ്ങള്‍ മുറിച്ചെന്ന് കര്‍ണാടക വനം വകുപ്പ് കണ്ടെത്തുന്നത് 1999 ലാണ്. വന്‍കിട തടി കച്ചവടക്കാരന്‍ അസൈനാര്‍ക്കാണ് തടി വില്‍പ്പന നടത്തിയത്. ഇതേ ലൈസന്‍സ് ഉപയോഗിച്ച് തൊട്ടടുത്ത 60 ഏക്കര്‍ വനഭൂമിയിലെ മരങ്ങളും അസൈനാര്‍ മഉറിച്ചു മാറ്റിയെന്നാണ് ആരോപണം. ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം നടത്തുകയും 1999 ഏപ്രിലില്‍ കേസ് ഫയല്‍ ചെയ്യുകയുമുണ്ടായി, കേസന്വേഷിക്കാന്‍ സര്‍ക്കാര്‍ യെല്ലപ്പ കമ്മീഷനെ ചുമതലപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സര്‍വേ ഓഫ് ഇന്ത്യയുടെ സാറ്റലൈറ്റ് മാപ്പിംഗ് സഹായത്തോടെ 23.69 ഏക്കര്‍ ഡെയ്‌സി കൈയ്യേറിയതായി കമ്മീഷന്‍ കണ്ടെത്തി.
കമ്മീഷന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും കോണ്‍ഗ്രസ് നേതാവായ അസൈനാര്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസു മുക്കി. തുടര്‍ന്ന് വനംവകുപ്പ് വീണ്ടും കോടതിയെ സമീപിച്ചു. 05 നമ്പര്‍ 12-2000 നമ്പറായി മടിക്കേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. കര്‍ണാടക ഗ്രീന്‍ ട്രൈബ്യൂണലിലും ആര്‍ഓഫ്എ നമ്പര്‍ 384-2011 നമ്പറായി പ്രസ്തുത കേസ് വിചാരണ ഘട്ടത്തിലാണെന്ന് പരാതിയുണ്ട്. കുടക് വനംകൊള്ളയില്‍ ജേക്കബ് തോമസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ കേരള ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായും വാര്‍ത്തയുണ്ട്. അങ്ങനെയാണെങ്കില്‍ ജേക്കബിന് കസേര ഒഴിയേണ്ടി വരും. എന്നാല്‍ ഈ കേസിനെല്ലാം മറുവാദങ്ങളും വിശദീകരണങ്ങളും ഉണ്ട്. സത്യാവസ്ഥ കോടതി കണ്ടെത്തട്ടെ.
ഒപ്പം പൊലീസിന്റെ തലപ്പത്തെ തമ്മിലടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത നിരാശ. ഡിജിപി ലോക്‌നാഥ് ബെഹ്‌റയൊഴികെയുള്ളവര്‍ പരസ്പരം തമ്മിലടിക്കുന്നുവെന്നാണ് വിലയിരുത്തല്‍. സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളില്‍ മുഖ്യമന്ത്രി കടുത്ത നിരാശനാണ്. അതുകൊണ്ട് ത്‌ന്നെ പൊലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചു പണിയും വരും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ നീക്കങ്ങളില്‍ ഐഎഎസ് ലോബിക്കൊപ്പം ഐപിഎസുകാരും നിലയുറപ്പിച്ചു. ഇതില്‍ പ്രകോപിതനായ ജേക്കബ് തോമസ് എടുത്ത നടപടികളിലും പിണറായി അതൃപ്തനാണ്. ഈ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ മുഖ്യമന്ത്രിയെടുക്കും.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ഇ മെയിലും മൊബൈല്‍ ഫോണും പൊലീസ് ചോര്‍ത്തിയെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആരോപണം സര്‍ക്കാരിനു പുതിയ തലവേദനയായി. ഐ.പി.എസ്.ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ സഹിക്കാനാവില്ലെന്നു കാട്ടി പദവി ഒഴിയുകയാണെന്നു പറഞ്ഞു കത്തു നല്‍കിയ ജേക്കബ് തോമസിനെ അനുനയിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഫോണ്‍ ചോര്‍ത്തുന്നുവെന്നു പറഞ്ഞ് അദ്ദേഹം ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തു നല്‍കിയത്. ഇത് വാര്‍ത്തയായതോടെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനവുമായെത്തി. നിര്‍ണ്ണായക ഘട്ടത്തില്‍ പിന്തുണച്ചിട്ടും ജേക്കബ് തോമസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ജേക്കബ് തോമസിനെ സര്‍ക്കാരിന് ഇഷ്ടമാണെങ്കിലും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയാല്‍ പിണറായി കടുത്ത തീരുമാനമെടുക്കും. രാഷ്ട്രീയക്കാരെക്കാള്‍ വലിയ കിടമത്സരവും കുതികാല്‍വെട്ടുമാണ് ഐഎഎസ് ഐപിഎസ് ലോബികള്‍ തമ്മില്‍ നടക്കുന്നത്. ഇവര്‍ക്കൊന്നും ജോലിയല്ല സ്ഥാനമാനങ്ങളും പദവിയുമാണ് പ്രധാനം. അതിനായി എന്തും ചെയ്യും അത്രമാത്രം.
https://www.facebook.com/Malayalivartha


























