സനയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് സൈബര്‍ ക്വട്ടേഷന്‍ നേതാവ്, പെണ്‍കുട്ടികളെ ഫേസ്ബുക്കിലൂടെ അപമാനിക്കുന്നത് ശീലമാക്കിയ ഫ്രീക്കന്‍

സ്ത്രീകളെ ശല്യം ചെയ്തിരുന്ന സൈബര്‍ ക്വട്ടേഷന്‍ നേതാവിനെ പെണ്‍കുട്ടികള്‍ നാടകീയമായി പിടികൂടി. സൈബര്‍ തെറിയനും അശ്ലീല കമന്റ് തൊഴിലാളി ഗ്രൂപ്പുകളുടെ നേതാവുമായ അമര്‍ജിത്ത് രാധാകൃഷണന്‍ എന്ന യുവാവിനെ പരാതിക്കാരില്‍ ഒരാളായ ദിയ സന എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയായിരുന്നു. സൗഹൃദം പ്രതീക്ഷിച്ചെത്തിയ അമര്‍ജിത്തിനെ ദിയയും മറ്റു പരാതിക്കാരികളും ചേര്‍ന്നു കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ''ഫേസ്ബുക്ക് ചാറ്റില്‍ അശ്ലീലം വിളമ്പിയ ചെറുപ്പക്കാരന്റെ ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ ദിയ വാളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കിങ്ങേഴ്സ് എന്ന ഗ്രൂപ്പില്‍ നിന്നും അലവലാതി ഷായി എന്ന ഫേക്ക്ഐഡിയില്‍ നിന്നും തെറിവിളികള്‍ വന്നുകൊണ്ടിരുന്നു. പോസ്റ്റില്‍ എന്നെ അനുകൂലിച്ച് സംസാരിച്ച രഹനാ ഫാത്തിമ എന്ന യുവതിക്ക് നേരെയും സൈബര്‍ ആക്രമണം ഉണ്ടായി. ഞങ്ങളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു മറ്റു ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്നത് പതിവാക്കിയ ഫേക്ക്ഐഡി സംഘം ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് തെറിവിളിക്കാന്‍ തുടങ്ങി. ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അമര്‍ജിത്ത് രാധാകൃഷ്ണനാണെന്ന് പിന്നീട് മനസ്സിലായി. സ്ഥിരമായി തെറിവിളിയും അപമാനിക്കലും പതിവായതോടെ ദിയ അടക്കമുള്ള പെണ്‍കുട്ടികള്‍ നിയമനടപടിക്ക് ഒരുങ്ങിയത്.
ഫേക്ക്ഐഡികളില്‍ നിന്നും പ്രോക്സി സംവിധാനങ്ങള്‍ ഉപയോഗിച്ചുമുള്ള നീക്കമായിരുന്നതിനാല്‍ പൊലീസിന് പ്രതികളെ കണ്ടെത്താനാകാത്തത് കേസിന് തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് ദിയസന അടക്കമുള്ള സുഹൃത്തുകള്‍ ചേര്‍ന്ന് പെണ്‍തെരുവ് എന്ന പ്രതിഷേധ പരിപാടി നടത്തിയത്. സ്ത്രീത്വത്തെ സൈബിറിടങ്ങളില്‍ അപമാനിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് 'പെണ്‍തെരുവ്' സംഘടിപ്പിച്ചത്. എന്നിട്ടും പൊലീസ് നടപടി എടുത്തില്ല.ഇതേ തുടര്‍ന്ന് സൗഹൃദം ഭാവിച്ച് അമര്‍ജിത്തുമായി ദിയ ചാറ്റ് ചെയ്തു. ചാറ്റില്‍ വിശ്വാസം തോന്നിയ അമര്‍ജിത്ത് നേരിട്ട് കാണാമെന്ന് സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എറണാകുളം റെയില്‍ വേ സ്റ്റേഷനിലെത്താന്‍ അമര്‍ജിത്തിനോട് ആവശ്യപ്പെട്ടു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ അമര്‍ജിത്തിനെ പരാതിക്കാരികളെല്ലാം ചേര്‍ന്ന് കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിലേല്‍പ്പിച്ചത്.''
സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുക, പിന്തുടര്‍ന്ന് ശല്യം ചെയ്യുക, വധഭീഷണി ന്നീ വകുപ്പുകള്‍ പ്രകാരമാണ് അമര്‍ജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു. അമര്‍ജിത്തിനെതിരെ എറണാകുളത്ത് മാത്രമായി എട്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ഥിനിയെ പുറകെ നടന്ന് ശല്യപ്പെടുത്തിയതിന്റെ പേരില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കോഴിക്കോട് സ്വദേശികളായ ദമ്പതികളെയാണ് സൈബര്‍ തെറിവിളി സംഘം ആക്രമിച്ചത്. കോഴിക്കോട് സ്വദേശിനിയിട്ട പോസ്റ്റില്‍ അമര്‍ജിത്ത് രാധാകൃഷ്ണന്‍ തെറിവളി ആരംഭിച്ചു. പ്രശ്നം രമ്യതയില്‍ എത്തിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും കിട്ടി തെറി. ബ്ലോക്ക് ചെയ്തു രക്ഷപെടാന്‍ ശ്രമിച്ചപ്പോല്‍ ഫേക്ക് ഐഡിയിലെത്തി തെറി വിളി ശക്തമാക്കിയതായി കോഴിക്കോട് സ്വദേശി പറഞ്ഞു. ഇതേതുടര്‍ന്നാണ് അമര്‍ജിത്തിനും 17 ഓളം ഫേക്ക്ഐഡികള്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
നാലുമാസങ്ങള്‍ക്ക് മുമ്പ് എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ വെച്ചാണ് സംഭവം. കൊച്ചിന്‍ സര്‍വകാശാലയില്‍ പിജി വിദ്യാര്‍ഥിനിയായ കാസര്‍കോട് സ്വദേശിയെയാണ് അമര്‍ജിത്ത് ശല്യപ്പെടുത്തിയത്. ഇയാളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് അമര്‍ജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം താക്കീത് ചെയ്തു വിട്ടയച്ചു. സംഭവത്തിന് ശേഷം പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണമാണ് അമര്‍ജിത്തും സംഘവും നടത്തിയത്. പെണ്‍കുട്ടി വീണ്ടും സ്റ്റേഷനില്‍ പരാതി കൊടുത്തു. എന്നിട്ടും തെറിവിളിക്കും അപമാനിക്കലും തുടര്‍ന്നതായി പെണ്‍കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha


























