ചന്ദ്രബോസ് കൊലക്കേസ് പ്രതി നിഷാമിനു ജയിലില്‍ ഫോണ്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയ മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിനു ജയിലില്‍ ഫോണ്‍ ചെയ്യാന്‍ സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ടു മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ എആര്‍ ക്യാംപിലെ മൂന്നു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി കെ.സഞ്ജയ്കുമാര്‍ ഗുരുഡിന്‍ സസ്‌പെന്‍ഡ് ചെയ്തു. സീനിയര്‍ സിപിഒ അജിത്കുമാര്‍, സിപിഒമാരായ വിനീഷ്, രതീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റി കൊന്നുവെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് മുഹമ്മദ് നിഷാം. ജയിലില്‍ കിടന്നും നിഷാം ഫോണ്‍ ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ജയിലില്‍ കിടക്കവെ ഫോണില്‍ സഹോദരങ്ങള്‍ക്കു നേരെ നിഷാം ഭീഷണി മുഴക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്.
രണ്ടു സഹോദരങ്ങളെയും ഭീഷണിപ്പെടുത്തുന്ന നിഷാം, താന്‍ പുറത്തിറങ്ങുമെന്നും സംഭാഷണത്തിനിടെ പറയുന്നുണ്ട്. നിഷാമില്‍ നിന്ന് വധഭീഷണി ഉണ്ടെന്നുകാട്ടി സഹോദരങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവം പുറത്തായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ ഡിജിപി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ശനിയാഴ്ച വൈകിട്ടുതന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ഡിഐജി ശിവദാസന്‍ തൈപ്പറമ്ബില്‍, നിഷാമില്‍നിന്ന് മൊഴിയെടുത്തു. നിഷാമിന്റെ ഫോണ്‍ വിളി കേസ് ആവശ്യത്തിനായി പൊലീസ് അകമ്ബടിയില്‍ ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























