പാരിസ് ആക്രമണം നടത്തിയവരെ പരിചയമുണ്ടെന്ന് തൊടുപുഴ ബന്ധമുള്ള ഭീകരന്‍ സുബഹാനി

കൊച്ചി: ലോകരാജ്യങ്ങളെ നടുക്കിയ പാരീസ് ആക്രമണം നടത്തിയ ഭീകരന്മാരെ തനിക്കറിയാമായിരുന്നെന്നു തൊടുപുഴ ബന്ധമുള്ള സുബഹാനി ഹാജാ മൊയ്തീന്‍.
രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) വിദേശ ക്യാമ്പുകളില്‍ ആയുധപരിശീലനം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തിയ തൊടുപുഴ സ്വദേശി മാളിയേക്കല്‍ സുബഹാനി ഹാജാ മൊയ്തീനെ ചോദ്യം ചെയ്യുന്ന അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 130 പേരുടെ ജീവനെടുത്ത പാരിസ് ആക്രമണത്തില്‍ പങ്കെടുത്തവരെ സുബഹാനിക്ക് അറിയാമായിരുന്നുവെന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്.
സുബ്ഹാനിയെ തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍നിന്നാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. കേരളത്തിലെ രണ്ടു ജഡ്ജിമാരെയും രണ്ടു ബിജെപി നേതാക്കളെയും വധിക്കാന്‍ പ്ലാനിടുന്നതിനിടയിലാണ് സുബ്ഹാനിയുള്‍പ്പെടെ ആറു യുവാക്കള്‍ പിടിയിലാകുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനമാണ് സുബഹാനി ചെന്നൈ വിമാനത്താവളം വഴി തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കടന്നത്. അവിടെവച്ച് പാകിസ്താനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിയവരോടൊപ്പം സുബഹാനി ഐഎസിന്റെ സ്വാധീന മേഖലയായ ഇറാഖിലേക്ക് കടക്കുകയായിരുന്നു. ഈ കാലഘട്ടത്തിലാണ് പാരീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ സലാഹ് അബ്ദസലാം, അബ്ദല്‍ ഹമീദ് അബാ ഔദ് എന്നിവരെ പരിചയപ്പെട്ടത്. ഇവരില്‍ അബ്ദല്‍ ഹമീദ് അബാ ഔദ് പാരിസിലെ തിയറ്ററില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ സലാഹ് അബ്ദസലാം ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിലാണ്.
നവംബറില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സുബഹാനി മാധ്യമങ്ങളിലൂടെയാണ് പാരിസ് ആക്രമണത്തെക്കുറിച്ചറിഞ്ഞത്. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍വച്ച് ആക്രമണം നടത്തിയവരെ കണ്ട കാര്യം അപ്പോള്‍ ഓര്‍ത്തുവെന്നും സുബഹാനി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കേസന്വേഷിക്കുന്ന എന്‍ഐഎ, ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നും, അവര്‍ ഇന്ത്യയിലെ ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിസിലെ ആക്രമണവുമായി ബന്ധപ്പെട്ടു ഫ്രഞ്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിന് ഇക്കാര്യം ഗൗരവപൂര്‍വം കണക്കിലെടുക്കുമെന്നാണു സൂചന.
ഇറാഖിലെ മൊസൂളില്‍ ഐഎസ് മേഖലകളില്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. പരിശീലനകാലത്തു മാസം 100 യുഎസ് ഡോളര്‍ വീതം (6500 രൂപ) വേതനം ലഭിച്ചിരുന്നതായും ഇയാള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. പാകിസതാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒപ്പമാണു ക്ലാസുകളിലും ആയുധപരിശീലനത്തിലും പങ്കെടുത്തത്. ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം തിരുനല്‍വേലിയിലാണു സുബഹാനി താമസിച്ചത്.
മൊസൂളിലെ പോര്‍മുഖത്തു സുഹൃത്തുക്കളായ രണ്ട് ഐഎസുകാര്‍ സൈന്യത്തിന്റെ ഷെല്‍ ആക്രമണത്തില്‍ കണ്‍മുന്നില്‍ കരിഞ്ഞുവീഴുന്നതു കണ്ടതോടെ ഭയപ്പെട്ടു ക്യാംപ് വിട്ടുപോന്നതായാണു സുബഹാനിയുടെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമങ്ങളിലെ ചില രഹസ്യ ഗ്രൂപ്പുകള്‍ വഴിയാണ് ഐഎസില്‍ ചേര്‍ന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha


























