നവജാത ശിശുവിന് മുലപ്പാല്‍ വിലക്കിയ സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍

നവജാത ശിശുവിന് മുലപ്പാല്‍ വിലക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന്റെ നിര്‍ദേശം.
കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബുബക്കറാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്നും മാതാവിനെ വിലക്കിയത്. കളംതോട് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പിതാവ് കുഞ്ഞിന് മുലപ്പാല്‍ വിലക്കിയതെന്നാണ് പിതാവിന്റെ വിശദീകരണം. ഈ നടപടിക്കെതിരെ നടപടിയെടുക്കണമെന്നാണ് കളക്ടര്‍ ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ തന്നെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാനും കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനും വേണ്ട നടപടി താമരശേരി ഡിവൈഎസ്പി സ്വീകരിച്ചു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സാമൂഹ്യനീതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിലെ പ്രോഗ്രാം ഓഫീസര്‍ നവജാത ശിശുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. നിര്‍ജ്ജലീകരണം കാരണം കുഞ്ഞിന് ക്ഷീണമുണ്ടെന്ന് ഓഫീസര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബുബക്കറാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്നും മാതാവിനെ വിലക്കിയത്. അഞ്ചുതവണ ബാങ്ക് വിളിച്ചശേഷം മാത്രം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന കളംതോട് സ്വദേശിയായ തങ്ങളുടെ നിര്‍ദേശിച്ചെന്നാണ് അബുബക്കറിന്റെ വിശദീകരണം.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഓമശേരി സ്വദേശിയായ അബുബക്കറിന്റെ ഭാര്യ ഹഫ്‌സത്ത് ആണ്‍കുട്ടിയെ പ്രസവിക്കുന്നത്. നിസ്‌കാര സമയം അറിയിക്കുന്നതിനുളള ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ, വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് പിതാവ് നിര്‍ബന്ധം പിടിച്ചു. പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നാല്‍ 24 മണിക്കൂര്‍ കുഞ്ഞിന് യാതൊന്നും നല്‍കാന്‍ പാടില്ല. ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരുന്നാല്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ പിതാവും ബന്ധുക്കളും ഇത് അനുസരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊലീസ് എത്തി അബുബക്കറിനോട് സംസാരിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. കളംതോടുളള ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പിതാവ് കുട്ടിക്ക് മുലപ്പാല്‍ നിഷേധിച്ചത്. പകരം തേനും വെള്ളവും നല്‍കുന്നുണ്ടെന്നും തന്റെ മൂത്ത മകനും മുലപ്പാല്‍ നല്‍കിയത് തങ്ങള്‍ നിര്‍ദേശിച്ച പ്രകാരമാണെന്നുമായിരുന്നു അബുബക്കറിന്റെ വിശദീകരണം.
നടപടിയെടുക്കാന്‍ നിര്‍ദേശിച്ച കളക്ടര്‍ ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലും കുറിച്ചിരുന്നു.
മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം അത് ഏതായാലും എന്തിന്റെ പേരിലായാലും. നവജാത ശിശുവിനെ പട്ടിണിക്കിടാന്‍ ഒരു മതവും പറയുമെന്ന് കരുതാന്‍ വയ്യ. പിറന്നു വീണ കുഞ്ഞിന് പാല്‍ നല്‍കരുതെന്ന് വാശി പിടിച്ച മുക്കത്തെ യുവാവും, ക്രൂരത ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചയാളും നല്ല 'ചികില്‍സ' ആവശ്യമുള്ളവരാണെന്നതില്‍ സംശയമില്ല.
നവജാതശിശുവിന് വേണ്ട പരിചരണവും മുലപ്പാലും നല്‍കാത്ത വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കുറ്റക്കാരയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും പിഞ്ചുകുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കാനും പോലീസിനും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമപരമായ നടപടികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സത്വരമായി ഇടപെട്ട് ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ തന്നെകുഞ്ഞിന് മുലപ്പാല്‍ നല്‍കാനും കുഞ്ഞിന്റെജീവന്‍ നിലനിര്‍ത്താനും വേണ്ട കര്‍ശനമായ നടപടികള്‍ സ്വീകരിച്ച താമരശേരി മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിഷയം പൊതുജന ശ്രദ്ധയിലെത്തിക്കാനുള്ള മാദ്ധ്യമ ജാഗ്രതയ്ക്കും അഭിനന്ദനങ്ങള്‍. ചുറ്റുപാടും നടക്കുന്ന ഇത്തരം കാര്യങ്ങള്‍ നമ്മളെ ചിന്തിപ്പിക്കണം, നമ്മളെങ്ങോട്ടാണ് പോകുന്നതെന്ന്.
https://www.facebook.com/Malayalivartha


























