പൊലീസ് ജീപ്പ് നിയന്ത്രണംവിട്ടു കടയിലേക്ക് ഇടിച്ചുകയറി തലനാരിഴയ്ക്കു വന്‍ അപകടം ഒഴിവായി

നിയന്ത്രണംവിട്ടു പാഞ്ഞ പൊലീസ് ജീപ്പ് വശത്തെ സ്വകാര്യ സ്ഥാപനത്തിന്റെ മതിലും ബോര്‍ഡും തകര്‍ത്തു വര്‍ക്ക്‌ഷോപ്പിലെ കാര്‍പോര്‍ച്ചില്‍ കയറിനിന്നു. ഇന്നലെ രാവിലെ വിഴിഞ്ഞം-വെങ്ങാനൂര്‍ റോഡിലുണ്ടായ സംഭവത്തില്‍ തലനാരിഴയ്ക്കു വന്‍ അപകടം ഒഴിവായി. വര്‍ക്ക്‌ഷോപ്പിലേക്കു വന്ന ബൈക്ക് യാത്രികന്‍ അജീഷും ജീപ്പിലുണ്ടായിരുന്ന വിഴിഞ്ഞം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജയകുമാറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബ്രഹ്മോസ് കരാര്‍ സ്ഥാപനമായ വര്‍ക്ക്‌ഷോപ്പിലെ കാര്‍പോര്‍ച്ചിലേക്കാണു ജീപ്പ് പാഞ്ഞെത്തി നിന്നത്.
രാവിലത്തെ ഡ്യൂട്ടി പട്രോളിങ്ങിനായി വെങ്ങാനൂര്‍ ഭാഗത്തേക്കു പോയ ജീപ്പ് ജംക്ഷനെത്തുന്നതിനു മുന്‍പുള്ള വാഹന സര്‍വീസ് സ്‌റ്റേഷന് എതിര്‍വശത്തെത്തിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ഇടതുവശത്തേക്കു പാഞ്ഞ ജീപ്പ് സമീപത്തെ ബ്രഹ്മോസ് കരാര്‍ വര്‍ക്ക്‌ഷോപ്പിന്റെ മതിലും ബോര്‍ഡും തകര്‍ത്തു മുന്നോട്ടുനീങ്ങി. ഗേറ്റ് തുറന്ന് അകത്തേക്കു കയറാനൊരുങ്ങിയ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ അജീഷിനു മതില്‍ തകര്‍ന്ന ഭാഗങ്ങള്‍ വീണാണു കൈക്കു പരുക്ക്. പിന്നീടും മുന്നോട്ടു പാഞ്ഞ ജീപ്പ് വര്‍ക്ക്‌ഷോപ്പിനോടനുബന്ധിച്ചു പായ്ക്കിങ്‌പ്ലൈവുഡ് സാധനങ്ങള്‍ക്കുമേല്‍ കയറിയാണു നിന്നത്.
ബ്രേക്ക് പെഡലിനു സമീപം ശുദ്ധജലം നിറച്ച കുപ്പി കിടന്നിരുന്നതിനാല്‍ ശരിയായി ബ്രേക്ക് ചെയ്യാനാകാത്തതാകാം അപകടകാരണമെന്നു സംശയിക്കുന്നതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. വീടിനോടു ചേര്‍ന്നു സ്ഥാപനം നടത്തുന്ന ഉടമയും മക്കളും പുറത്തേക്കിറങ്ങിയതിനു പിന്നാലെയായിരുന്നു അപകടം. വര്‍ക്ക്‌ഷോപ്പില്‍ ആളില്ലാതിരുന്നതും റോഡില്‍ കാല്‍നടയാത്രക്കാര്‍, മറ്റു വാഹനങ്ങള്‍ എന്നിവയൊന്നുമില്ലാത്തതും വന്‍ ദുരന്തമൊഴിവാക്കി.
https://www.facebook.com/Malayalivartha


























