പതിനാറാം വയസില്‍ അച്ഛനെ കുത്തികൊലപ്പെടുത്തി തുടക്കം, ശേഷം കള്ളുകച്ചവടം, ക്ഷേത്രത്തിലെ താഴികക്കുടം മുതല്‍ പാങ്ങോട് ബാങ്ക് മോഷണം വരെ നീളുന്ന കുറ്റകൃത്യങ്ങളുടെ നീണ്ട നിര, അറസ്റ്റിലായ മെറിന്‍ സ്വീറ്റിന്റെ മോഷണപ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയൊക്കെ

പാങ്ങോട് സഹകരണ സംഘത്തിലെ ലോക്കര്‍ പൊളിച്ചു മുന്നൂറു പവനും ഒന്നേകാല്‍ ലക്ഷത്തോളം രൂപയും കവര്‍ന്നതും പത്തനംതിട്ട കല്ലൂപ്പാറ ഭഗവതീക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തി സ്വര്‍ണ താഴികക്കുടം കവര്‍ന്നതും ഉള്‍പ്പെടെ കേസുകളിലെ മുഖ്യപ്രതി പാറശാല ചെറുവാരക്കോണത്തു മേലതില്‍വീട്ടില്‍ അജി, ബിജു എന്നീ പേരുകളില്‍ അറിയപ്പെടുന്ന മെറിന്‍ സ്വീറ്റിന്‍ (40) അറസ്റ്റിലായിരുന്നു. ചെറുവാരക്കോണം അജിയെന്ന മെറിന്‍ സ്വീറ്റീന്റെ പേരില്‍ കുറ്റകൃത്യങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. ആ മോഷണപ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ.
മെറിന്‍ തികഞ്ഞ ഈശ്വരവിശ്വാസി, ഓരോ മോഷണത്തിനു മുന്‍പും പൂജ നടത്തുന്നതു ശീലം. ഇയാള്‍ താമസിച്ചിരുന്ന വീടുകളിലും മറ്റും പ്രത്യേക പൂജാമുറിയും തയാറാക്കിയിരുന്നു. പതിനാറാം വയസ്സില്‍ അച്ഛന്‍ നേശയ്യനെ വെറും നൂറു രൂപ നല്‍കാത്തതിനാണു വീടിനടുത്തുവച്ചു കുത്തിക്കൊലപ്പെടുത്തി. അതായിരുന്നു മെറിന്റെ തുടക്കം. ഇതോടെ ജുവനൈല്‍ ഹോമിലായി. ജുവനൈല്‍ ഹോമില്‍ നിന്നിറങ്ങിയ ഇയാള്‍ വ്യാജ സ്പിരിറ്റ് കച്ചവടത്തിലേക്കു തിരിഞ്ഞു. പാറശാല ഉള്‍പ്പെടെയുള്ള തെക്കന്‍ പ്രദേശങ്ങളിലെ പ്രധാന സ്പിരിറ്റ് കച്ചവടക്കാരനായി മാറി. തുടര്‍ച്ചയായി പൊലീസ് പിടിയിലായതോടെ മണല്‍കടത്തിലേക്കു തിരിഞ്ഞു.
മെറിന്റെ കുറ്റകൃത്യങ്ങളുടെ നാള്‍ വഴികള്‍ ഇതൊക്കെയായിരുന്നു; സ്പിരിറ്റ് കച്ചവടത്തില്‍ നിന്നും മാറി,
മണല്‍കടത്തിനിടയില്‍ പരിചയപ്പെട്ട അജീഷ് എന്നയാളുമായി ചേര്‍ന്നു 12 തവണ മാല പിടിച്ചുപറിച്ചു. കൊല്ലങ്കോട്, പുതുക്കട, നിദ്രവിള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇതിന്റെ പേരില്‍ അനവധി കേസുകള്‍. ഇതിനെ തുടര്‍ന്നു കുഴിത്തുറ സബ് ജയിലിലായി. ഇവിടെ വച്ചാണ് കല്ലൂപ്പാറ ക്ഷേത്രത്തിലെ താഴികക്കുടം മോഷണം പാങ്ങോട് ബാങ്ക് കേസ് എന്നിവയിലെ സഹായികളായിമാറിയ റെജി, അയ്യപ്പന്‍ എന്നിവരുമായി പരിചയപ്പെടുന്നത്. ജയിലില്‍ വച്ച് ഇവര്‍ മോഷണം പ്ലാന്‍ ചെയ്യുന്നു. ജയിലില്‍ നിന്നിറങ്ങിയ ഇവര്‍ പത്തനംതിട്ട കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിലെ നാലു കിലോയോളം തൂക്കമുള്ള സ്വര്‍ണ താഴികക്കുടം ക്ഷേത്രത്തിലെ സെക്യൂരിറ്റിയെ ആക്രമിച്ച് അന്തേവാസിയെ കൊലപ്പെടുത്തി മോഷ്ടിച്ചു.
തുടര്‍ന്നു പാങ്ങോട് ബാങ്ക് കവര്‍ച്ച. ഇതിനായി വന്‍ ആസൂത്രണമായിരുന്നു നടത്തിയത്. ബാങ്കിനടുത്തായി വീട് വാടകയ്‌ക്കെടുക്കുന്നു. അജിയും (മെറിന്‍), റെജിയും ഈ കേസില്‍ ഉള്‍പ്പെട്ട ഷൈജു, ഭാര്യ അമ്മു എന്നു വിളിക്കുന്ന സിന്ധു എന്നിവര്‍ ചേര്‍ന്നു മോഷണം നടത്താനായി പദ്ധതി തയാറാക്കുന്നു. വലിയവിളയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നു മോഷണത്തിനു രണ്ടു ദിവസം മുന്‍പ് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തു ബാങ്ക് പരിസരത്ത് ഇടുന്നു. ഇതിനു ശേഷം ബാങ്കിലെ ജനല്‍ക്കമ്പികള്‍ അറുത്തുമാറ്റി. ലോക്കര്‍ ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ചു മുറിച്ച് മുന്നൂറോളം പവനും ഒന്നേകാല്‍ ലക്ഷത്തോളം രൂപയും കവര്‍ന്നു. അജി ഒഴികെയുള്ളവരെ അക്കാലത്തു തന്നെ പിടികൂടി. ഇയാള്‍ കഴിഞ്ഞ നാലു വര്‍ഷമായി ഒളിവിലായിരുന്നു. അവസാനം പൊലീസ് കൈകളില്‍.
https://www.facebook.com/Malayalivartha


























