പിണറായിയെ ഒതുക്കാന്‍ വിഎസ് കോടിയേരി ഭായിഭായി: വിഎസിനെതിരെ നടപടി വരാത്തതിനു പിന്നില്‍ കോടിയേരിയുടെ സമ്മര്‍ദ്ദം

കേരളത്തിലെ സംഘടനാ പ്രശനങ്ങള്‍ പരിഗണിക്കുന്ന പി.ബി.കമ്മീഷന്‍ വിഎസിനെതിരെ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്യാത്തതിന് പിന്നില്‍ കോടിയേരിയുടെ സമ്മര്‍ദ്ദം. വിഎസിനെതിരെ ഒരു നടപടിയും വേണ്ടെന്നും അദ്ദേഹം സിപിഎമ്മിന്റെ സമാരാധ്യനായ നേതാവാണെന്നും കോടിയേരി പാര്‍ട്ടി കമ്മീഷനെയും സീതാറാം യച്ചൂരിയെയും അറിയിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേരുന്ന പിബി പരിശോധിക്കുമ്പോള്‍ വിഎസിന് അനുകൂല നിലപാടായിരിക്കും പാര്‍ട്ടി കേരള ഘടകം സ്വീകരിക്കുക.
പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ വിഎസിനെതിരെ നല്‍കിയ പരാതികളും കോടിയേരി സെക്രട്ടറിയായിരിക്കുമ്പോള്‍ നല്‍കിയ പരാതികളും പരിശോധിക്കാന്‍ സിപിഎം കേരള ഘടകത്തിന് ഇപ്പോള്‍ താത്പര്യമില്ല
വിഎസിന് സെക്രട്ടറിയേറ്റ് അനക്‌സില്‍ തന്നെ ഓഫീസ് അനുവദിക്കണമെന്ന നിലപാടും സംസ്ഥാന കമ്മിറ്റി സ്വീകരിച്ചേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പിണറായിക്ക് കത്ത് നല്‍കാനിടയുണ്ട്. മുഖ്യമന്ത്രിയായ ശേഷമുള്ള പിണറായിയുടെ നിലപാടുകളാണ്. പാര്‍ട്ടിയെ ഒന്നടങ്കം അദ്ദേഹത്തിന് എതിരാക്കിയത്.
കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനും ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കാനുമാണ് കോടിയേരിയുടെ നീക്കം. പാര്‍ട്ടി തനിക്കൊപ്പം നില്‍ക്കണമെങ്കില്‍ താന്‍ സര്‍ക്കാരിനെതിരാകണമെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നതെന്ന് കോടിയേരി വിശ്വസിക്കുന്നു. കാരണം കേരളത്തിലെ ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും സര്‍ക്കാരിനോട് എതിര്‍പ്പിലാണ്.
പണ്ട് എ.കെ ആന്റണി അധികാരത്തിലെത്തിയതു പോലുള്ള അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ആന്റണി മുഖ്യമന്ത്രിയായതു കൊണ്ട് കെ പി സിസി ഓഫീസിലെ തെരുവുനായക്ക് പോലും ഗുണമുണ്ടായില്ലെന്നാണ് പരാതി. അന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ അതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയുണ്ടായിരുന്നു. ആദര്‍ശം പറയുന്ന പിണറായി സര്‍ക്കാര്‍ കാരണം ഒരു പാര്‍ട്ടി പ്രവര്‍ത്തകനും ഗുണം ഉണ്ടായിട്ടില്ലെന്നാണ് പരാതി. സിപിഎമ്മിനു വേണ്ടി ജീവന്‍ കളഞ്ഞ പ്രവര്‍ത്തകര്‍ക്ക് ഒരു ദിവസ വേതന ജോലിയെങ്കിലും സര്‍ക്കാരില്‍ ലഭിക്കാത്തതിലും പാര്‍ട്ടിക്ക് അമര്‍ഷമുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ കയറൂരി വിടുന്നതിലും സിപിഎം ഔദ്യോഗിക നേതൃത്വത്തിന് അമര്‍ഷമുണ്ട്. കെ എം എബ്രഹാമിനെതിരായ അന്വേഷണത്തിലും പാര്‍ട്ടിക്ക് താത്പര്യമില്ല. കെ എം എബ്രഹാം സിപിഎം ഔദ്യോഗിക പക്ഷവുമായി കൂറു പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ്. കെ എം എബ്രഹാമിന്റെ വീട്ടിലെ പരിശോധനയ്‌ക്കെതിരെ സിപിഎം ഔദ്യോഗിക പക്ഷം രംഗത്തു വന്നിരുന്നു . പിണറായിയോട് ഇക്കാര്യങ്ങളൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നണ് പാര്‍ട്ടിയുടെ പരാതി.
വിഎസിനെതിരെ സംസ്ഥാന കമ്മിറ്റി നിലപാട് എടുക്കാത്തത് പിണറായിക്കുള്ള അടിയാണ്. വിഎസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് പിണറായിയുടെ ഇപ്പോഴത്തെയും നിലപാട്. എന്നാല്‍ പാര്‍ട്ടിക്ക് ആരുടെയും പക്ഷം പിടിക്കാനാവില്ലെന്നാമ് കോടിയേരി പറയുന്നു. മിതവാദമാണ് കോടിയേരിയുടെ ശൈലി മാത്രവുമല്ല വിഎസിനെതിരെ നടപടിയെടുത്താല്‍ അണികള്‍ എതിരാകുമെന്നും കോടിയേരി സംശയിക്കുന്നു. പാര്‍ട്ടിയില്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രചാരകനായ വിഎസിന് ഇപ്പോഴും നല്ലൊരു ശതമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെയും പിന്തുണയുണ്ട്.
https://www.facebook.com/Malayalivartha


























