മുന്‍ വിദ്യാഭ്യാസ മന്ത്രിക്കായി ഇസ്ലാമിക് ഹിസ്റ്ററിയില്‍ പിഎച്ച്ഡി തുടങ്ങിയെന്ന് പരാതി; കെ.എം എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം

കെ എം എബ്രഹാമിനെതിരെയുള്ള കുരുക്ക് മുറുക്കി വീണ്ടും ജേക്കബ് തോമസ്. ഒരിടവേളക്കുശേഷം ഐഎഎസ് ഐപിഎസ് തമ്മിലടി വീണ്ടും രൂക്ഷം. കടുത്ത നടപടിക്ക് ജേക്കബ് തോമസ് ഒരുങ്ങുന്നതായി സൂചന.
ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സിന്റെ അന്വേഷണം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വൈസ് ചാന്‍സിലര്‍ എന്നീ പദവികള്‍ ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് കെ.എം എബ്രഹാമിനെതിരെ വിജിലന്‍സ് വീണ്ടും അന്വേഷണം പ്രഖ്യാപിച്ചത്. ഡയറക്ടര്‍ ജേക്കബ് തോമസ് ത്വരിതപരിശോധനയ്ക്ക് ഉത്തരവിടുകയും ചെയ്തു. യൂണിവേഴ്‌സിറ്റി കോളെജ് മുന്‍ പ്രിന്‍സിപ്പലായിരുന്ന ഡോ.ശരത് ചന്ദ്രനാണ് കെ.എം എബ്രഹാമിനെതിരെ വിജിലന്‍സില്‍ പുതിയ പരാതി നല്‍കിയത്.
എബ്രഹാം വിസി പദവിയിലിരുന്ന് യുജിസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രിന്‍സിപ്പല്‍മാരുടെയും ലൈബ്രേറിയന്‍മാരുടെയും നിയമനം നടത്തി, ലൈബ്രേറിയന്‍മാര്‍ക്ക് മാനദണ്ഡം ലംഘിച്ച് യുജിസി പദവി നല്‍കി, മുന്‍ വിദ്യാഭ്യാസമന്ത്രിക്ക് വേണ്ടി ഇസ്ലാമിക് ഹിസ്റ്ററിയില്‍ പിഎച്ച്ഡി തുടങ്ങി എന്നിങ്ങനെയാണ് ശരത് ചന്ദ്രന്‍ എബ്രഹാമിനെതിരെ നല്‍കിയ പരാതിയിലുളള പ്രധാനപ്പെട്ട കാര്യങ്ങള്‍. കൂടാതെ എബ്രഹാം ഇത്തരത്തില്‍ നടത്തിയ നിയമനങ്ങള്‍ വഴി 20 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്നും പരാതിയില്‍ പറയുന്നു.
വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നിലവില്‍ കെ.എം എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.എം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് നേരത്തെ വിവാദമായിരുന്നു. കെ.എം. എബ്രഹാം അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്നു കോടതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം പൂജപ്പുരയിലെ ഫ്‌ളാറ്റില്‍ പരിശോധന.
പരിശോധന സമയത്ത് കെ.എം എബ്രഹാമിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്‌ളാറ്റിന്റെ വിസ്തീര്‍ണം അളക്കുകയും മറ്റ് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് വിജിലന്‍സിനെതിരെ പരാതിയുമായി എബ്രഹാം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. സെര്‍ച്ച് വാറണ്ടില്ലാതെയും ചട്ടങ്ങള്‍ പാലിക്കാതെയും കെ.എം എബ്രഹാമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് ഗൗരവമുളളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും പിന്നാലെ വിജിലന്‍സ് എസ്പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























