പഴയ നോട്ട് മാറുന്നതിന് വിരലില്‍ പുള്ളികുത്തല്‍ ഇന്ന് തുടങ്ങും; മൈസൂര്‍ പെയിന്റ്‌സിന് തിരക്കോട് തിരക്ക്

ബാങ്കുകളില്‍ കറങ്ങിനടന്ന് കള്ളപ്പണക്കാരെയും വ്യാജന്‍മാരെയും സഹായിക്കുന്നവര്‍ക്ക് പിടിവീഴും. കള്ളപ്പണം എത്തുന്നത് തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നോട്ട് നിയന്ത്രണം ഫലപ്രദമായോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍ നോട്ട് മാറാന്‍ എത്തുന്നവര്‍ കള്ളപ്പണക്കാരെ സഹായിക്കുന്നത് തടയാന്‍ ആര്‍ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന വിരലില്‍ മഷി പതിക്കുന്ന പരിപാടി ഇന്നു മുതല്‍ തുടങ്ങും. ഒരു തവണ നോട്ടു മാറിയവര്‍ വീണ്ടും വീണ്ടും എത്തുന്നത് തടയുന്നതിനായി ചൂണ്ടു വിരലില്‍ മഷി പതിക്കുന്ന സംവിധാനം ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ഇതിനായി പെട്ടെന്ന് മായാത്ത മഷി നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈസൂര്‍ പെയിന്റസ് ആന്റ് വാര്‍ണിഷിംഗ് കമ്പനിയെ ചുമതലപ്പെടുത്തിയതായിട്ടാണ് വിവരം. തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയതിന്റെ അടയാളം നല്‍കുന്ന മായാത്ത മഷി നിര്‍മ്മിക്കുന്ന കമ്പനിയാണ് ഇത്. പുതിയ നിര്‍ദേശം കേന്ദ്ര സര്‍ക്കാരുകള്‍ ബാങ്കുകള്‍ക്ക് നല്‍കിയതോടെ വിവിധ ബാങ്കുകള്‍ കമ്പനിയെ സമീപിക്കുകയും കമ്പനി മഷി ഉല്‍പ്പാദനം തുടങ്ങുകയും ചെയ്തിട്ടുള്ളതായിട്ടാണ് വിവരം.
ആര്‍ബിഐ ഇതിനകം അഞ്ച് മില്ലി വീതമുള്ള 2,300 ചെറു കുപ്പികളാണ് ഏറ്റെടുത്തിട്ടുള്ളത്. ചൊവ്വാഴ്ച മുതല്‍ ബാങ്കുകളില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയിട്ടുള്ളതായി മൈസൂര്‍ പെയ്ന്റ്‌സ് കമ്പനിയുടെ ചെയര്‍മാന്‍ എച്ച് എ വെങ്കിടേശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അല്ലാതെ ഇത്രയും ഓര്‍ഡര്‍ കിട്ടുന്നത് ഇതാദ്യമാണെന്നാണ് അവര്‍ പറയുന്നത്്. ഇതിനകം ആര്‍ബിഐ ഡല്‍ഹി 500 കുപ്പികളും പഞ്ചാബ് നാഷണല്‍ ബാങ്ക് 20 കുപ്പികളും മഷി വാങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ബുധനാഴ്ച മുതല്‍ കൂടുതല്‍ ഉല്‍പ്പാദനത്തിനായി ഒരുങ്ങുകയാണ് കമ്പനി.
മൈസൂര്‍ മഹാരാജാവ് നല്‍വാഡി കൃഷ്ണരാജ വൊഡേയര്‍ 1937 ല്‍ തുടങ്ങിയ കമ്പനി ഇന്നും വിജയകരമായി പ്രവര്‍ത്തിക്കുകയാണ്. പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 1962 തെരഞ്ഞെടുപ്പ് മുതല്‍ കമ്പനിയുടെ മഷി ഉപയോഗിച്ചു തുടങ്ങി. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ഓഫ് ഇന്ത്യയുടെ കെമിക്കല്‍ ഫോര്‍മുലയാണ് മഷി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്
https://www.facebook.com/Malayalivartha


























