വൃശ്ചികം ഒന്ന് , ഇനി ശരണം വിളിയുടെ നാളുകള്‍; കഠിനവ്രതമെടുത്ത് കാനനവാസന്റെ അനുഗ്രഹം നേടാനായി ശബരിമലയിലേയ്ക്ക് ഭക്തജനപ്രവാഹം

ശബരിമല അയ്യപ്പന്റെ അനുഗ്രഹം തേടിയെത്തിയ കണ്ഠങ്ങളില്‍ നിന്നും ശരണം വിളി ഉയരവേ മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇനിയുള്ള 41 നാളുകള്‍ വ്രതപുണ്യത്തിന്റെ അമൃതുനുകര്‍ന്ന് ആയിരങ്ങള്‍ പതിനെട്ടാംപടി ചവിട്ടും.
ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി നട തുറന്ന് യോഗനിദ്രയില്‍ നിന്ന് അയ്യപ്പസ്വാമിയെ ഉണര്‍ത്തി. തുടര്‍ന്നു ഭക്തജന സാന്നിധ്യം അറിയിച്ച് ശ്രീലകത്ത് നെയ്‌വിളക്ക് കൊളുത്തിയ ശേഷം പതിനെട്ടാം പടി ഇറങ്ങി തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിച്ചു.
ഇവിടെ കാത്തു നിന്നിരുന്ന നിയുക്ത മേല്‍ശാന്തി എം. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയെ നിലവിലുള്ള മേല്‍ശാന്തി കൈപിടിച്ച് പതിനെട്ടാംപടികയറ്റി. ഒപ്പം നിയുക്ത മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരിയും പടി ചവിട്ടി. ഇരുവരും അയ്യപ്പ ദര്‍ശനംനടത്തിയതിന് ശേഷം രാത്രി ഏഴിന് പുതിയ മേല്‍ശാന്തിയുടെ അവരോധന ചടങ്ങ് നടന്നു. സോപാനത്ത് പത്മം വരച്ച് കലശം പൂജിച്ച ശേഷം നിയുക്ത മേല്‍ശാന്തിയെ അഭിഷേകം ചെയ്തു.
തുടര്‍ന്ന് തന്ത്രി മേല്‍ശാന്തിയെ കൈപിടിച്ച് ശ്രീലകത്തേക്ക് ആനയിച്ച് ഭഗവാന്റെ മൂലമന്ത്രം കാതില്‍ ഓതിയതോടെ അടുത്ത ഒരു വര്‍ഷത്തെ പുറപ്പെടാശാന്തിയായി അവരോധിക്കപ്പെട്ടു. രാത്രി പത്തിന് നട അടച്ച ശേഷം ശ്രീകോവിലിന്റെ താക്കോല്‍ സ്ഥാനം ഒഴിയുന്ന മേല്‍ശാന്തിഎസ്.ഇ. ശങ്കരന്‍ നമ്പൂതിരി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഏല്‍പ്പിച്ചു. തുടര്‍ന്ന് താക്കോല്‍ പുതിയ മേല്‍ശാന്തിക്ക് കൈമാറി
https://www.facebook.com/Malayalivartha


























