പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ നാലു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. രണ്ടുപേര്‍ മരിച്ചു. ഇരമല്ലിക്കര ശ്രീഅയ്യപ്പാ ദേവസ്വം ബോര്‍ഡ് കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
ദക്ഷിണ റെയില്‍വേയില്‍ എറണാകുളത്തു മെക്കാനിക്കല്‍ എന്‍ജിനിയറായ ചെന്നിത്തല കാരാഴ്മ പടിഞ്ഞാറ് ഇളന്തോടത്ത് ഗീതാമൃതത്തില്‍ഗോപകുമാറിന്റെയും ബിന്ദുവിന്റെയും മകന്‍ ഇ.ജി. രാഹുല്‍ (19), കൊല്ലം ശൂരനാട് പതാരം സായികൃപ ഇരവിച്ചിറ നടുവില്‍ പരേതനായ ബിനുകുമാറിന്റെയും പ്രീതയുടെയും മകന്‍ എസ്.ബി. അനന്തു(19) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സച്ചിന്‍(19), അനന്ദു(19) എന്നിവര്‍ രക്ഷപ്പെട്ടു.
പമ്പാനദിയുടെ കുറുകെയുള്ള ഇരമല്ലിക്കര കീഴ്‌ചേരിവാല്‍ കടവ് പാലത്തിനു താഴെ ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. രാവിലെ കോളജിലെത്തിയ ഇവര്‍ ക്ലാസില്‍ കയറാതെ ഉച്ചയോടെ പാലത്തിനു താഴെയുള്ള കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നീന്തുന്നതിനിടെ രാഹുലും അനന്തുവും ഒഴുക്കില്‍പ്പെട്ടു. സച്ചിനും അനന്ദുവും കരയോട് ചേര്‍ന്നായതിനാല്‍ അപകടത്തില്‍പ്പെട്ടില്ല. ഒഴുക്കില്‍പ്പെട്ടവരെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇവര്‍ ബഹളം വച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. അപ്പോഴേക്കും രാഹുലും അനന്തുവും മുങ്ങിത്താഴ്ന്നിരുന്നു.
മണല്‍വാരല്‍ മൂലം രൂപപ്പെട്ട വലിയ കുഴികളാണ് അപകടകാരണമെന്ന് കരുതുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍നിന്നും തിരുവല്ലയില്‍നിന്നും അഗ്‌നിശമനസേനയും പോലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. നാട്ടുകാരും മണല്‍വാരല്‍ തൊഴിലാളികളും തെരച്ചിലിന് ഒപ്പം കൂടി. വള്ളങ്ങളിലും സ്പീഡ് ബോട്ടിലും തെരച്ചലില്‍ നടത്തിയതിനെത്തുടര്‍ന്ന് മൂന്നുമണിയോടെ അനന്തുവിന്റെ മൃതദേഹം കടവിനു ദൂരെ മാറിയുള്ള മുളംകൂട്ടത്തില്‍ നിന്നും കണ്ടത്തി. നാലുമണിയോടെ രാഹുലിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. രണ്ടുപേര്‍ക്കും നീന്തല്‍വശമില്ലായിരുന്നു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഉപകരണങ്ങള്‍ ഇല്ലാതെയാണ് അഗ്‌നിശമനസേന എത്തിയത്. രാഹുലിന്റെ സഹോദരന്‍: ഇ.ജി. ഗോകുല്‍. അനന്തുവിന്റെ സഹോദരി: ദേവിപ്രിയ
https://www.facebook.com/Malayalivartha


























