അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ വലതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടി തുടങ്ങി

നോട്ട് അസാധുവാക്കിയതിന് പിന്നാലെ നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനുളള തീരുമാനം നടപ്പാക്കി തുടങ്ങി. അതെസമയം അക്കൗണ്ടുളള ബ്രാഞ്ചില്‍ നിന്നും നോട്ടുകള്‍ മാറുന്ന ഇടപാടുകാരുടെ കൈയില്‍ മഷി പുരട്ടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൂടാതെ 5000 രൂപയില്‍ അധികമുളള ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കലിന് പണം തിരികെ നല്‍കില്ലെന്നും വിശദമാക്കിയിട്ടുണ്ട്. ഈ മാസം 24ാം തിയതി വരെയാണ് നിയന്ത്രണം. സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് മഷിപ്രയോഗമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.
ഒരാള്‍ തന്നെ നിരവധി തവണ നോട്ടുകള്‍ മാറാന്‍ എത്തുന്നത് ബാങ്കുകളെ ബുദ്ധിമുട്ടിക്കുന്നതിനെ തുടര്‍ന്നാണ് ഇന്നലെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം എത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് രേഖപ്പെടുത്തുമ്പോള്‍ മഷി പുരട്ടുന്ന രീതിയില്‍ തന്നെയാണ് നോട്ടിനായുളള മഷിപ്രയോഗവും. വോട്ട് ചെയ്യുമ്പോള്‍ ഇടത് കൈയിലെ ചൂണ്ട് വിരലില്‍ ആയിരുന്നു മഷിയടയാളമെങ്കില്‍ നോട്ടുമാറുമ്പോള്‍ വലതുകൈയുടെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. ചില സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മഷി പുരട്ടുന്ന കൈയുടെ കാര്യത്തില്‍ ഇത്തരം തീരുമാനം കൈക്കൊണ്ടത്. തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചിരുന്ന അതെമഷി തന്നെയാണ് നോട്ടിനുളള അടയാളം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്നത്. ബാങ്കുകളിലേക്ക് ആവശ്യമായ മഷി എത്തിച്ചുകഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
അതെസമയം ഒരുദിവസം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 4000 ആയി വര്‍ധിപ്പിക്കാനുളള മുന്‍ തീരുമാനം ഉടനടി നടപ്പിലാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എടിഎമ്മുകള്‍ പുഃനക്രമീകരിക്കാത്തതാണ് ഇതിനു കാരണം. ആദ്യ ആഴ്ചകളില്‍ രണ്ടായിരം രൂപ വീതവും നവംബര്‍ 19 മുതല്‍ 4000 രൂപവീതവും പിന്‍വലിക്കാം എന്നായിരുന്നു പ്രധാനമന്ത്രി മോഡിയുടെ ആദ്യ പ്രഖ്യാപനം. എന്നാല്‍ പുനഃക്രമീകരിച്ച എടിഎമ്മുകളില്‍ നിന്നും നിലവില്‍ 2500 രൂപ വീതം മാത്രമെ പിന്‍വലിക്കാന്‍ സാധിക്കു. മറ്റ് എടിഎമ്മുകളില്‍ നിന്നും രണ്ടായിരം രൂപയായിരിക്കും പിന്‍വലിക്കാന്‍ സാധിക്കുന്നത്.
എന്നാല്‍, ജനങ്ങളെ നിയന്ത്രിക്കാനുള്ള ഇത്തരമൊരു നടപടിക്കെതിരെ വിമര്‍ശനം ശക്തമാണ്. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ ഈ മഷിപുരട്ടല്‍ ബാധിക്കുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ബീഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ് ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിലെ നാല് ലോക്‌സഭാ സീറ്റുകളിലേയ്ക്കും മറ്റ് എട്ട് നിയമസഭാ സീറ്റുകളിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പാണ് നവംബര്‍ 19ന് നടക്കുന്നത്.
https://www.facebook.com/Malayalivartha


























