കോടതി യുവതിയോട് കനിഞ്ഞു: 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് അനുമതി

നീറുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ സാധാരണക്കാരന്റെ അത്താണിയാണ് കോടതിയെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. പീഡനത്തിനിരയായി ഗര്‍ഭിണിയായ യുവതിക്ക് 20 ആഴ്ച വളര്‍ച്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഗര്‍ഭഛിദ്രത്തിനായി കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിയെങ്കിലും ഗര്‍ഭം 20 ആഴ്ച പിന്നിട്ടതിനാല്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് കോടതിയില്‍ എത്തിയത്.
ഹര്‍ജിക്ക് ആധാരമായ സംഭവത്തില്‍ കുട്ടിക്കു ജന്മം നല്‍കാന്‍ ഹര്‍ജിക്കാരി മാനസികമായി സജ്ജമല്ലെന്നും അത്തരമൊരു സാഹചര്യം കടുത്ത മാനസികാഘാതത്തിനു കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഇളവിന് അര്‍ഹമായ കേസായി ഇതു പരിഗണിക്കേണ്ടതാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധനയ്ക്കു സാംപിള്‍ ശേഖരിച്ചു സംരക്ഷിക്കാന്‍ പീഡനക്കേസിന്റെ ചുമതലയുള്ള പൊലീസ് ഓഫിസര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
നിയമപ്രകാരം സാധാരണനിലയ്ക്ക് 20 ആഴ്ച വരെയാണു വ്യവസ്ഥകള്‍ക്കു വിധേയമായി ഗര്‍ഭഛിദ്രം സാധ്യമാകുക. ഗര്‍ഭിണിയുടെ ജീവന്‍ സംരക്ഷിക്കാന്‍ അനിവാര്യമെന്നു കണ്ടാല്‍ രണ്ടു ഡോക്ടര്‍മാരുടെ വിദഗ്ധാഭിപ്രായം മാനിച്ച് ഇളവു സാധ്യമാണ്. പ്രത്യേക സാഹചര്യത്തില്‍ 24 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതും കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഉപദേശം തേടാം.
മെഡിക്കല്‍ കോളജ് അധികൃതര്‍ നിയമാനുസൃതം നടപടികള്‍ പൂര്‍ത്തിയാക്കി ഗര്‍ഭഛിദ്രത്തിന് അവസരമൊരുക്കണം. കോടതിവിധി ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്നും നിര്‍ദേശിച്ചു. തനിക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് വിവാഹവാഗ്ദാനം നടത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നു ഹര്‍ജിക്കാരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























