കോവളത്തു വന്നിറങ്ങിയ ടൂറിസ്റ്റുകള്‍ വെട്ടില്‍

നോട്ട് വിഷയത്തില്‍ ടൂറിസം മേഖലയ്ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.ടൂറിസം സീസണ്‍ തിരക്ക് തുടങ്ങിയ കോവളത്തു വന്നിറങ്ങിയ ടൂറിസ്റ്റുകള്‍ വെട്ടില്‍. വിദേശികളുള്‍പ്പെടെ കോവളത്തേക്കു വരാന്‍ തയാറെടുത്ത അനവധി സഞ്ചാരികള്‍ ടൂര്‍ റദ്ദാക്കി.ചിലര്‍ ഇവിടംവിട്ടു ശ്രീലങ്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു പറക്കാനൊരുങ്ങുന്നു. കോവളത്ത് ഏപ്രില്‍മേയ് വരെ നീളുന്ന വിശാല ടൂറിസം സീസണിന്റെ തിരക്ക് തുടര്‍ന്ന അവസരത്തിലാണ് ഇടിത്തീ പോലെ നോട്ട് വിഷയം വന്നുവീണത്. കോവളത്തു വന്നിറങ്ങിയ വിദേശ സഞ്ചാരികളെല്ലാം സംഭവമറിഞ്ഞ് അന്തംവിട്ടു നില്‍ക്കുകയാണ്. കയ്യില്‍ പണമുണ്ടായിട്ടും ചെലവിടാനാകാത്ത വിരോധാഭാസത്തിന്റെ ഞെട്ടലിലാണു കോവളം തീരം. പലരും തങ്ങുന്ന ഹോട്ടല്‍ അധികൃതരുടെ കാരുണ്യത്തിലാണു കഴിയുന്നത്.അത്യാവശ്യം ചെലവിനുള്ള പണം നല്‍കിയാണു സഞ്ചാരികളെ ഹോട്ടലുകാര്‍ സഹായിക്കുന്നത്. തീരത്തെ പഴക്കച്ചവടക്കാര്‍ മുതല്‍ മുന്തിയ ഹോട്ടലുകള്‍ വരെ നോട്ട്‌വിഷയ ദുരിതം അനുഭവിക്കുന്നു. തീരത്തെ തണല്‍ക്കുടകള്‍ക്കു കീഴില്‍ സഞ്ചാരികളുടെ സാന്നിധ്യം നന്നേ കുറവ്. ആദ്യ ദിവസങ്ങളില്‍ മണി എക്‌സ്‌ചേഞ്ച് ഏജന്‍സികള്‍ പണം മാറ്റിനല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ചില്ലറക്ഷാമം രൂക്ഷമായതോടെ അവര്‍ക്കു നോട്ട് മാറിനല്‍കാന്‍ കഴിയുന്നില്ല.
ഇതോടെയാണു സഞ്ചാരികള്‍ ചില്ലറയ്ക്കും പുതിയ നോട്ടുകള്‍ക്കുമായി നെട്ടോട്ടത്തിലായത്.എന്തു ചെയ്യുമെന്ന അങ്കലാപ്പിലാണു പലരും. ചില റസ്റ്ററന്റുകളാകട്ടെ, കച്ചവടം നടക്കട്ടെയെന്നു കരുതി നിവൃത്തിയില്ലാതെ പഴയ നോട്ടുകള്‍ വാങ്ങി സഞ്ചാരികളെ സഹായിക്കുന്നുണ്ടെങ്കിലും ഇതും വൈകാതെ നിലയ്ക്കും. ഈ ടൂറിസ്റ്റ് സീസണ്‍ കൊഴുക്കുമെന്ന് ഏവരും കരുതിയിരിക്കെയായിരുന്നു അപ്രതീക്ഷിത നോട്ട്‌വിഷയം വന്നതെന്നു ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. കോവളത്തേക്കു വരാന്‍ പദ്ധതിയിട്ട ജര്‍മന്‍, ഇംഗ്ലണ്ട് തുടങ്ങി മറ്റനവധി രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ യാത്ര റദ്ദാക്കിയതായി ഓപ്പറേറ്റര്‍മാര്‍ പരിതപിക്കുന്നു. ഇവിടെ തങ്ങുന്നവരാകട്ടെ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കു രക്ഷപ്പെട്ടോടാന്‍ ആലോചിക്കുകയാണ്.
https://www.facebook.com/Malayalivartha


























