നോട്ടു നിരോധനത്തിന്റെ മറവില്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ റിസര്‍വ് ബാങ്കിനു മുന്നില്‍ നാളെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യഗ്രഹം

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നാളെ റിസര്‍വ് ബാങ്കിനു മുന്നില്‍ സത്യഗ്രഹമിരിക്കും. നോട്ടു നിരോധനത്തിന്റെ മറവില്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെയാണ് സമരം. രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെയാണു സമരം. കേന്ദ്ര തീരുമാനത്തിനെതിരെ കേരളത്തിന്റെ പൊതുവായ വികാരം പ്രകടിപ്പിക്കേണ്ടതുണ്ട്. അതിന്റെ ആദ്യപടിയെന്ന നിലയ്ക്കാണു നാളെ നടത്തുന്ന സത്യഗ്രഹമെന്നു മുഖ്യമന്ത്രി പറഞ്ഞു. സമരത്തില്‍ സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.
നമ്മുടെ നാട് ശക്തമായി എതിര്‍ക്കേണ്ട സമരമായതിനാലാണ് ഇത്തരമൊരു പരിപാടി. 21ന് വൈകിട്ടു മൂന്നിനു സര്‍വകക്ഷി യോഗം ചേരും. അതില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കും. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളോടും യോജിപ്പാണുള്ളത്. കേരളത്തിന്റെ സഹകരണ മേഖല തകരുക എന്നതു കേരളത്തിന്റെ സാമ്ബത്തിക മേഖല തകരുക എന്നതാണ്. ഇതേ നിലപാടാണു പ്രതിപക്ഷത്തിനുമുള്ളതെന്നും പിണറായി പറഞ്ഞു.
സര്‍വകക്ഷി യോഗത്തിലേക്കു ബിജെപിയേയും ക്ഷണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും നോട്ടുകള്‍ മാറ്റിനല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് കേന്ദ്രത്തിന്റേതെന്നും ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.
സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ തയാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കേരളത്തിന്റെ സമ്ബദ്‌മേഖലയെ താങ്ങിനിര്‍ത്തുന്നതില്‍ സഹകരണമേഖലയ്ക്ക് വലിയ പങ്കാണ് ഉള്ളത്. നോട്ട് പ്രതിസന്ധിയുടെ മറവില്‍ സഹകരണപ്രസ്ഥാനങ്ങള്‍ക്ക് നേരെ ബിജെപി നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫുമായി സഹകരിച്ച് പോരാടാന്‍ യുഡിഎഫ് സന്നദ്ധരാണ്. പ്രതിഷേധത്തിന്റെ രൂപം സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
https://www.facebook.com/Malayalivartha


























