കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് നിരപരാധിയായ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; സംഭവം പൊന്നാനിയില്‍

കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് നാടോടിയായ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പൊന്നാനി എംഇഎസ് കോളേജിനടുത്ത് നിന്നാണ് നാട്ടുകാര്‍ യുവതിയെ പിടികൂടി മര്‍ദ്ധിച്ചത്. വര്‍ഷങ്ങളായി ചങ്ങരംകുളത്ത് താമസിക്കുന്ന യുവതി പഴയ വസ്ത്രങ്ങള്‍ ശേഖരിച്ചാണ് ജീവിക്കുന്നത്. പതിവ് പോലെ പഴയ വസ്ത്രങ്ങള്‍ ശേഖരിക്കാനെത്തിയതായിരുന്നു പൊന്നാനിയില്‍. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ ഇവരെ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ വന്നയാളാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെ നിരപരാധിയായ യുവതിയെ ജനം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതായി സോഷ്യല്‍ മീഡിയ വഴി പ്രചരണം നടന്നിരുന്നു. ഇതിലെ പ്രതികളെയും വാഹനത്തെയും പിടികൂടി എന്ന രീതിയിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത്.
ബുധനാഴ്ച പൊന്നാനിക്കടുത്ത് നിന്ന് ഒരു കുട്ടിയെ കാണാതാവുകയും ചെയ്തിരുന്നു. ഈ കുട്ടിയെ പിറ്റേ ദിവസം എടപ്പാള്‍ പളളിയില്‍ നിന്ന് കണ്ടെത്തുകയുണ്ടായി. ദര്‍സ് പഠനം താല്‍പര്യമില്ലാത്തതിനാല്‍ കുട്ടി ഒളിവില്‍ കഴിഞ്ഞതായിരുന്നു ഇത്. ജനക്കൂട്ടം കാര്യമറിയാതെ യുവതിയെ മര്‍ദ്ദിച്ച് പൊന്നാനി സ്‌റ്റേഷനിലെത്തിച്ചു. നിരപരാധിയാണെന്ന് സ്ത്രീ കരഞ്ഞ് പറഞ്ഞിട്ടും നാട്ടുകാര്‍ വിശ്വസിച്ചിരുന്നില്ല. പോലീസ് അന്വേഷണത്തില്‍ യുവതി പറയുന്നത് ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ യുവതിയെ വിട്ടയക്കുകയായിരുന്നു.
ഇതിനിടെ യുവതിയെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച യുവതിയെ പിടികൂടി എന്നതരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
യുവതിക്കെതിരെ കടുത്ത മനുഷ്യവകാശ ലംഘനമാണ് പൊന്നാനിയില്‍ നടന്നത്. യുവതിയെ മര്‍ദ്ധിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊന്നാനി പോലിസ് തയ്യാറായിട്ടില്ല. മര്‍ദ്ദിച്ചവര്‍ക്കെതിരെ യുവതി രേഖാമൂലം പരാതി നല്‍കാത്തതാണ് കേസെടുക്കാതിരിക്കാന്‍ കാരണം.
https://www.facebook.com/Malayalivartha


























