നോട്ട് ക്ഷാമം മൂലം ജനം വട്ടം കറങ്ങുന്നു, ഇറച്ചിക്കോഴിവില താഴോട്ട്; എങ്ങും അസ്വസ്ഥത മാത്രം

കറന്‍സി പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പണക്ഷാമം മൂലം ഹോട്ടലുകളും റസ്റ്റോറന്റുകളും നട്ടംതിരിയുന്നു. വലിയ നഷ്ടമാണ് ഉടമകള്‍ നേരിടുന്നത്. അന്പതു ശതമാനത്തോളം കച്ചവടം കുറഞ്ഞു. കറന്‍സികള്‍ പിന്‍വലിച്ച ആദ്യ ദിവസങ്ങളില്‍ വളരെയധികം ഹോട്ടലുകള്‍ അടച്ചിടേണ്ടിവന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ട്. ഒരാഴ്ചകൊണ്ട് പ്രതിസന്ധി പൂര്‍ണമായും മറികടക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് കേരള ഹോട്ടല്‍സ് ആന്‍ഡ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയപാല്‍ പറഞ്ഞു.
ഒരാള്‍ ഹോട്ടലില്‍ നിന്നു ശരാശരി 100 രൂപയ്ക്കടുത്ത് ഭക്ഷണം കഴിക്കാറുണ്ട്. ബിസിനസ് നിലച്ചപ്പോഴുണ്ടായ നഷ്ടം വളരെ വലുതാണ്.
ഭക്ഷണസാധനങ്ങള്‍ വാങ്ങാനും ഇപ്പോള്‍ സാധിക്കുന്നില്ല. പച്ചക്കറിക്കും മറ്റും ചെക്ക് കൊടുത്താല്‍ ആരും വാങ്ങുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ ഹോട്ടലുകള്‍ പൂട്ടേണ്ടിവരുമെന്ന് ഉടമകള്‍ പറയുന്നു. പണമില്ലെങ്കിലും മാനുഷിക പരിഗണനയുടെ പേരില്‍ ഭക്ഷണം ചോദിച്ചു വരുന്നവര്‍ക്കു കൊടുക്കാറുണ്ട്. 20 ശതമാനം ആളുകള്‍ക്ക് ഭക്ഷണം വെറുതേ കൊടുക്കേണ്ടി വരുന്നു. ചില്ലറ എവിടെ നിന്നു കൊടുക്കാനാണെന്ന് ഇവര്‍ ചോദിക്കുന്നു. ഭക്ഷണത്തിന്റെ കാര്യമായതിനാല്‍ നഷ്ടം സഹിച്ചും പരമാവധി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ജയപാല്‍ പറഞ്ഞു. ചെറിയ നോട്ടിന്റെ ലഭ്യത അടിയന്തരമായി ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നോട്ട് നിരോധനവും ചില്ലറക്ഷാമവും കോഴിക്കര്‍ഷകര്‍ക്കും തിരിച്ചടിയായി. കറന്‍സികള്‍ നിരോധിക്കുന്‌പോള്‍ കോഴിക്കു കിലോയ്ക്ക് ശരാശരി 115 രൂപയായിരുന്നു. എന്നാല്‍, പിന്നീടു വില കുത്തനെ ഇടിഞ്ഞു. ചാലക്കുടിയില്‍ ഇന്നലെ കിലോയ്ക്ക് 63 രൂപയായിരുന്നു വില. കനത്ത നഷ്ടമാണു ചില്ലറവില്‍പ്പനക്കാര്‍ നേരിടുന്നത്. ഒരു കോഴിയുടെ ഉല്‍പ്പാദനച്ചെലവ് 85 രൂപയാണ്. നോട്ടുക്ഷാമത്തിന്റെ പേരില്‍ കോഴിയുടെ വില ഇടിയുന്നതിനാല്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. ബാങ്കുകളില്‍നിന്നും മറ്റും വായ്പയെടുത്താണു കോഴിക്കൃഷി നടത്തുന്നത്. വായ്പയെടുത്ത പണം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ ഇവര്‍ വലയുകയാണ്.
ബാങ്കുകളില്‍ തിരക്കേറിയതിനാല്‍ പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ബാങ്കില്‍ പോലീസുകാരന് പുറമേ ഹോം ഗാര്‍ഡിനേയും നിയമിച്ചിട്ടുണ്ടെങ്കിലും ജനത്തിരക്ക് നിയന്ത്രിക്കാന്‍ പലപ്പോഴും ഇവര്‍ പാടുപെടുകയാണ്. ഇതിനിടയില്‍ ഉണ്ടാകുന്ന സംഘര്ഷങ്ങള്‍ സുരക്ഷയിലും ആശങ്കയുണ്ടാക്കുന്നു.
നോട്ടുകള്‍ അസാധുവാക്കിയതറിഞ്ഞ് ജനം നെട്ടോട്ടമോടുന്ന കാഴ്ച സര്‍വസാധാരണമായിട്ടും അധികൃതര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.
https://www.facebook.com/Malayalivartha


























