ഏഴു വര്‍ഷത്തോളം റേഷന്‍കാര്‍ഡിനായി നടന്നു; ഒടുവില്‍ യുവതി കളക്‌ട്രേറ്റില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

റേഷന്‍കാര്‍ഡിനായി ഓഫീസുകള്‍ കയറിയിറങ്ങി മടുത്തതിനെ തുടര്‍ന്ന് യുവതി കളക്‌ട്രേറ്റില്‍ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നടന്ന സംഭവത്തില്‍ മീന എന്ന യുവതിയാണ് ഞരമ്പു മുറിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മകനും മകളുമായി കോയമ്പത്തൂരിലെ തടാഗം എന്ന പ്രദേശത്ത് തനിച്ച് കഴിയുന്ന ഇവര്‍ ഏഴു വര്‍ഷത്തോളമായി റേഷന്‍കാര്‍ഡിനായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കുകയായിരുന്നു. എന്നാല്‍ അഴിമതിയില്‍ കുരുങ്ങി പല തവണ ഇവരുടെ അപേക്ഷ മുങ്ങിപ്പോകുകയായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് റേഷനരി കൊണ്ട് മക്കളെ പോറ്റാന്‍ വേണ്ടി ഏഴു വര്‍ഷമായി ഇവര്‍ റേഷന്‍കാര്‍ഡ് ഉണ്ടാക്കാനായി കളക്‌ട്രേറ്റില്‍ കയറി ഇറങ്ങുകയായിരുന്നു. കളക്‌ട്രേറ്റിലും താലൂക്കാഫീസിലുമായി പല തവണ അപേക്ഷ കൊടുത്തിട്ടും ഒട്ടേറെ തുക പലര്‍ക്കും കൈക്കൂലി കൊടുത്തിട്ടും ഒന്നും ശരിയായില്ല. ദാരിദ്ര്യത്തിനൊപ്പം മകള്‍ മൗനികയ്ക്ക് ഹൃദയ സംബന്ധമായി അസുഖം കൂടി പിടിപെട്ടതോടെ കൂടുതല്‍ ദുരിതമായി മാറി കാര്യം. മകളുടെ ചികിത്സയ്ക്കായി കൂടി പണം വേണ്ടി വന്നതോടെ ധന സഹായത്തിനായുള്ള ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനും അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു ഇവര്‍.
രണ്ടു സര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ ഓഫീസര്‍മാരുടെ അവഗണനയെ തുടര്‍ന്ന് കിട്ടാതായതോടെ മീന വിഷാദത്തിലാകുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലാണ് തന്നെ പതിവായി നടത്തിക്കുന്ന ഓഫീസര്‍ക്ക് മുന്നില്‍ ഇടതുകൈയ്യിലെ ഞരമ്പു മുറിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ വിവരം പെട്ടെന്ന് തന്നെ പോലീസിനെ അറിയിക്കുകയും കൂടുതല്‍ മുറിവേല്‍ക്കുന്നതിന് മുമ്പായി പോലീസ് തടയുകയും ചെയ്തു.
ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്. എത്ര ഓടിയെന്നും എന്തുമാത്രം പണം കൊടുത്തെന്നും എന്നിട്ടും ജീവിതത്തില്‍ ഒന്നും ബാക്കിയില്ലെന്നും കുട്ടികളെ ഹോസ്റ്റലില്‍ ആക്കി തന്നെ മരിക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ പോലീസുകാരോട് പറഞ്ഞു. പ്രാഥമിക ചികിത്സ നല്‍കിയ പോലീസ് തന്നെ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്കും വിവരം നല്‍കി.
https://www.facebook.com/Malayalivartha


























