വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍മിച്ച് പണം തട്ടുന്ന സംഘം പിടിയില്‍

അമേരിക്കന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍മിച്ച് പണം തട്ടുന്ന ഗൂഢസംഘത്തിലെ സൂത്രധാരനടക്കം ഏഴു പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള സ്വദേശി നൗഷാദ്, മുംബൈയിലെ സൈഫലി, കണ്ണൂര്‍, ചെറുകുന്ന് താവം കൊട്ടില വളപ്പില്‍ കെ.വി. ബഷീര്‍ (31), അബ്ദുല്‍ റഹ്മാന്‍ എന്ന റഹീം (30), ഉപ്പള ഹിദായത്ത് നഗര്‍ ചെട്ടുംകുഴിയിലെ മുഹമ്മദ് നജീബ് (24), മുളിയാര്‍ മൂലടുക്കത്തെ എ.എം ഹൗസിലെ എ.എം മുഹമ്മദ് റിയാസ് എന്ന റിയാസ് (22), അബ്ദുല്‍ മഖ്‌റൂഫ് ബാസിത്ത് അലി എന്ന ബി.പി അലി (20) എന്നിവരെയാണ് ടൗണ്‍ സി.എ സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
നൗഷാദ്, സൈഫലി എന്നിവരാണ് തട്ടിപ്പിന്റെ സൂത്രധാരന്മാര്‍. അമേരിക്കയിലെ രഹസ്യകേന്ദ്രത്തില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അക്കൗണ്ട് നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍ എന്നിവ സ്വയ്പ് മെഷീന്‍ ഉപയോഗിച്ചു വ്യാജ ക്രെഡിറ്റ് കാര്‍ഡുകളില്‍ രേഖപ്പെടുത്തി ജ്വല്ലറി ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങളില്‍ നിന്നു വിലകൂടിയ സാധങ്ങള്‍ വാങ്ങിയാണ് തട്ടിപ്പു നടത്തുന്നത്. സംഘത്തില്‍ നിന്നു 67 ക്രെഡിറ്റ് കാര്‍ഡുകള്‍, ഏഴു മൊബൈല്‍ഫോണുകള്‍, ടാബ്, ലാപ്‌ടോപ്, സ്വയ്പ് മെഷീന്‍ എന്നിവയും രണ്ടു കാറുകളും ഒരു ബൈക്കും പിടിച്ചെടുത്തു.
അമേരിക്കയിലെ രഹസ്യകേന്ദ്രത്തിലിരുന്നു തദ്ദേശീയരായ വന്‍കിടക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുസംഘത്തിന് ഓണ്‍ലൈന്‍ വഴി ചോര്‍ത്തി നല്‍കുന്നത് ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘം കണ്ണൂരില്‍ നിന്നു കാസര്‍കോട്ടേക്ക് എത്തിയതായി ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസിന് ലഭിച്ച രഹസ്യത്തെ വിവരത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഒരു പ്രമുഖ ജ്വല്ലറിയില്‍ നിന്നു വ്യാജ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണ്ണം തട്ടാനുള്ള ശ്രമത്തിനിടയിലാണ് സംഘം പിടിയിലായത്. സംഘത്തിലെ അഞ്ചു പേര്‍ അന്ന് തന്നെ പിടിയിലായിരുന്നു. സൂത്രധാരന്മാരായ നിഷാദും സൈഫലിയും സ്ഥലത്തു നിന്നു രക്ഷപ്പെട്ടുവെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. ബംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്താത്ത വ്യാജ ക്രെഡിറ്റ് കാര്‍ഡുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.അജിത്ത്കുമാര്‍, എസ്‌ഐ പി.രത്‌നാകരന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഓസ്റ്റിന്‍ തമ്പി, ദിലീഷ്, വിനോദ്, ഷിജിത്ത്, തോമസ്, രാജേഷ്, വിജയന്‍, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പുകാരെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























