വീട്ടമ്മമാര്‍ ശ്രദ്ധിക്കുക, ബാങ്ക് അക്കൗണ്ടില്‍ മറ്റുള്ളവരുടെ പണം നിക്ഷേപിക്കാന്‍ അനുവദിച്ചാല്‍ കുടുങ്ങും

സ്വന്തം അക്കൗണ്ടിലേക്ക് മറ്റുള്ളവരുടെ പണം നിക്ഷേപിക്കാന്‍ അനുവദിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്യരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. ജന്‍ധന്‍ അക്കൗണ്ടും ഉദ്യോഗസ്ഥയല്ലാത്ത വീട്ടമ്മമാര്‍, കൈത്തൊഴിലുകാര്‍ എന്നിങ്ങനെ വളരെ കുറച്ചുമാത്രം ബാങ്കിടപാട് നടത്തുന്നവരുടെ അക്കൗണ്ടും കള്ളപ്പണം ഒളിപ്പിക്കാനുള്ള ഇടങ്ങളാക്കി മാറ്റിയാല്‍ അക്കൗണ്ട് ഉടമ ആദായനികുതി വകുപ്പിന്റെ വലയില്‍ കുടുങ്ങുമെന്ന് ധനമന്ത്രാലയം താക്കീതുനല്‍കി.
സ്വന്തം പണം മറ്റുള്ളവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിച്ചാല്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതായി വിവരമുണ്ടെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. അസാധു നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ നല്‍കിയ സാവകാശം ഇത്തരത്തില്‍ ദുരുപയോഗിക്കുന്നുണ്ട്.
കള്ളപ്പണ വേട്ടക്ക് സര്‍ക്കാര്‍ തുടങ്ങിവെച്ചിരിക്കുന്ന നടപടികള്‍ ജനങ്ങളുടെ സഹകരണമില്ലെങ്കില്‍ പരാജയപ്പെടും. അതുകൊണ്ട് ഇത്തരം പ്രലോഭനങ്ങള്‍ക്ക് വഴങ്ങരുത്. കണ്ടുപിടിക്കപ്പെട്ടാല്‍ ആദായനികുതി നിയമപ്രകാരം കുറ്റവിചാരണ നേരിടേണ്ടിവരും. കള്ളപ്പണം മാനവികതക്കെതിരായ കുറ്റമാണെന്നും ധനമന്ത്രാലയം ഓര്‍മിപ്പിച്ചു.
രണ്ടര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി വകുപ്പിന്റെ നിരീക്ഷണം ഉണ്ടാവില്ലെന്ന് നേരത്തേ സര്‍ക്കാര്‍ പറഞ്ഞിരുന്നു. ജന്‍ധന്‍ അക്കൗണ്ടിലാണെങ്കില്‍ അര ലക്ഷം വരെ അക്കൗണ്ട് ഉടമക്ക് നിക്ഷേപിക്കാം. എന്നാല്‍, ഈ അവസരം ദുരുപയോഗിക്കപ്പെടുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) നിര്‍ബന്ധമാക്കി. സഹകരണ ബാങ്കിലടക്കം അക്കൗണ്ടുകള്‍ക്ക് പാന്‍ വേണം. 50,000 രൂപ ഒറ്റത്തവണയായി സ്ഥിരനിക്ഷേപം നടത്തിയാല്‍ പാന്‍ കാണിക്കണം. രണ്ടര ലക്ഷമോ അതിന് മുകളിലോ പല ഘട്ടങ്ങളായി നിക്ഷേപിച്ചാലും പാന്‍ വേണം.
സ്വര്‍ണവും വജ്രവുമൊക്കെ സൂക്ഷിക്കുന്ന ബാങ്ക് ലോക്കറുകള്‍ മുദ്രവെക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ലോക്കറുകളിലെ സ്വര്‍ണവും മറ്റും കണ്ടുകെട്ടാനും നീക്കമില്ല.
https://www.facebook.com/Malayalivartha


























