കേരളത്തിന് അടുത്തെങ്ങും എയിംസ് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കേരളത്തിന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അടുത്തെങ്ങും അനുവദിക്കുന്ന കാര്യം പരിഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് കേരളത്തിന് ഇത്തവണ എയിംസ് ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. കേരളത്തിന്റെ ആവശ്യം പിന്നീടു പരിഗണിക്കുമെന്നും കത്തിലുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ ആരോഗ്യമന്ത്രി തയാറായിട്ടില്ല. അതേസമയം, കേരളം മാറിമാറി ഭരിക്കുന്ന മുന്നണികള്‍ രാഷ്ട്രീയം കളിക്കാന്‍ പോയതുകൊണ്ടാണ് എയിംസ് നഷ്ടമായതെന്നു ബിജെപി പ്രതികരിച്ചു. കേരളത്തില്‍ അഞ്ചു വര്‍ഷത്തിനകം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഹര്‍ഷ വര്‍ധന്‍ 2014 ജൂലൈയില്‍ ലോക്‌സഭയില്‍ കെ.സി.
വേണുഗോപാലിനെ അറിയിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ 200 ഏക്കറോളം സ്ഥലം കണ്ടെത്തി അറിയിക്കുന്ന മുറയ്ക്ക് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നായിരുന്നു വാഗ്ദാനം. കാലതാമസം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റവന്യൂ ഭൂമി കണ്ടെത്താനായിരുന്നു നിര്‍ദേശം. വെള്ളം, വൈദ്യുതി, റോഡ് സൗകര്യങ്ങളുള്ള 200 ഏക്കര്‍ ഭൂമിയായിരുന്നു ആവശ്യം. ഇതനുസരിച്ച് സംസ്ഥാനത്ത് നാലിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയിരുന്നു. കോഴിക്കോട് കിനാലൂരില്‍ കെഎസ്ഐഡിസിയുടെ പക്കലുള്ള സ്ഥലം, തിരുവനന്തപുരം നെയ്യാറ്റിന്‍കര നെട്ടുകാല്‍ത്തേരിയില്‍ തുറന്ന ജയിലിനോടനുബന്ധിച്ചുള്ള സ്ഥലം, കോട്ടയം ഗവ. മെഡിക്കല്‍ കോളജിന്റെ അധീനതയിലുള്ള സ്ഥലം, എറണാകുളത്ത് എച്ച്എംടിയുടെ അധീനതയിലുള്ള സ്ഥലം എന്നിവ കണ്ടെത്തി കേന്ദ്ര സര്‍ക്കാരിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ്, ഉടനൊന്നും സംസ്ഥാനത്തിന് എയിംസ് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha