പുതുവര്‍ഷം അടിച്ചുപൊളിക്കുന്നവരുടെ ശ്രദ്ധക്ക്!!

മദ്യപിച്ച് വാഹനവുമായി നിരത്തിലിറങ്ങിയാല്‍ പോലീസ് പൊക്കും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വാഹന പരിശോധന കര്‍ശനമാക്കാനാണ് ഡിജിപിയുടെ ഉത്തരവ്. വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ഇന്നും നാളെയും രാത്രി മുതല്‍ പുലര്‍ച്ചെ വരെ റോഡുകളില്‍ കര്‍ശന പരിശോധന നടത്തും. കൂടാതെ നാടെങ്ങുമുള്ള പ്രധാന റോഡുകളിലും ബ്രീത്ത് അനലൈസര്‍ പരിശോധന നടത്താനും മദ്യപിച്ചവരെ സ്‌റ്റേഷനുകളിലെത്തിച്ച് കേസെടുക്കാനും ഉത്തരവുണ്ട്. ഈ രണ്ട് ദിവസങ്ങളില്‍ പകല്‍സയമത്തും മദ്യപരിശോധനയുണ്ടാവും. രാത്രി നിശ്ചിത സമയത്തിന് ശേഷവും ബിയര്‍, വൈന്‍ പാര്‍ലറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
കൂടാതെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് പുറത്തുപ്രത്യേക കൗണ്ടറുകള്‍ പാടില്ല. പാര്‍ലറുകളില്‍ പുറത്തുനിന്ന് മദ്യം കൊണ്ട് വരാനോ വില്‍ക്കാനോ പാടില്ല. കഞ്ചാവ്, ലഹരിമരുന്ന് എന്നിവ ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തും. അമിത വേഗം ഉള്‍പ്പെടെ ട്രാഫിക് ലംഘനത്തില്‍ നടപടി സ്വീകരിക്കും. പടക്കം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമായി ലൈസന്‍സുണ്ടാവണം. അനധികൃതമായി പടക്കം വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നടപടികളുണ്ടാവും.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍, ബിയര്‍, വൈന്‍, പാര്‍ലറുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവ സുരക്ഷാ മുന്‍കരുതല്‍ നടപടികളും പോലീസിന്റെ നിര്‍ദേശങ്ങളും പാലിക്കണം. ആഘോഷങ്ങളുടെ ഭാഗമായി മദ്യം വിളമ്പുന്നതിന് അസി. എക്‌സൈസ് കമ്മീഷണറുടെ മുന്‍കൂട്ടി അനുമതി വേണം. അനുമതിയില്ലാതെ മദ്യം വിതരണം ചെയ്യുകയോ മദ്യപാനത്തിന് സൗകര്യമൊരുക്കുകയോ ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അബ്കാരി നിയമപ്രകാരം നിയമനടപടി വരും.
ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നിന് ബന്ധപ്പെട്ട ഡിവൈഎസ്പിമാരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങുകയും വ്യവസ്ഥകള്‍ പാലിക്കേണ്ടതുമാണ്. രാത്രി പത്തിന് ശേഷം ഉച്ചഭാഷണി പാടില്ല. ഡിജെപാര്‍ട്ടികള്‍ നടത്തുന്നതിനും ഡിവൈഎസ് പിമാരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങുകയും പാര്‍ട്ടി നടത്തുന്ന മുഴുവന്‍ ടീം അംഗങ്ങളുടേയും പേരും വിലാസവും ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ട് സമര്‍പ്പിക്കണം.
മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നവരെ പാര്‍ട്ടിയില്‍ പങ്കെടുപ്പിക്കരുത്. അപരിചിതരായ ആരേയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. പങ്കെടുത്തവരുടെ മുഴുവന്‍ വിവരങ്ങളും സംഘാടകര്‍ സൂക്ഷിക്കണം. പുതുവത്സരാഘോഷ പരിപാടികള്‍ മുഴുവനായും നൈറ്റ് വിഷന്‍ ക്യാമറകള്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യണം.
https://www.facebook.com/Malayalivartha