ഒരുവര്‍ഷം മുമ്പു കൈ നഷ്ടപ്പെട്ട അതേ പാലത്തില്‍ വച്ച് പുതുവത്സര ദിനത്തില്‍ കിരണിന്റെ ജീവനും പൊലിഞ്ഞു; രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ അപകടത്തില്‍പ്പെട്ടു മരിച്ചു

കടമക്കുടിയുടെ പ്രകൃതിഭംഗി ആസ്വദിച്ച് പുതുവത്സര ആഘോഷത്തിനായി എത്തിയ ഏഴംഗസംഘത്തിലെ നാലുപേര്‍ മടങ്ങിയത് മരണത്തിലേക്ക്. കളമശേരി കുസാറ്റിലെ അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എത്തിയ ഏഴംഗസംഘത്തിലെ അഞ്ചുപേര്‍ കാറിലും രണ്ടു വിദ്യാര്‍ഥികള്‍ ബൈക്കിലുമായിരുന്നു .
കടമക്കുടിയില്‍ ഏറെ നേരം ചെലവഴിച്ച ശേഷം മടങ്ങുമ്പോഴാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വരാപ്പുഴ പാലത്തില്‍ വച്ചു അവരുടെ കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നത്. കാറുമായി ഇടിച്ചതിനു ശേഷം ബസ് അതിനു പിന്നാലെ വന്ന മറ്റൊരു ബൈക്കിലും ഇടിക്കുകയായിരുന്നു. അക്ഷയ്, ജിജിഷ എന്നീ വിദ്യാര്‍ത്ഥികള്‍ക്കും ബൈക്ക് യാത്രികരായ കിരണ്‍, ഹരീന്ദ്ര ശങ്കര്‍, എന്നിവര്‍ക്കുമാണ് ജീവാപായം ഉണ്ടായത്.
കാറില്‍ ഒരു ആണ്‍കുട്ടിയും നാലു പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ബൈക്കില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആ കാറിനെ പിന്തുടര്‍ന്നു. കാര്‍ ഓടിച്ചത് അക്ഷയ് ആണ്. കാറില്‍ മുന്‍സീറ്റിലായിരുന്നു ജിജിഷ യാത്ര ചെയ്തിരുന്നത്. പിന്നിലെ സീറ്റില്‍ കുടിയ, ആതിര, അതുല്യ എന്നിവരുണ്ടായിരുന്നു. ഇതില്‍ കുടിയയുടെയും നില ഗുരുതരമാണ്. കടമക്കുടി സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സംഘത്തിലുണ്ടായിരുന്നവരില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥികളും താഴെ ചീനവലയിടുകയായിരുന്ന വരാപ്പുഴ സ്വദേശികളുമാണ് വിവരം പോലീസിനെ അറിയിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു.
കഴിഞ്ഞ ഒക്‌ടോബറില്‍ വരാപ്പുഴ പാലത്തിലുണ്ടായ അപകടത്തില്‍ കിരണിന്റെ ഇടതുകൈ നഷ്ടപ്പെട്ടിരുന്നു. ഇതു വച്ചുപിടിപ്പിച്ചുസുഖം പ്രാപിച്ചു വരുമ്പോഴാണ് ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ചത്. കിരണ്‍ ബാബുവിന് ഒരുവര്‍ഷം മുമ്പു കൈ നഷ്ടപ്പെട്ട അതേ സ്ഥലത്താണ് ഇത്തവണ ജീവന്‍ പൊലിഞ്ഞത്.
ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരായ കിരണ്‍, ഹരീന്ദ്ര ശങ്കര്‍ എന്നിവര്‍ കണ്ണൂരിലെ ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം ചെറിയപ്പിള്ളി കണ്ടകര്‍ണന്‍ വെളി സ്വദേശി ഹരീന്ദ്ര ശങ്കറിന്റെ വീട്ടില്‍ എത്തി. തുടര്‍ന്ന് കിരണിനെ കാക്കനാട്ടെ വീട്ടില്‍ കൊണ്ടുപോയി വിടാനായി പോകുമ്പോഴായിരുന്നു അപകടം.
എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണം സഹപാഠികളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. വിദ്യാര്‍ഥികളുടെ മരണവാര്‍ത്ത അറിഞ്ഞ് നിരവധി സഹപാഠികളും അധ്യാപകരും രാവിലെ തന്നെ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ മോര്‍ച്ചറി ഭാഗത്ത് വിറങ്ങലിച്ചു നിന്നു. സഹപാഠികളുടെ ചേതനയറ്റ മൃതദേഹം കണ്ടു പലരും വിങ്ങിപ്പൊട്ടി. ചിലര്‍ പരുക്കേറ്റവരെ പരിചരിക്കാനും പോയി.
അപകടം നേരില്‍കണ്ട ബൈക്ക് യാത്രികരായ വിദ്യാര്‍ഥികളുടെ മൊഴിയെടുക്കാന്‍ പോലീസ് വിളിക്കുമ്പോഴെല്ലാം അവര്‍ തളര്‍ന്നു മയങ്ങുകയായിരുന്നു. അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി അക്ഷയ്, ശശിയുടെ മൂത്ത മകനാണ്. കൂടെയുണ്ടായിരുന്ന നിലമ്പൂര്‍ സ്വദേശിനി ജിജിഷ ജാഫര്‍, ഉള്ളാട്ടില്‍ ജാഫറിന്റെ രണ്ടാമത്തെ മകളാണ്.
കുസാറ്റിലെ പ്രിന്‍സിപ്പല്‍ രാധാകൃഷ്ണ പണിക്കരുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന വന്‍ ജനാവലി തന്നെ ആശുപത്രി പരിസരത്തെത്തിയിരുന്നു. നാട്ടുകാരും ദുഃഖത്തോടെ ആശുപത്രിയിലെത്തിയിരുന്നു. ചേതനയറ്റ മക്കളുടെ മൃതദേഹം കണ്ടു മാതാപിതാക്കള്‍ അലറിക്കരഞ്ഞു. കണ്ടുനിന്നവരുടെ കണ്ണുകളെ ഇത് ഈറനണിയിച്ചു. ദു:ഖം താങ്ങാനാകാതെ പലരും അവിടെനിന്നു മാറിനിന്നു. വരാപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹം വിദ്യാര്‍ഥികളുടെ നാട്ടിലേക്കു കൊണ്ടുപോയി.
https://www.facebook.com/Malayalivartha